പ്രളയത്തിന്റെ കാരണങ്ങളെപ്പറ്റിയും, പുനര്‍നിര്‍മ്മാണം എങ്ങിനെ വേണമെന്നതിനെപ്പറ്റിയും ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും, നാം നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളെ വേണ്ടത്ര ഗൗരവത്തില്‍ നാം മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. “വികസനം” എന്ന ഓമനപ്പേരിട്ടു നാം വിളിക്കുന്ന വ്യവസായയുഗത്തിലെ പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണം എങ്ങിനെ കാലാവസ്ഥാവ്യതിയാനമടക്കമുള്ള പ്രതിഭാസങ്ങളിലൂടെ ജീവന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയായിരിക്കുന്നു എന്നതിനെപറ്റിയുള്ള ചരിത്രപരമായ ഒരവലോകനമാണിത്. നാമെത്തിനില്‍ക്കുന്ന ഈ വിപല്‍സന്ധി നമ്മുടെ സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥയുമായി എത്രത്തോളം ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരന്വേഷണവും.
“ഇന്ത്യ നിരവധി ടൈം ബോംബുകളുടെ മുകളിലാണ് അടയിരിക്കുന്നത്. കാലാവസ്ഥാവ്യതിയാനം, വിഷലിപ്തമായ പരിസ്ഥിതി, വളരുന്ന പ്രതീക്ഷകള്‍, തൊഴിലവസരങ്ങളില്ലാത്ത സാമ്പത്തിക വളര്‍ച്ച, തകരുന്ന അടിസ്ഥാനസൌകര്യങ്ങള്‍, മലിനീകരണം തുടങ്ങിയവ ഇവയില്‍ ചിലത് മാത്രം. നമ്മുടെ സാമൂഹിക ഉപഭോഗത്തിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയും മാതൃകകള്‍ തീരെ സുസ്ഥിരമല്ല. ഏറ്റവും പ്രധാനം, ഈ പ്രശ്‌നങ്ങളെല്ലാം തമ്മില്‍ കെട്ടുപിണഞ്ഞു കിടക്കുന്നുകൊണ്ട്, ഇവയെല്ലാം ചേര്‍ന്ന് ഒരു സ്തംഭനാവസ്ഥയില്‍ എത്തിയിരിക്കുന്നു എന്നതാണ്. ഏതെങ്കിലും ഒന്നില്‍ തൊട്ടാല്‍ അത് മറ്റൊന്നുമായി ബന്ധപ്പെട്ടിരിക്കുന്ന തല്‍പ്പരകക്ഷികളെ ബാധിക്കും; അതുകൊണ്ട് തന്നെ ഇവയെ വെവ്വേറെ പരിഹരിക്കുക എന്നത് അസാധ്യം തന്നെയാണ്.”
ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഹിന്ദു ദിനപ്പത്രത്തിന്റെ മുന്‍ പത്രാധിപര്‍ സിദ്ധാര്‍ഥ് വരദരാജന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന “ദി വയര്‍” എന്ന ന്യൂസ് പോര്‍ട്ടലില്‍ വന്ന ഒരു ലേഖനത്തിലേതാണ് ഈ പ്രസ്താവം. “ഇന്ത്യ സ്വയം നാശത്തിലേക്കാണ് കുതിക്കുന്നത്” എന്ന തലക്കെട്ടോടെ വന്ന, ആശങ്കാജനകമായ വാദങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ഈ ലേഖനം എഴുതിയതാരാണ് എന്നതിലാണ് കൗതുകം. മുന്‍ പട്ടാള ഓഫീസറും, രാജ്യത്തെ സുരക്ഷാ ഏജന്‍സികളെയെല്ലാം തമ്മില്‍ ബന്ധിപ്പിക്കുന്ന നാഷണല്‍ ഇന്റെലിജെന്‍സ് ഗ്രിഡിന്റെ (NATGRID) മുന്‍ മേധാവിയും, ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സ് ഗ്രൂപ്പിന്റെ സുരക്ഷാവിഭാഗത്തിന്റെ ഇപ്പോഴത്തെ തലവനും ആയ രഘു രാമനാണ് ലേഖകന്‍.
രഘു രാമന്‍
തങ്ങളുടെ പ്രവൃത്തികളുടെ ഫലമായുണ്ടാകുന്ന പരിസ്ഥിതിനാശം തങ്ങളുടെ തന്നെ നിലനില്‍പ്പിന് ഭീഷണിയാവുമ്പോള്‍ പോലും ഒരു സമൂഹം അതിനെ അവഗണിക്കാന്‍ മേല്‍പ്പറഞ്ഞരീതിയിലുള്ള സ്തംഭനാവസ്ഥ എങ്ങിനെ കാരണമാകുന്നു എന്ന് അദ്ദേഹം വിശദീകരിക്കുന്നു. “തകരുന്ന നാഗരികതകള്‍ക്ക് ആ തകര്‍ച്ചയെ സ്വയം തടയാനാവില്ല. കാരണം വ്യക്തികള്‍ എന്ന നിലയില്‍ അവര്‍ വരാന്‍ പോകുന്ന ആപത്തിനെ മുന്‍കൂട്ടി കാണുമ്പോഴും, ഒരു സമൂഹം എന്ന നിലയില്‍ അവര്‍ താല്‍ക്കാലികവും വിപരീതഫലം ഉളവാക്കുന്നതുമായ ലക്ഷ്യങ്ങളുടെ പുറകേ പായുകയും, ഒന്നടങ്കം വിനാശത്തിലേക്ക് പതിക്കുകയും ചെയ്യുന്നു.”
രഘു രാമന്റെ ഈ ചെറിയ ലേഖനം ഏവരും അവശ്യം വായിച്ചിരിക്കേണ്ട ഒന്നാണ്. അതില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയത്തിന്റെ ഗൗരവം ഒന്നുകൊണ്ടു മാത്രമല്ല, ഇന്ത്യന്‍ സര്‍ക്കാരിന്റെ നയങ്ങള്‍ തന്നെ തീരുമാനിക്കാന്‍ കെല്‍പുള്ളതെന്ന് പലരും കരുതുന്ന ഒരു സാമ്പത്തിക ശക്തിയുടെ പ്രതിനിധിയുടേതാണ് ഈ വാക്കുകള്‍ എന്നത് കൊണ്ടും. പക്ഷെ സോഷ്യല്‍ മീഡിയയിലെ ചില മുറുമുറുപ്പുകള്‍ ഒഴിച്ചാല്‍, ഇതേ പറ്റി കാര്യമായ ഒരു പ്രതികരണവും ഉണ്ടായില്ല എന്നതാണ് കൗതുകകരമായ വസ്തുത; കോര്‍പ്പറേറ്റ് രംഗത്തെ പ്രമുഖരുടെ പ്രസ്താവനകള്‍ക്ക് കാതോര്‍ത്തിരിക്കുന്ന ബിസിനസ് പ്രസിദ്ധീകരണങ്ങളില്‍ പോലും.
നാം നാശത്തിന്റെ പാതയിലോ?
