'പരാജയങ്ങളുണ്ടായിട്ടും സിനിമകളുടെ എണ്ണം കൂടിയിട്ടേയുള്ളൂ, അതിന്റെ കാരണങ്ങളെ പറ്റി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല'
Film News
'പരാജയങ്ങളുണ്ടായിട്ടും സിനിമകളുടെ എണ്ണം കൂടിയിട്ടേയുള്ളൂ, അതിന്റെ കാരണങ്ങളെ പറ്റി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th September 2023, 3:39 pm

കുഞ്ഞിരാമായണത്തിലും അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിലും അഭിനയിച്ചത് വലിയ സ്റ്റാറാവാമെന്ന് വിചാരിച്ചല്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍. സൗഹൃദത്തിന്റെ പേരിലാണ് ഈ ചിത്രങ്ങള്‍ ചെയ്തതെന്നും അഭിനയത്തോട് പാഷനോ കരിയര്‍ പ്ലാനോ ഉള്ള ആളല്ല താനെന്നും ധ്യാന്‍ പറഞ്ഞു. ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയെന്നാല്‍ എനിക്ക് സൗഹൃദങ്ങളാണ്. സുഹൃത്തായ ഒരാള്‍ കഥ പറയുമ്പോള്‍ തന്നെ ഞാന്‍ പറയും, ഇത് ഓടൂല്ല, പക്ഷേ നിനക്ക് വേണ്ടി പടം ചെയ്യാമെന്ന്. ഭഗത്ത് സംവിധാനം ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്ന സിനിമയുടെ കഥ കേട്ടു. തല്ലിപ്പൊളിയാണ്, ഒരിക്കലും ചെയ്യരുതെന്നും പറഞ്ഞു. പക്ഷേ ഭഗത്ത് വിളിക്കുകയാണെങ്കില്‍ ഞാന്‍ പോയി അഭിനയിക്കും.

ഓടുന്ന സിനിമയാണല്ലോ, എന്നാല്‍ പിന്നെ ഇതില്‍ അഭിനയിച്ച് സ്റ്റാറായേക്കാം എന്ന് വിചാരിച്ച് ചെയ്ത സിനിമകളല്ല അടി കപ്യാരേ കൂട്ടമണിയും കുഞ്ഞിരാമായണവും, സൗഹൃദത്തിന്റെ പേരില്‍ അഭിനയിച്ചതാണ്.

അഭിനയത്തോട് എനിക്ക് വലിയ പാഷനോ കരിയര്‍ പ്ലാനോ ഇല്ല. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വളരെയധികം സിനിമകള്‍ എന്റെയടുത്തേക്ക് വരുന്നു. അതെന്തുകൊണ്ടാമെന്ന് എനിക്ക് ഇപ്പോഴും മനസിലാവുന്നില്ല. കാരണങ്ങളുണ്ട്, അത് ഞാന്‍ പറയുന്നില്ല. അതിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല,’ ധ്യാന്‍ പറഞ്ഞു.

പരാജയങ്ങള്‍ നേരിട്ടിട്ടും തന്റെ സിനിമകളുടെ എണ്ണം കൂടിയിട്ടേ ഉള്ളൂവെന്നും ധ്യാന്‍ പറഞ്ഞു. ‘സിനിമ പരാജയപ്പെട്ടിട്ടും ഞാന്‍ എന്തുകൊണ്ട് ഇത്രയും സിനിമകള്‍ ചെയ്തുവെന്നല്ല, എന്തുകൊണ്ട് എനിക്ക് ഇത്രയും സിനിമകള്‍ വരുന്നു എന്നാണ് ചോദിക്കേണ്ടത്. കാരണം ഞാന്‍ ആരുടെ അടുത്തും പോയിട്ട് എനിക്ക് സിനിമ താ എന്ന് പറയാറില്ല.

എന്റെ സിനിമകള്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് വീണ്ടും സിനിമകള്‍ തരുന്നത്? ഒരു പ്രൊഡ്യൂസര്‍ അല്ലെങ്കില്‍ ഡയറക്ടര്‍ കഥ കേട്ട് അവര്‍ തീരുമാനിച്ച് ഉറപ്പിച്ച നടന്റെ അടുത്തേക്കാണ് വരുന്നത്. പരാജയപ്പെട്ട സിനിമകള്‍ ചെയ്ത നടന്റെ അടുത്തേക്ക് എന്തിനാണ് സിനിമ കൊണ്ടുവരുന്നത് ? എന്തുകൊണ്ടാണെന്ന് എനിക്കും അറിയില്ല.

എനിക്ക് വരുന്ന സിനിമകള്‍ കൃത്യമായി ഞാന്‍ തീര്‍ക്കും. എനിക്ക് ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നല്ല. ഞാന്‍ അതിനെ ജോലിയായിട്ട് മാത്രമെ കണക്കാക്കുന്നുള്ളൂ. വരുന്ന സ്‌ക്രിപ്റ്റുകള്‍ മോശമാണെന്ന് ഞാന്‍ കൃത്യമായിട്ട് പറഞ്ഞിട്ടുണ്ട്. പരാജയങ്ങള്‍ നേരിട്ടിട്ടും എന്റെ സിനിമകളുടെ എണ്ണം കൂടിയിട്ടേ ഉള്ളൂ.

ഇതൊരു കലയല്ലേ അതിനെ കൊല്ലാന്‍ പാടുണ്ടോ എന്നൊക്കെ പലരും പറയും. പക്ഷേ എനിക്ക് സിനിമ കലയും കൊലയും ഒന്നുമല്ല. ജോലി മാത്രമാണ്. എനിക്ക് വരുന്ന ജോലി ഞാന്‍ കൃത്യമായി ചെയ്യും. അത്രേയുള്ളൂ,’ ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Dhyan Sreenivasan said that he is not a person who has any passion or career plan for acting