ന്യൂദല്‍ഹി: മുതിര്‍ന്നവര്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പണമായി വിതരണം ചെയ്യാനുള്ള ഒഡിഷ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.
60 വയസിന് മുകളിലുള്ള താമസക്കാര്‍, വിധവകള്‍, കുഷ്ഠ രോഗികള്‍, , അംഗവൈകല്യമുള്ളവര്‍, വൈകല്യം കാരണം ജോലി ചെയ്യാന്‍ സാധിക്കാത്തവര്‍ എന്നിവര്‍ക്കായുള്ള പെന്‍ഷന്‍ പദ്ധതിയാണിത്.
2019 നവംബറില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടുകള്‍ വഴി പണം നല്‍കുന്ന രീതി നിര്‍ത്തുകയാണെന്നും ഇനി മുതല്‍ പ്രാദേശിക പഞ്ചായത്തിരാജ് പ്രതിനിധികള്‍ വഴി പെന്‍ഷന്‍ പണമായി നല്‍കുമെന്നും തിങ്കളാഴ്ച ഒഡിഷ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതായി പ്രതികരണങ്ങള്‍ ലഭിച്ചതുകൊണ്ടാണ് തീരുമാനമെന്ന് സാമൂഹിക സുരക്ഷാ മന്ത്രി അശോക് പാണ്ഡെ പറഞ്ഞു.
എന്നാല്‍ അഴിമതി രഹിത ഭരണത്തിനും കാര്യക്ഷമമായ പൊതുസേവനത്തിനുമുള്ള കൂട്ടായ പരിശ്രമത്തില്‍ ഈ തീരുമാനം പിന്നോട്ടുള്ള ഒരു ചുവടുവയ്പാകുമെന്നും തീരുമാനം പുനരാലോചിക്കാനും മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന് അയച്ച കത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറയുന്നു.
‘അഴിമതി കൂടാതെ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണം എല്ലാ വ്യക്തികളിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ പരിശ്രമിച്ചു. ജന്‍ധന്‍ യോജന ഈ സമീപനത്തിന്റെ മികച്ച ഉദാഹരണമാണ്. ഇന്ത്യയിലുടനീളം, ഈ സ്‌കീമിന് കീഴില്‍ 48.99 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയും 1.97 ലക്ഷം കോടി രൂപയുടെ സമ്പാദ്യം നേടുകയും ചെയ്തു. ഒഡിഷയില്‍ തന്നെ 2.01 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. ഇത് നമ്മുടെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് 8,751 കോടി രൂപ ലാഭിക്കുന്നതിന് സഹായിച്ചു,’ പ്രധാന്‍ പറഞ്ഞു.
‘നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാമിന്റെ കീഴില്‍ 2.99 കോടി ആളുകള്‍ക്ക് പ്രത്യേകിച്ചും വയസായവര്‍ക്കും വിധവകള്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും ബാങ്ക് അക്കൗണ്ട് വഴി മാസവും പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഒഡിഷയിലെ 20,95,695 പേര്‍ക്ക് ഡി.ബി.ടി മെക്കാനിസം വഴി പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഗുണഭോക്താക്കളിലേക്ക് നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി പണമെത്തിക്കാന്‍ കഴിയുന്നതുവഴി അഴിമതി ഇല്ലാതാക്കാന്‍ കഴിയുന്നുവെന്നത് അഭിനന്ദാര്‍ഹമാണ്. ഡി.ബി.ടി ഉപയോഗിക്കുന്നത് മൂലം ഇടനിലക്കാര്‍ ഇല്ലാതെ പണം ഗുണഭോക്താക്കളില്‍ നേരിട്ട് എത്തുന്നു. ഇത് അഴിമതി ഇല്ലാതാക്കുന്നു,’ പ്രധാന്‍ പറഞ്ഞു.
Contenthighlight: Dharmendra pradhan asked to review the decision on pension payment in cash