രഘു രാമന്‍ തന്റെ ലേഖനത്തില്‍ സൂചിപ്പിക്കുന്നതനുസരിച്ചു്, ഈ പ്രതിസന്ധി ഇന്ത്യക്കു മാത്രം ബാധകമായ ഒന്നല്ല; മറിച്ച് ലോകം മുഴുവന്‍ നേരിടുന്ന ഒന്നാണ്. ഈ വിലയിരുത്തലില്‍ എത്രത്തോളം കാര്യമുണ്ട് എന്നറിയാന്‍, ചില കണക്കുകള്‍ നോക്കാം:
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്തു ഏറ്റവും കടുത്ത മലിനീകരണം നേരിടുന്ന 20 നഗരങ്ങളില്‍ പതിമൂന്നും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലാണ്. ഇതില്‍ ഒന്നാമത് ഡല്‍ഹിയാണ്; തലസ്ഥാന നഗരത്തിലൂടെയൊഴുകുന്ന യമുനാനദിയില്‍ കോളിഫോം ബാക്റ്റീരിയയുടെ അളവ് സുരക്ഷിത അളവിന്റെ (500 ppm) 3200 ഇരട്ടിയാണ്. വായുവിന്റെ ഗുണനിലവാരം അളക്കുന്ന സൂചികയുടെ പരമാവധി അളവ് 999 ആണ്; പക്ഷേ ഇക്കഴിഞ്ഞ നവംബര്‍ 8ന് ഡല്‍ഹിയിലെ വായു മലിനീകരണം ഈ പരിധിയും ഭേദിച്ചു. പ്രശസ്ത മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റിന്റെ പഠനം കാണിക്കുന്നത് ഇന്ത്യയില്‍ മാത്രം 25 ലക്ഷം പേര്‍ക്ക് വായു മലിനീകരണം മൂലം അകാലമരണം സംഭവിക്കുന്നു എന്നാണ്.
കാലാവസ്ഥ കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്താന്‍ തുടങ്ങിയ 1850 മുതലുള്ള ഏറ്റവും ചൂടുകൂടിയ അഞ്ചു വര്‍ഷങ്ങള്‍ 2013 മുതല്‍ 2017 വരെയുള്ളവയാണ്. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ മാത്രം 4600 പേരാണ് ഇന്ത്യയില്‍ ഉഷ്ണവാതം മൂലം മരിച്ചത്. ഇവരില്‍ ഭൂരിപക്ഷവും ആന്ധ്രയിലും തെലങ്കാനയിലുമുള്ള തൊഴിലാളികളായിരുന്നു. 2016ലെ വേനല്‍ക്കാലത്തു് കേരളത്തിലും ഉഷ്ണവാതം മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ആ വര്‍ഷം പടിഞ്ഞാറന്‍ ഇന്ത്യയിലെ പല പ്രദേശങ്ങളിലും താപനില അമ്പതു ഡിഗ്രി സെല്‍ഷ്യസ് കടന്നു; രാജസ്ഥാനില്‍ അത് അന്‍പത്തൊന്നു ഡിഗ്രിയിലെത്തി പുതിയ ഒരു റെക്കോര്‍ഡ് സൃഷ്ടിച്ചു. ഗുജറാത്തിലെ വല്‍സാദ് എന്ന സ്ഥലത്തു റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചവര്‍ക്ക്, ഉരുകിയൊലിക്കുന്ന ടാറില്‍ തങ്ങളുടെ ചെരുപ്പുകള്‍ ഒട്ടിപ്പിടിച്ചതുകൊണ്ട്, അവ ഉപേക്ഷിക്കേണ്ടി വന്നു. 2100 ആവുമ്പോഴേക്കും ഉഷ്ണവാതത്തിന്റെ തോത് ഇപ്പോഴുള്ളതിന്റെ 200 മടങ്ങു വരെ ആയേക്കാമെന്നും, അങ്ങിനെ സംഭവിച്ചാല്‍ ദക്ഷിണേഷ്യ വാസയോഗ്യമല്ലാതാവുമെന്നുമാണ് ഗാന്ധിനഗര്‍ ഐഐടി യുടേതടക്കമുള്ള പഠനങ്ങള്‍ പറയുന്നത്.
ദക്ഷിണേഷ്യയിലെ കൃഷിയാവശ്യങ്ങള്‍ക്കു വേണ്ട വെള്ളത്തിന്റെ അളവ് 2050 ആകുമ്പോഴേക്കും 80-200% വരെ വര്‍ധിക്കും എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. എന്നാല്‍ നാസയുടെ 2009ലെ കണക്കുകള്‍ പ്രകാരം ലോകത്തിലെ മൂന്നിലൊന്നു അക്വിഫെറുകള്‍ (വന്‍ ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍) വറ്റിക്കൊണ്ടിരിക്കുകയാണ്. ലോകത്തുതന്നെ രണ്ടാമത് ഏറ്റവും വേഗത്തില്‍ വറ്റുന്നത് സിന്ധു നദീതടത്തിലുള്ള അക്വിഫെറാണ്; ഇന്ത്യയിലെ ധാന്യ അറകളായ പഞ്ചാബിന്റെയും ഹരിയാനയുടെയും മുഖ്യ ആശ്രയമാണിത്. കിഴക്കോട്ടു മാറി നോക്കിയാല്‍, കിഴക്കു ഗംഗാ തടത്തിലുള്ള ഭൂഗര്‍ഭ ജലസ്രോതസ്സില്‍ നിന്നാണെങ്കില്‍ നിറയുന്നതിലും അമ്പതിരട്ടി വേഗതയിലാണ് നാം വെള്ളം വലിച്ചെടുത്തുകൊണ്ടിരിക്കുന്നത്.
ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും 60 ലക്ഷം ഹെക്ടര്‍ ഭൂമി പുതുതായി കൃഷി ചെയ്‌തെങ്കിലേ വര്‍ധിച്ചുവരുന്ന ആവശ്യത്തിനനുസരിച്ചുള്ള ഭക്ഷ്യോല്‍പാദനം സാധ്യമാവൂ. പക്ഷെ ഓരോവര്‍ഷവും ഇതിന്റെ ഇരട്ടിയോളം കൃഷിഭൂമിയാണ് മരുവത്കരണം മൂലവും മറ്റും നഷ്ടമാവുന്നത്. ഇന്ത്യയിലാണെങ്കില്‍, മൊത്തം കൃഷിഭൂമിയുടെ 25% (8.2 കോടി ഹെക്ടര്‍) ഇത്തരത്തില്‍ മരുവത്കരണം നേരിടുന്നു, മറ്റൊരു 32% (10.5 കോടി ഹെക്ടര്‍) ഭൂമി ഉര്‍വ്വരതാ നഷ്ടം നേരിടുന്നു.
ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം, 1990 നും 2015നും ഇടയില്‍ ആയിരം ഫുട്‌ബോള്‍ മൈതാനങ്ങളുടെ വിസ്തൃതിയിലുള്ള വനപ്രദേശമാണ് ആഗോളതലത്തില്‍ ഓരോ മണിക്കൂറിലും നഷ്ടപ്പെട്ടത്. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ചു് 1999നും 2013നുമിടയില്‍ ഇന്ത്യയില്‍ മാത്രം നശിപ്പിക്കപ്പെട്ടത് ഒരു കോടിയിലധികം ഹെക്ടര്‍ പ്രദേശത്തെ സ്വാഭാവിക വനങ്ങളാണ്. വനമേഖലയില്‍ നട്ടുപിടിപ്പിക്കുന്ന തോട്ടങ്ങളെക്കൂടി ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ കണക്കുകള്‍ സ്വാഭാവികവനങ്ങളുടെ വന്‍നാശത്തെയാണ് മറച്ചുവെക്കുന്നതെന്നു ചുരുക്കം.
