Maharashtra Election
ഇ.വി.എം ക്രമക്കേട് തടയാന്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് ജാമര്‍ പ്രവര്‍ത്തിപ്പിക്കണം; ആവശ്യവുമായി എന്‍.സി.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 18, 05:12 pm
Friday, 18th October 2019, 10:42 pm

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബര്‍ 21 മുതല്‍ 24 വരെ സ്‌ട്രോങ് റൂമിലും വോട്ടെണ്ണല്‍ കേന്ദ്രത്തിലും മൊബൈല്‍ നെറ്റ് വര്‍ക്ക് ജാമര്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് എന്‍.സി.പി നേതാവ് ധനഞ്ജയ് മുണ്ഡെ. ഇത് സംബന്ധിച്ച് അദ്ദേഹം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കത്ത് നല്‍കി.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ.വി.എം ക്രമക്കേട് തടയാനാണ് ഇത്തരത്തിലുള്ള നീക്കമെന്ന് എന്‍.സി.പി നേതാവ് വ്യക്തമാക്കി.

പാര്‍ലി നിയോജകമണ്ഡലം റിട്ടേണിംഗ് ഓഫീസര്‍, ബീഡ് ജില്ലാ കളക്ടര്‍ എന്നിവര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ് ധനഞ്ജയ് മുണ്ഡെ. മഹാരാഷ്ട്രയിലെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് കൂടിയാണ് അദ്ദേഹം. അന്തരിച്ച ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ഡെയുടെ അനന്തരവനാണ് ധനഞ്ജയ് മുണ്ഡെ.

288 നിയമസഭാ സീറ്റിലേക്കുള്ള മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21 നാണ് നടക്കുന്നത്. ശിവസേന 124 സീറ്റിലും ബി.ജെ.പി 150 സീറ്റിലും മത്സരിക്കാനാണ് ധാരണ. 14 സീറ്റുകളില്‍ മറ്റ് സഖ്യകക്ഷികളും മത്സരിക്കും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ ശിവസേനയും ബി.ജെ.പിയും സഖ്യം അവസാനിപ്പിച്ചിരുന്നു. പിന്നീട് ഫലം വന്നതിന് വീണ്ടും ഒന്നിക്കുകയായിരുന്നു. കോണ്‍ഗ്രസും എന്‍.സി.പിയും സംസ്ഥാനത്ത് ഒന്നിച്ചാണ് മത്സരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