ആഭ്യന്തര മത്സരങ്ങളില്‍ പ്രതിഭ വ്യക്തമാക്കി, ഐ.പി.എല്ലിലൂടെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവനായി ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ താരമാണ് ധ്രുവ് ജുറെല്‍. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ വിക്കറ്റിന് പിന്നില്‍ റിഷബ് പന്തിന്റെ അഭാവം അറിയിക്കാതെ നോക്കിയാണ് ജുറെല്‍ തന്റെ ഫാന്‍ ബേസ് വളര്‍ത്തിയെടുത്തത്.
ബെസ്റ്റ് ഫോര്‍മാറ്റ് എന്നറിയപ്പെടുന്ന ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഭാവിയെന്ന് ആദ്യ പരമ്പരയില്‍ തന്നെ ആരാധകരെ കൊണ്ട് പറയിപ്പിച്ച താരം കൂടിയാണ് ജുറെല്‍. വരാനിരിക്കുന്ന ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ രോഹിത്തിന്റെ സംഘത്തില്‍ ജുറെലും ഇടം നേടിയിട്ടുണ്ട്.
ഇപ്പോള്‍ രോഹിത് ശര്‍മയെ കുറിച്ച് സംസാരിക്കുകയാണ് ധ്രുവ് ജുറെല്‍. ഈ ലോകത്തില്‍ ഏറ്റവും മികച്ച പുള്‍ ഷോട്ട് രോഹിത്തിന്റേതാണെന്നാണ് ജുറെല്‍ അഭിപ്രായപ്പെടുന്നത്.
‘ലോകത്തിലെ ഏറ്റവും മികച്ച പുള്‍ ഷോട്ട് രോഹിത് ശര്‍മയുടേതാണ്. ഏപ്പോഴാണെങ്കിലും ഞാന്‍ അദ്ദേഹത്തിന്റെ പുള്‍ ഷോട്ട് തന്നെയായിരിക്കും മികച്ചതായി തെരഞ്ഞെടുക്കുക. അനായാസമായാണ് അദ്ദേഹം പുള്‍ ഷോട്ട് കളിക്കുന്നത്,’ ജതിന്‍ സുപ്രുവിന്റെ യൂട്യൂബ് ചാനലില്‍ ജുറെല്‍ പറഞ്ഞു.
കളിക്കളത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന ആറ്റിറ്റിയൂഡിനെ കുറിച്ചും ജുറെല്‍ മനസുതുറന്നു. ഇന്ത്യക്കായി കളിക്കുമ്പോള്‍ തങ്ങളുടെ നൂറ് ശതമാനവും പുറത്തെടുക്കണമെന്നാണ് രോഹിത് എപ്പോഴും പറയാറുള്ളതെന്ന് ജുറെല്‍ പറഞ്ഞു.
‘ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ തോല്‍ക്കാന്‍ പാടില്ലെന്ന മനോഭാവമാണ് അദ്ദേഹത്തിന്. ഗ്രൗണ്ടില്‍ നൂറ് ശതമാനവും നല്‍കാനാണ് അദ്ദേഹം ആവശ്യപ്പെടാറുള്ളത്. കാരണം എല്ലാവരും നിങ്ങളെ ശ്രദ്ധയോടെ നോക്കിക്കാണും. ഇവര്‍ക്കെല്ലാം ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ സാധിക്കില്ലല്ലോ,’ ജുറെല്‍ പറഞ്ഞു.
അതേസമയം, ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനമാണ് രോഹിത് ശര്‍മക്കും സംഘത്തിനും മുമ്പിലുള്ളത്. രണ്ട് മത്സരങ്ങളുടെ പരമ്പരക്കായാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ പര്യടനം നടത്തുന്നത്. സെപ്റ്റംബര്‍ 19നാണ് ആദ്യ മത്സരം. ചെപ്പോക്കാണ് വേദി.
ഇന്ത്യക്ക് ഈ വര്‍ഷം കളിക്കാനുള്ള മൂന്ന് ടെസ്റ്റ് പരമ്പരകളില്‍ ആദ്യത്തേതാണ് ബംഗ്ലാദേശിനെതിരെ നടക്കുന്ന പരമ്പര. ശേഷം ന്യൂസിലാന്‍ഡും ടെസ്റ്റ് അടക്കമുള്ള പരമ്പരകള്‍ക്കായി ഇന്ത്യയില്‍ പര്യടനം നടത്തും. നവംബര്‍ 22 മുതലാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ജനുവരി ആദ്യ വാരം വരെ നീളുന്നതാണ് ബി.ജി.ടി. അഞ്ച് മത്സരങ്ങളാണ് ഇത്തവണ പരമ്പരയിലുള്ളത്.
ഇതിനെല്ലാം മുമ്പ് പാകിസ്ഥാനെ തകര്‍ത്തെത്തിയ ബംഗ്ലാദേശിനെ ഇന്ത്യക്ക് നേരിടണം.