അന്റാര്‍ട്ടിക്കയിലെ പൈന്‍ ഐലന്‍ഡ് ബേ എന്ന പ്രദേശത്തുള്ള രണ്ടു പടുകൂറ്റന്‍ മഞ്ഞുപാളികളിലാണ് കാലാവസ്ഥ ഗവേഷകര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. കാരണം ഇവ രണ്ടിലുമുള്ള മഞ്ഞുരുകിയാല്‍ മാത്രം മതി, ലോകമെമ്പാടും കടല്‍നിരപ്പ് 11 അടിയോളം ഉയരാന്‍ – ന്യൂയോര്‍ക്ക്, മുംബൈ, കൊച്ചി തുടങ്ങിയ നഗരങ്ങളെയെല്ലാം കടല്‍ വിഴുങ്ങാനും ഇത് മതിയാവും. ആഗോളതാപനം ഇതേ അളവില്‍ മുന്നോട്ടു പോയാല്‍ അത് സംഭവിക്കാന്‍ 20 മുതല്‍ 50 വര്‍ഷങ്ങള്‍ മാത്രം മതിയാവും എന്നതാണ് ആശങ്കാജനകമായ വസ്തുത. അതായത് നമുക്ക് ചിന്തിക്കാന്‍ പോലുമാവാത്ത ഈ പ്രളയത്തെ നേരിടാനുള്ള സമയം തീരെ കുറവാണെന്നു തന്നെ.
ഈ കണക്കുകള്‍ കാണിക്കുന്നത്, പാരിസ്ഥിതിക തകര്‍ച്ച എന്നത് വിദൂരഭാവിയിലെങ്ങോ നാം നേരിടേണ്ടുന്ന ഒന്നല്ല എന്നാണ്. കടന്നു പോകുന്ന ഓരോ വര്‍ഷവും നാം കൂടുതല്‍ കൂടുതലായി, “സര്‍വം സഹ” എന്ന് നാം തന്നെ വിശേഷിപ്പിക്കുന്ന ഭൂമിയുടെ ക്ഷമ പരീക്ഷിക്കുകയാണ്. പക്ഷേ ഈ “ക്ഷമ”ക്ക് പരിധികളുണ്ട് – സ്റ്റോക്ക്ഹോം റെസീലിയെന്‍സ് സെന്റര്‍ അടക്കമുള്ള സാങ്കേതിക സ്ഥാപനങ്ങള്‍ അവ കൃത്യമായി നിര്‍ണ്ണയിച്ചിട്ടുമുണ്ട്. ആ പരിധികള്‍ (planetary boundaries) നാം ഭേദിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നു മാത്രമല്ല, ഒരു പിന്മടക്കം എങ്ങും തന്നെ കാണുന്നുമില്ല എന്നതാണ് വാസ്തവം.
ഈയടുത്തായി ഇത്തരം മുന്നറിയിപ്പുകള്‍ ഒരു അപായസൂചനയുടെ സ്വഭാവം കൈക്കൊള്ളുന്നത് കാണാം. 2017 നവംബറില്‍ UCC എന്ന ശാസ്ത്രജ്ഞരുടെ ആഗോള സംഘടന “മനുഷ്യവംശത്തിന് ഒരു രണ്ടാം മുന്നറിയിപ്പ്” എന്ന പേരില്‍ പുറത്തുവിട്ട കത്ത് അത്തരത്തിലുള്ള ഒന്നാണ്. 184 രാജ്യങ്ങളില്‍ നിന്നുള്ള , നോബേല്‍ സമ്മാനജേതാക്കളടക്കമുള്ള 15,000ലധികം ശാസ്ത്രജ്ഞര്‍ ഒപ്പു വച്ച ഈ രേഖയില്‍ പറയുന്നത് “പരിമിതമായ വിഭവങ്ങളുടെ അപരിമിതമായ ഉപഭോഗം മനുഷ്യന്റെ അസ്തിത്വത്തിനു തന്നെ ഭീഷണിയായിരിക്കുന്നു” എന്നാണ്.
ഇതിനു അടിവരയിടാന്‍ എന്നവണ്ണം, ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പ്രമുഖ ശാസ്ത്ര ജേര്‍ണലായ “ബുള്ളറ്റിന്‍ ഓഫ് അറ്റൊമിക് സയന്റിസ്‌റ്‌സ് അവരുടെ “അന്ത്യദിന ഘടികാരം” (doomsday clock) മുപ്പതു സെക്കന്‍ഡ് മുന്‍പിലേക്ക് നീക്കി. ലോകം നേരിടുന്ന വിപത്തുകളുടെ തോത് ശാസ്ത്രീയമായി കണക്കുകൂട്ടി, പ്രതീകാത്മകമായി ആവിഷ്‌ക്കരിക്കുന്ന ഈ ക്ലോക്കില്‍ ഇപ്പോള്‍ സമയം പാതിരക്കു രണ്ടു മിനിറ്റ് മാത്രം (പാതിരയായാല്‍ “അന്ത്യദിന”മായി എന്നര്‍ത്ഥം). വന്‍ശക്തികള്‍ തമ്മിലുള്ള ശീതയുദ്ധത്തിന്റെ ഉച്ചസ്ഥായിയില്‍ വന്നതൊഴിച്ചാല്‍, ഈ വിപത്ഘടികാരത്തിന്റെ 71 വര്‍ഷത്തെ ചരിത്രത്തില്‍ ഇതിനു മുന്‍പ് ഒരിക്കല്‍ മാത്രമാണ് അത് ഇത്രയും അപകടാവസ്ഥ രേഖപ്പെടുത്തിയിട്ടുള്ളത്. വര്‍ധിച്ചുവരുന്ന കാലാവസ്ഥാവ്യതിയാനവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ന്യൂക്ലിയര്‍ പോര്‍വിളികളുമാണ് അവരെ അതിനു പ്രേരിപ്പിച്ച ഘടകങ്ങള്‍.
ചുരുക്കത്തില്‍, അതീവ ഗുരുതരമായതും ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കുന്ന വിധത്തില്‍ വ്യാപ്തിയും തീവ്രതയുമുള്ള സങ്കീര്‍ണമായ ഒരു പ്രതിസന്ധിയുടെ, കൃത്യമായിപ്പറഞ്ഞാല്‍ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു കൂട്ടം പ്രതിസന്ധികളുടെ, നടുവിലാണ് നാം. മനുഷ്യന്റെ ഭാവി പ്രകൃതിയുടേതുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ടുതന്നെ “പാരിസ്ഥിതികപ്രതിസന്ധി” എന്ന വൃത്തത്തിനുള്ളില്‍ ഇവയെ ഒതുക്കാനാവില്ല – ഈ പ്രതിസന്ധി മാനവരാശിയുടേത് തന്നെയാണ്.
ആഗോള സമ്പദ്വ്യവസ്ഥയുള്‍പ്പെടെ മനുഷ്യനിര്‍മ്മിതമായ എല്ലാറ്റിനും അടിസ്ഥാനം പ്രകൃതിയായിരിക്കുന്നതു കൊണ്ടു തന്നെ, പാരിസ്ഥിതിക തകര്‍ച്ച രൂക്ഷമാവുന്നതോടെ അതിന്റെ പ്രത്യാഘാതങ്ങള്‍ നാം സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികളുടെ രൂപത്തില്‍ കൂടെയാവും നേരിടേണ്ടിവരിക എന്നതും നാം അറിയേണ്ടതുണ്ട്. ഇതിന്റെ പല ദൃഷ്ടാന്തങ്ങളില്‍ ഒന്ന് സിറിയയില്‍ 2006 മുതല്‍ 2009 വരെ നീണ്ടുനിന്ന കൊടുംവരള്‍ച്ചയാണ്. വ്യാപകമായ കൃഷിനാശത്തിനും, 15 ലക്ഷത്തോളം ആളുകള്‍ ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കു പലായനം ചെയ്യാനും ഇടയാക്കുക വഴി, കേരളത്തിന്റെ പകുതിയോളം മാത്രം ജനസംഖ്യയുള്ള ആ ചെറിയ രാജ്യത്തിന് താങ്ങാവുന്നതിലും വലിയ സമ്മര്‍ദ്ദമാണ് ആ വരള്‍ച്ചക്കാലം സൃഷ്ടിച്ചത്. ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന കടുത്ത സംഘര്‍ഷത്തിലേക്ക് ആ രാജ്യത്തെ നയിച്ചതില്‍ വരള്‍ച്ച പ്രധാന പങ്കുവഹിച്ചു എന്ന് ഇതേക്കുറിച്ചു പഠനം നടത്തിയ പ്രശസ്തമായ നാഷണല്‍ ജ്യോഗ്രഫിക് മാസികയടക്കം, ഇപ്പോള്‍ അംഗീകരിച്ചിട്ടുണ്ട്. ഒരു വശത്തു കനത്ത പാരിസ്ഥിതിക തകര്‍ച്ച നേരിടുകയും, മറുഭാഗത്തു പലതരത്തിലുള്ള വിഭാഗീയതകള്‍ ആഴത്തില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ച് ഒരു മുന്നറിയിപ്പു കൂടിയാണ് ഇത്.
വ്യാവസായിക ആധുനികത എന്ന “ഒന്‍പതു ദിവസത്തെ അദ്ഭുതം “
നാം നേരിട്ടുകൊണ്ടിരിക്കുന്ന ഈ പ്രതിസന്ധികളുടെയെല്ലാം കാര്യകാരണങ്ങള്‍ സങ്കീര്‍ണമാണെങ്കിലും അവക്കെല്ലാം തന്നെ അടിസ്ഥാനമായി നില്‍ക്കുന്നത് ഇന്ന് ലോകമെങ്ങും ആധിപത്യം സ്ഥാപിച്ചിട്ടുള്ള, വ്യാവസായിക ഉല്‍പാദനത്തിലും ഉപഭോഗ വളര്‍ച്ചയിലും അധിഷ്ഠിതമായ, സാമ്പത്തിക വ്യവസ്ഥ തന്നെയാണ്. ആ വ്യവസ്ഥയെ ചലിപ്പിക്കുന്ന ഏതുവിധേനയും ലാഭമുണ്ടാക്കുക എന്ന അതീവ ലളിതമായ, എന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന മുതലാളിത്ത പ്രത്യയശാസ്ത്രവും.
ഇത് വെറുമൊരു ആരോപണമല്ല; കാലാവസ്ഥ വ്യതിയാനമടക്കം നാം നേരിടുന്ന മിക്കവാറും എല്ലാ പ്രതിസന്ധികളുടെയും കാര്യത്തില്‍, അവയില്‍ ആര്‍ക്കൊക്കെ എത്രമാത്രം ഉത്തരവാദിത്തമുണ്ട് എന്നത്, കൃത്യമായും സുതാര്യമായും നിരീക്ഷിക്കാനുള്ള സംവിധാനം നമുക്കിപ്പോഴുണ്ട്. ഉദാഹരണത്തിന് ഊര്‍ജം, ലോഹങ്ങള്‍, ജലം, തുടങ്ങിയ വിഭവങ്ങളുടെ ഉപഭോഗത്തിലും, ഹരിതഗൃഹ വാതകങ്ങള്‍, രാസവസ്തുക്കള്‍, പ്ലാസ്റ്റിക് തുടങ്ങി പല രൂപത്തിലുള്ള മാലിന്യങ്ങളുടെ വിസര്‍ജനത്തിലും ഓരോരുത്തരുടെയും പങ്ക് തരംതിരിച്ചു പാരിസ്ഥിതിക പാദമുദ്ര (ecological footprint) കണക്കാക്കുന്ന രീതിയാണ് ഇതില്‍ പ്രധാനം. സംശയത്തിനിടനല്‍കാതെ ഈ നിര്‍ണ്ണയങ്ങള്‍ കാണിക്കുന്നത് സാമ്പത്തികവളര്‍ച്ചയും പാരിസ്ഥിതിക തകര്‍ച്ചയും തമ്മിലുള്ള ബന്ധം അഭേദ്യവും ആനുപാതികവുമായ ഒന്നാണെന്നാണ്.
പക്ഷേ ഇത്തരം സാങ്കേതികത്വങ്ങളെ ആശ്രയിക്കാതെ തന്നെ ഈ ബന്ധം നമുക്ക് തികച്ചും സ്പഷ്ടമായി കാണാവുന്നതാണ്. കാരണം ക്രമാതീതമായ ലാഭമുണ്ടാകണമെങ്കില്‍ അതിനനുസരിച്ചുള്ള സാമ്പത്തിക വളര്‍ച്ച കൂടിയേ തീരൂ. ശൂന്യതയില്‍ നിന്ന് ഒന്നും സൃഷ്ടിക്കാനാവാത്തതു കൊണ്ട് തന്നെ, അത്തരം വളര്‍ച്ച മനുഷ്യന്റെയും പ്രകൃതിയുടെയും ചൂഷണം അനിവാര്യമാക്കുന്നു. ഇങ്ങനെ സാമ്പത്തിക വളര്‍ച്ചയെ മാത്രം അടിസ്ഥാനമാക്കിയ ഒരു വ്യവസ്ഥിതിയില്‍ വ്യക്തികള്‍ തമ്മിലും ജനവിഭാഗങ്ങള്‍ തമ്മിലുമുള്ള കടുത്ത മത്സരവും ചൂഷണവും അസമത്വവും സ്വാഭാവികമായിത്തന്നെ ഉണ്ടാവും; മാര്‍ക്‌സ് മുതലിങ്ങോട്ടുള്ള ചിന്തകര്‍ പറഞ്ഞിട്ടുള്ളതും ഇതൊക്കെത്തന്നെയാണ്. പക്ഷെ ഈ വ്യവസ്ഥയില്‍ ഘടനാപരമായി തന്നെ നടത്തുന്ന പരിധികളില്ലാത്ത പ്രകൃതിചൂഷണത്തിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി അത്രയൊന്നും ഗൗരവമായി നാം ചര്‍ച്ച ചെയ്തിട്ടില്ല, അല്ലെങ്കില്‍ ചെയ്യുന്നില്ല, അത് നമ്മുടെ അസ്തിത്വത്തിനു തന്നെ ഭീഷണിയായി മാറിയിരിക്കുന്ന ഇക്കാലത്തും.
പ്രത്യേകിച്ച് ഇന്ത്യയുടെ പൊതുമണ്ഡലത്തില്‍ അത്തരമൊരു ചര്‍ച്ച നടക്കുന്നില്ല എന്നതില്‍ ഒരു വൈരുധ്യമുണ്ട്. കാരണം ഇന്ന് ലോകത്തെയാകമാനം ഭരിക്കുന്ന ആധുനിക സാമ്പത്തിക വ്യവസ്ഥയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചു ഒരു നൂറ്റാണ്ടു മുന്‍പ് തന്നെ മുന്നറിയിപ്പ് നല്‍കുകയും, ഗൗരവമേറിയ ഒരു രാഷ്ട്രീയപ്രശ്‌നം എന്ന നിലയില്‍ അതിനെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തവരില്‍ പ്രമുഖര്‍ ഒരു കൂട്ടം ഭാരതീയരായിരുന്നു: പ്രധാനമായും ടാഗോര്‍, ഗാന്ധി, പിന്നെ അദ്ദേഹത്തിന്റെ അനുയായി ആയിരുന്ന പ്രഗത്ഭ സാമ്പത്തിക വിദഗ്ധന്‍ ജെ .സി. കുമരപ്പയും. 1928 ജനുവരിയിലെ “യങ് ഇന്ത്യ”യില്‍ ഗാന്ധി ഇങ്ങനെയെഴുതി: “ദൈവത്തെയോര്‍ത്തു പാശ്ചാത്യരാജ്യങ്ങളെപ്പോലെ വ്യവസായവത്കരിക്കാന്‍ ഇന്ത്യ തുനിയാതിരിക്കട്ടെ. ഇംഗ്ളണ്ട് എന്ന ഇത്തിരിപ്പോന്ന ദ്വീപുരാഷ്ട്രത്തിന്റെ സാമ്പത്തിക സാമ്രാജ്യത്വം ഇന്ന് ലോകത്തെ മുഴുവന്‍ അടിമയാക്കി വെച്ചിരിക്കുന്നു. അപ്പോള്‍ മുപ്പതു കോടി ജനങ്ങളുള്ള (അന്നത്തെ ഇന്ത്യയുടെ ജനസംഖ്യ) ഒരു രാജ്യം ഇത്തരം സാമ്പത്തികചൂഷണത്തിനു മുതിര്‍ന്നാല്‍, വെട്ടുക്കിളികളെപ്പോലെ നാം ഈ ഭൂമിയെ തിന്നു തീര്‍ക്കും.”
ജെ.സി. കുമരപ്പ
ഇതിനും ഇരുപതോളം വര്‍ഷം മുന്‍പെഴുതിയ തന്റെ “ഹിന്ദ് സ്വരാജി”ല്‍ ആധുനിക വ്യാവസായിക നാഗരികതയെ “ഒന്‍പതു ദിവസത്തെ അദ്ഭുതം” എന്നാണു ഗാന്ധിജി തന്റെ തനതായ ശൈലിയില്‍ വിശേഷിപ്പിച്ചത്. സാമ്പത്തിക-വികസന കാര്യങ്ങളില്‍ ഗാന്ധിയന്‍ വീക്ഷണങ്ങള്‍ ഗൗരവമായെടുക്കാന്‍ നമുക്കിന്നും മടിയാണ്. അപരിഷ്‌കൃതമെന്ന പേരില്‍ ഗാന്ധിയുടെ സമകാലികര്‍ (അതില്‍ നെഹ്രുവും ഉള്‍പ്പെടും) തള്ളിക്കളഞ്ഞ ഈ വിലയിരുത്തല്‍ പക്ഷെ, ഒരു നൂറ്റാണ്ടിനു ശേഷം ശക്തമായി തിരിച്ചുവന്നിരിക്കുന്നു. ലോകമെമ്പാടും ബദല്‍ വികസനമാതൃകകള്‍ക്കു വേണ്ടി നടക്കുന്ന അന്വേഷണങ്ങളിലും സംവാദങ്ങളിലും ഒഴിച്ചുമാറ്റാനാവാത്ത സാന്നിധ്യങ്ങളാണ് ഇന്ന് ഗാന്ധിയും കുമരപ്പയും. കഴിഞ്ഞവര്‍ഷം ഈ ലേഖകന് നല്‍കിയ അഭിമുഖത്തില്‍, അമേരിക്കന്‍ പരിസ്ഥിതി സമ്പദ്ശാസ്ത്രജ്ഞനും ജെ.സി. കുമരപ്പയുടെ സമ്പദ്ശാസ്ത്രത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ കര്‍ത്താവുമായ മാര്‍ക്ക് ലിന്‍ഡ്ലെ പറഞ്ഞതിങ്ങനെയാണ്: “പരിമിതമായതും പുതുക്കാനാവാത്തതുമായ ഖനിജ ഇന്ധനങ്ങള്‍ ചുട്ടുകരിച്ചതാണ് ഇരുപതാം നൂറ്റാണ്ടില്‍ പാശ്ചാത്യ രാജ്യങ്ങള്‍ സാമ്പത്തിക അഭിവൃദ്ധി നേടാനുള്ള പ്രധാന കാരണം. അത്തരമൊരു സാമ്പത്തികവ്യവസ്ഥയെ “ഒന്‍പതു ദിവസത്തെ അദ്ഭുതം” എന്ന് വിശേഷിപ്പിക്കുന്നതില്‍ ഒരതിശയോക്തിയുമില്ല.”
വിരോധാഭാസമെന്തെന്നാല്‍, ഗാന്ധിയും മറ്റും ഉള്‍ക്കാഴ്ചയോടെ നല്‍കിയ മുന്നറിയിപ്പുകള്‍ കണക്കിലെടുക്കാന്‍ അറിവിന്റെ കുത്തക അവകാശപ്പെടുന്ന ആധുനിക ശാസ്ത്രം അര നൂറ്റാണ്ടിലധികം എടുത്തു എന്നതാണ്. 1972ല്‍, “ക്ലബ് ഓഫ് റോം” എന്ന, രാജ്യതന്ത്രഞ്ജരും, ശാസ്ത്രജ്ഞരും, ബിസിനസ് രംഗത്തെ പ്രമുഖരുമെല്ലാമടങ്ങിയ ഒരു സംഘടന ചുമതലപ്പെടുത്തിയ ഒരു കൂട്ടം വിദഗ്ധര്‍ നടത്തിയ ഗവേഷണമാണ് സാമ്പത്തിക വളര്‍ച്ചയുടെ പ്രത്യാഘാതങ്ങളെപ്പറ്റിയുള്ള സമഗ്രമായ ആദ്യത്തെ ശാസ്ത്രീയ പഠനം. അന്ന് ശൈശവാവസ്ഥയിലുള്ള രണ്ടു സാങ്കേതിക ശാഖകള്‍ (സിസ്റ്റം ഡൈനാമിക്സും വിവരസാങ്കേതികവിദ്യയും) ഉപയോഗപ്പെടുത്തിക്കൊണ്ട്, സമ്പദ്വ്യവസ്ഥയും പ്രകൃതിയും തമ്മിലുള്ള പരസ്പരവിനിമയം കംപ്യൂട്ടര്‍ മാതൃകകള്‍ ഉപയോഗിച്ച് കൃത്രിമമായി പുനഃസൃഷ്ടിച്ചുകൊണ്ടുള്ള, പുതുമകളേറെയുള്ള പഠനമായിരുന്നു അത്.
പ്രധാനമായും അഞ്ച് ഘടകങ്ങളിലാണ് ആ പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്: ജനസംഖ്യ, ഭക്ഷ്യോല്‍പ്പാദനം, വ്യവസായികവത്ക്കരണം, മലിനീകരണം, പിന്നെ പുതുക്കാനാവാത്ത പ്രകൃതിവിഭവങ്ങളുടെ (non-renewable reosurces) ഉപഭോഗം. അപരിമിതമായ സാമ്പത്തിക വളര്‍ച്ചയും വിഭവചൂഷണവും ഈ നിലയില്‍ തുടര്‍ന്നാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മധ്യഭാഗത്തോടെ ആധുനിക ലോകം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തും എന്നതായിരുന്നു അവരുടെ പ്രധാന നിഗമനം. “വളര്‍ച്ചയുടെ പരിമിതികള്‍” (Limits to Growth) എന്ന പേരില്‍ പ്രസിദ്ധീകരിച്ച ആ പഠനത്തിലെ കണ്ടെത്തലുകള്‍ ലോകത്തെ പിടിച്ചുകുലുക്കുകയും തീവ്രമായ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.
ദൗര്‍ഭാഗ്യവശാല്‍, പക്ഷേ ആ ചര്‍ച്ചകള്‍ അധികം നീണ്ടു നിന്നില്ല. 1970കളുടെ അവസാനത്തോടെ, അമേരിക്കയുടെയും ബ്രിട്ടന്റെയും ഭരണകര്‍ത്താക്കളായ റൊണാള്‍ഡ് റീഗനും മാര്‍ഗരറ്റ് താച്ചറും, ആഗോള വ്യവസായപ്രമുഖരും, മില്‍ട്ടണ്‍ ഫ്രീഡ്മാന്‍ തുടങ്ങിയ സാമ്പത്തിക വിദഗ്ദ്ധരും എല്ലാം ചേര്‍ന്ന ഒരു അച്ചുതണ്ടായിരുന്നു അതിനെ അട്ടിമറിച്ചത്. അവര്‍ രൂപം നല്‍കിയ “നവലിബറല്‍” നയങ്ങള്‍ സാമ്പത്തിക വളര്‍ച്ചയില്‍ അധിഷ്ഠിതമായ വികസനത്തിന് അപ്രമാദിത്വം നല്‍കുകയും, അപരിമിതമായ സാമ്പത്തിക വളര്‍ച്ച എന്ന വിനാശകരമായ വ്യവസ്ഥിതിയെ ലോകം തുടര്‍ന്നും ഏറ്റെടുക്കുകയും ചെയ്യുകയാണുണ്ടായത്.
ഭ്രാന്തന്‍മാരും സമ്പദ്ശാസ്ത്രജ്ഞന്‍മാരും
താച്ചറും റീഗനും ഫ്രീഡ്മാനും മരിച്ചു മണ്ണടിഞ്ഞെങ്കിലും ആഗോള മുതലാളിത്തത്തിന് അവര്‍ നല്‍കിയ ആ “ബൂസ്റ്റര്‍ ഷോട്ട്” ഇന്നും അതിനെ മുന്നോട്ട് കൊണ്ടുപോകുന്നു. ഇന്ത്യയും ചൈനയുമടക്കമുള്ള പുതിയ വിഹാരരംഗങ്ങളിലേക്കും അത് വ്യാപിച്ചിരിക്കുന്നു. പക്ഷെ ക്ലബ് ഓഫ് റോമിന്റെ പഠനത്തില്‍ കണ്ടെത്തിയ കണിശമായ പ്രതിപ്രവര്‍ത്തനങ്ങള്‍ ആഗോളസമ്പദ്വ്യവസ്ഥയെ ഇപ്പോഴും വിടാതെ പിന്തുടരുന്നുണ്ട്. ക്ലബ് ഓഫ് റോം പഠനം വന്നു മുപ്പതു വര്‍ഷത്തിന് ശേഷം, അതേ ഗവേഷകരില്‍ ചിലര്‍ ഈ വിഷയത്തില്‍ പുനര്‍ഗവേഷണം നടത്തിയപ്പോള്‍ കണ്ടെത്തിയത്, അവര്‍ മുന്‍പ് കരുതിയതിലും ഏറെ ഗുരുതരമാണ് കാര്യങ്ങള്‍ എന്നാണ്.
2004ല്‍ പ്രസിദ്ധീകരിച്ച തങ്ങളുടെ പുതിയ റിപ്പോര്‍ട്ടില്‍, ശുഭാപ്തിവിശ്വാസം തീരെ നഷ്ടപ്പെട്ടിരിക്കുന്നു എന്ന് തുറന്നു സമ്മതിച്ചുകൊണ്ടു അവര്‍ ഇങ്ങനെയെഴുതി: “ഈ മുപ്പതു വര്‍ഷം തെറ്റ് തിരുത്താന്‍ നമുക്കുണ്ടായിരുന്ന അവസരം നാം കളഞ്ഞുകുളിച്ചു. ആധുനികലോകം അപകടകരമായ രീതിയില്‍ എല്ലാ പരിധികളെയും ലംഘിച്ചിരിക്കുന്ന അവസ്ഥയിലാണുള്ളത് (dangerous overshoot); പ്രകൃതിക്കു പുനഃസ്ഥാപിക്കാനാവുന്നതിലും വേഗത്തില്‍ നാം വിഭവങ്ങള്‍ വലിച്ചെടുത്തുകൊണ്ടിരിക്കുന്നു, പ്രകൃതിക്കു ആഗിരണം ചെയ്യാനാകുന്നതിലും വേഗത്തില്‍ നാം മാലിന്യങ്ങള്‍ പുറന്തള്ളിക്കൊണ്ടിരിക്കുന്നു. ചുരുക്കത്തില്‍, നാം ആഗോളതലത്തിലുള്ള പാരിസ്ഥിതിക-സാമ്പത്തിക തകര്‍ച്ചയിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്.”
ക്ലബ് ഓഫ് റോം പഠനത്തിന്റെ ചുവടു പിടിച്ച് ഈ വിഷയത്തില്‍ ഗൗരവമുള്ള പഠനങ്ങള്‍ നടത്തുന്നവര്‍ പലരും, ഗെയില്‍ ട്വെര്‍ബെര്‍ഗ്, ഉഗോ ബാര്‍ദി, റിച്ചാര്‍ഡ് ഹെയ്ന്‍ബെര്‍ഗ് എന്നിവര്‍ പ്രത്യേകിച്ചും, പറയുന്നത്, ഇപ്പോള്‍ ദൈനംദിനേനെയെന്നോണം നാം കേള്‍ക്കുന്ന ആഗോളസാമ്പത്തിക മാന്ദ്യം അടിസ്ഥാനപരമായി മേല്‍പ്പറഞ്ഞ വിഭവശോഷണത്തിന്റെ ഫലമാണെന്നാണ്. ഈ മാന്ദ്യം അടുത്തുതന്നെ വലിയ ഒരു സാമ്പത്തികത്തകര്‍ച്ചയുടെ രൂപം പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും.
ഇന്ത്യയില്‍ വിഭവശോഷണവും വളര്‍ച്ചയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ആഴത്തില്‍ പഠനം നടത്തിയിട്ടുള്ള ചുരുക്കം ചിലരില്‍ ഒരാളായ, ഡല്‍ഹി ആസ്ഥാനമായ ദി എനര്‍ജി & റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (TERI) മുന്‍ ഗവേഷകന്‍ മിഹിര്‍ മാഥൂറിനും പറയാനുള്ളത് ഇതു തന്നെ: “സാമ്പത്തിക വളര്‍ച്ച ഉണ്ടായേ തീരൂ എന്ന് മുറവിളി കൂട്ടുന്നവര്‍ പക്ഷേ പരിമിതമായ വിഭവങ്ങളെ ആസ്പദമാക്കിയാണ് ഈ വളര്‍ച്ച എന്നത് സൗകര്യപൂര്‍വം മറക്കുന്നു. ഈ വിഭവങ്ങള്‍ പലതും ഇപ്പോള്‍ തന്നെ ശോഷിച്ചിരിക്കുന്നു എന്നതും.” ബ്രിട്ടീഷ് സമ്പദ്ശാസ്ത്രജ്ഞനും കവിയുമായിരുന്ന കെന്നെത്ത് ബൗള്‍ഡിങ്ങിനെ ഉദ്ധരിച്ചുകൊണ്ട് മിഹിര്‍ ഇങ്ങിനെ കൂട്ടിച്ചേര്‍ക്കുന്നു: “പരിമിതമായ ലോകത്തു അപരിമിതമായ വളര്‍ച്ച സാധ്യമാണെന്ന് ആരെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍, ഒന്നുകില്‍ അയാള്‍ ഒരു ഭ്രാന്തനായിരിക്കും, അല്ലെങ്കില്‍ സമ്പദ്ശാസ്ത്രജ്ഞനും.”
“ക്യാന്‍സര്‍ കോശത്തിന്റെ പ്രത്യയശാസ്ത്രം”
എന്തൊക്കെ സൈദ്ധാന്തിക ന്യായങ്ങള്‍ നിരത്തിയാലും, ആഗോള സാമ്പത്തിക വളര്‍ച്ചയും, അതോടനുബന്ധിച്ചുള്ള “വികസന”പ്രവര്‍ത്തനങ്ങളും ഇതേ രീതിയില്‍ ദീര്‍ഘകാലം മുന്നോട്ടു കൊണ്ടുപോകാനാവില്ല എന്നതാണ് വാസ്തവം. അതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്.
ഒന്നാമതായി, പ്രകൃതിവിഭവങ്ങള്‍, പ്രത്യേകിച്ചും ആധുനിക ഹൈ-ടെക് സമൂഹങ്ങള്‍ ആശ്രയിക്കുന്ന പുതുക്കാനാവാത്ത വിഭവങ്ങള്‍; ലോഹങ്ങള്‍, ധാതുക്കള്‍, ഖനിജ ഇന്ധനങ്ങള്‍ മുതലായവ, ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഉള്ളവ തന്നെ ഖനനം ചെയ്യാന്‍ പ്രയത്നവും മുതല്‍മുടക്കും ഏറിവരുന്ന സ്ഥിതിയിലാണ് താനും. കേരളത്തില്‍ ഇന്ന് നാം നേരിടുന്ന മണല്‍ക്ഷാമവും ജലദൗര്‍ലഭ്യതയും മറ്റും ഇതിന്റെ പ്രാദേശിക വകഭേദങ്ങള്‍ മാത്രം.
മറ്റൊന്ന്, ഒരിക്കല്‍ ഒന്നാം ലോകരാഷ്ട്രങ്ങള്‍ ഏറെക്കുറെ മുഴുവനായും തന്നെ കയ്യടക്കി വെച്ചിരുന്ന പ്രകൃതി വിഭവങ്ങള്‍ക്ക് ഇന്ന് ഇന്ത്യയും ചൈനയുമടക്കമുള്ള ഭീമന്മാരുള്‍പ്പടെ ആവശ്യക്കാര്‍ ഏറെയാണ് എന്നതാണ്. അതു കൊണ്ടുതന്നെ ലഭ്യമായിട്ടുള്ള വിഭവങ്ങള്‍ക്ക് വേണ്ടിയുള്ള മത്സരം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു; പോകെപ്പോകെ ഓരോരുത്തര്‍ക്കും ഉള്ള പങ്ക് കുറഞ്ഞു കുറഞ്ഞും.
മൂന്നാമതായി, സാമ്പത്തിക വളര്‍ച്ചയുടെ ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍; കാലാവസ്ഥാവ്യതിയാനം, വനനശീകരണം, മലിനീകരണം തുടങ്ങിയവ, ഈ വിഭവങ്ങളുടെ ഉത്പ്പാദനത്തിനും ഉപയോഗത്തിനും മേല്‍ സവിശേഷവും അടിയന്തിരവുമായ പുതിയ പരിമിതികള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന് പാരീസ് ഉടമ്പടിയുടെ ഭാഗമായി രാജ്യങ്ങള്‍ സ്വയം നിശ്ചയിച്ചിരിക്കുന്ന കാര്‍ബണ്‍ വിസര്‍ജ്ജന പരിമിതികള്‍.
ഈ മൂന്നു കാരണങ്ങളില്‍ ഏതെങ്കിലും ഒന്ന് മാത്രം പരിഗണിച്ചാല്‍ മതി, അനിയന്ത്രിതമായ വളര്‍ച്ചയുടെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു എന്നറിയാന്‍.
എഡ്വേര്‍ഡ് ആബി
അമേരിക്കന്‍ നോവലിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന എഡ്വേര്‍ഡ് ആബി ഒരിക്കല്‍ പറഞ്ഞത് “വളര്‍ച്ചക്ക് വേണ്ടിയുള്ള വളര്‍ച്ച എന്നത് ക്യാന്‍സര്‍ കോശത്തിന്റെ പ്രത്യയശാസ്ത്രമാണ്” എന്നായിരുന്നു. ആ വിലയിരുത്തല്‍ ശരിയാണെന്നു തന്നെയാണ് പാരിസ്ഥിതികതകര്‍ച്ചയെപ്പറ്റി ശാസ്ത്രസാങ്കേതിക കേന്ദ്രങ്ങളില്‍ നിന്ന്, ജൈവവൈവിധ്യ പരിപാലകരില്‍ നിന്ന്, പ്രകൃതിയിലെ സൂക്ഷ്മവ്യതിയാനങ്ങള്‍ പോലും അറിയുന്ന ഗോത്രവര്‍ഗക്കാരിലും, സാധാരണ കര്‍ഷകരില്‍ നിന്നുമൊക്കെ വന്നു കൊണ്ടിരിക്കുന്ന നിരന്തരമായ അപായസൂചനകള്‍ നമ്മോടു പറയുന്നത്. ഒരു പക്ഷെ ആബി കരുതിയതിലും ഭയാനകമായ രീതിയില്‍ ആ രോഗം വളര്‍ന്നു കഴിഞ്ഞിരിക്കുന്നു എന്നു തന്നെ പറയേണ്ടി വരും.
റീഗനും താച്ചറും സാമ്പത്തികവളര്‍ച്ചയുടെ സുവിശേഷം കൊട്ടിഘോഷിക്കുന്നതിനും ഒരു ദശാബ്ദം മുന്‍പ് തന്നെ ക്ലബ് ഓഫ് റോം പഠനം പുറത്തു വന്നിരുന്നു എന്നോര്‍ക്കുക. കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണ് എന്ന് വ്യക്തമായറിഞ്ഞിട്ടും നവലിബറലിസത്തെ ലോകത്തിനുമേല്‍ കെട്ടിവെച്ച ആ ഭരണകര്‍ത്താക്കള്‍ ചെയ്തത് ഒരു പക്ഷെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ പാതകമായി വരും കാലം അടയാളപ്പെടുത്തും. അദ്ഭുതകരമായ വസ്തുത, പിറന്നപ്പോള്‍ തന്നെ ശാസ്ത്രീയമായി റദ്ദുചെയ്യപ്പെട്ടിരുന്ന മുതലാളിത്തത്തിന്റെ ഈ ചാപിള്ളയെ അര നൂറ്റാണ്ടിനുശേഷവും ഇന്ത്യയിലെയും മറ്റു മൂന്നാം ലോകരാഷ്ട്രങ്ങളിലെയും ആസൂത്രണവിദഗ്ധര്‍ ചുമക്കുന്നു എന്നതാണ്.
അര്‍ബുദസമാനമായ ഈ പ്രത്യയശാസ്ത്രത്തെയാണ്, അത് ലോകത്തിന്റെ ഭാവിയെത്തന്നെ അപകടത്തിലാക്കിയിരിക്കുന്ന അവസരത്തിലും “ഇതാണ് വികസനം, ഇത് മാത്രമാണ് വികസനം” എന്ന മട്ടില്‍ ഈ “വിദഗ്ധരും” പാര്‍ട്ടിവ്യത്യാസമില്ലാതെ സര്‍ക്കാരുകളും നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.
ഇത് വെറുതെ അങ്ങ് സംഭവിക്കുന്ന ഒന്നല്ല. രാഷ്ട്രീയനേതാക്കളും പ്രസ്ഥാനങ്ങളും ഉദ്യോഗസ്ഥരും മറ്റും കുന്നുകൂട്ടുന്ന അവിഹിത സ്വത്തുക്കളും, അതിസമ്പന്നരുടെ ആസ്തികണക്കുകള്‍ നിരത്തുന്ന “ഫോര്‍ബ്സ്” ലിസ്റ്റുകളും ഒരേ പോലെ നമ്മോടു പറയുന്നത് സമൂഹത്തെയും പ്രകൃതിയെയും ഒരു പോലെ കാര്‍ന്നുതിന്നുന്ന ഈ “അര്‍ബുദം” അതിന്റെ പ്രയോക്താക്കള്‍ക്ക് വന്‍ലാഭമുണ്ടാക്കുന്ന ഒരു കൂട്ടുകച്ചവടമാണെന്നു തന്നെയാണ്.
കഴുകന്മാരുടെ സദ്യ
ഉദാരവല്‍ക്കരണത്തിനു ശേഷം ഇന്ത്യയില്‍ നടന്ന, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന കൊടിയ അഴിമതിയെക്കുറിച്ചുള്ള, മലയാളിയായ അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ജോസി ജോസഫ് എഴുതിയ പുസ്തകത്തിന്റെ പേരാണ് “കഴുകന്മാരുടെ സദ്യ” (A Feast of Vultures). സമ്പദ്വ്യവസ്ഥയെ സ്വകാര്യവല്‍ക്കരിക്കുകയും, അതുവഴി അതിനെ കൂടുതല്‍ കാര്യക്ഷമാക്കുകയും ചെയ്യുന്നു എന്ന നാട്യത്തില്‍ രാജ്യത്തിന്റെ പ്രകൃതിവിഭവ സമ്പത്ത് മുഴുവന്‍ വിദേശികളും സ്വദേശികളുമായ വന്‍കിടക്കാര്‍ പങ്കുവെക്കുന്നതാണ് നാം പിന്നീട് കണ്ടത്; ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നതും. ഈ പ്രക്രിയ തന്നെയാണ് ഇന്ത്യയില്‍ “ലോകനിലവാരത്തിലുള്ള” ഒരു പറ്റം ശതകോടീശ്വരന്മാരെ സൃഷ്ടിച്ചതും.
ആഗോള സന്നദ്ധസംഘടനയായ ഓക്സ്ഫാമിന്റെ ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത്, ലോകത്തുതന്നെ രണ്ടാമത് ഏറ്റവും കൂടുതല്‍ അസമത്വം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ എന്നാണ്: രാജ്യത്തെ മുഴുവന്‍ സമ്പത്തിന്റെയും 58% ഇവിടുത്തെ അതിസമ്പന്നരായ 1% ആളുകളുടെ കയ്യിലാണെന്നും. കൂടാതെ, ഈ അസമത്വം വര്‍ധിച്ചുവരികയും ചെയ്യുന്നു: 2017ല്‍ ഇന്ത്യയില്‍ ഉത്പ്പാദിപ്പിച്ച സമ്പത്തിന്റെ 73%മാണ് ഇവിടുത്തെ 1 ശതമാനം അതിസമ്പന്നര്‍ കൈക്കലാക്കിയത്. ഇതേ കാലയളവില്‍ ഇന്ത്യയുടെ ദരിദ്രപാതിയായ 67 കോടി ജനങ്ങളുടെ സ്വത്തിലുണ്ടായ വളര്‍ച്ച വെറും 1% മാത്രമാണ്!
ജോസി ജോസഫ്
ഓക്സ്ഫാം പറയുന്നത് ഇന്ത്യയിലെ ഒരു പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ ഉയര്‍ന്ന തസ്തികയിലുള്ള ഒരു ഉദ്യോഗസ്ഥന് ശമ്പളയിനത്തില്‍ ഒരു വര്‍ഷം ലഭിക്കുന്ന തുക സമ്പാദിക്കാന്‍ ഗ്രാമപ്രദേശത്തു മിനിമം കൂലി വ്യവസ്ഥയില്‍ ജോലിചെയ്യുന്ന ഒരു സാധാരണ തൊഴിലാളിക്ക് 941 വര്‍ഷമെടുക്കും എന്നാണ്. റിപ്പോര്‍ട്ടില്‍ കൊടുത്തിരിക്കുന്ന കണക്കുകള്‍ പ്രകാരം ആഗോളതലത്തിലും സാമ്പത്തിക അസമത്വം അതിവേഗത്തില്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞവര്‍ഷത്തെ കാര്യം മാത്രമെടുത്താല്‍, 2017ല്‍ ലോകത്ത് ഉത്പ്പാദിപ്പിച്ച സമ്പത്തിന്റെ 82% അതിസമ്പന്നരായ 1% ആളുകളുടെ കയ്യിലേക്കാണ് പോയത്. അതേ സമയം ലോകത്തിന്റെ ദരിദ്ര പാതിയായ 370 കോടി ആളുകളുടെ സ്വത്തില്‍ ഇക്കാലയളവില്‍ നേരിയ വര്‍ദ്ധനവു പോലും ഉണ്ടായിട്ടില്ല!
ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ അതിസമ്പന്നരുടെ പട്ടികയില്‍ ഒന്നാമനാണ് റിലയന്‍സ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനി. കുടുംബം എന്ന നിലയിലും ഏഷ്യയിലെ ഏറ്റവും സമ്പന്നമാണ് അംബാനിയുടേത്. 2017ല്‍ അംബാനി കുടുംബത്തിന്റെ ആസ്തി 44 .8 ബില്യണ്‍ ഡോളറായിരുന്നു, രണ്ടരക്കോടി ജനങ്ങളുള്ള ഛത്തിസ്ഗഡ്ഡ് സംസ്ഥാനത്തിന്റെ ആ വര്‍ഷത്തെ ആഭ്യന്തര ഉത്പാദനത്തിന് തുല്യമായ സംഖ്യ. ഈ ഒരു വര്‍ഷത്തിനിടയില്‍ അംബാനി കുടുംബത്തിന്റെ ആസ്തിയില്‍ ഉണ്ടായ വര്‍ദ്ധനവ് മാത്രം 19 ബില്യണ്‍ ഡോളറായിരുന്നു; കഴിഞ്ഞവര്‍ഷത്തെ ഹിമാചല്‍ പ്രദേശിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന് തുല്യമായ തുക.
ഒരു രാജ്യത്തിന്റെ പൊതുസ്വത്തായ വിഭവങ്ങള്‍ ബലപ്രയോഗത്തിലൂടെയും കുതന്ത്രങ്ങളിലൂടെയും ഒരു ചെറുന്യൂനപക്ഷം തങ്ങളുടെ സ്വകാര്യസ്വത്താക്കി മാറ്റുന്നതിന്റെ ചരിത്രത്തിലെ തന്നെ വലിയ ഒരു ഉദാഹരണമാണ് 1990കള്‍ മുതല്‍ (അതിനു മുന്‍പും) ഇന്ത്യ സാക്ഷ്യം വഹിക്കുന്ന “വികസന” പ്രക്രിയ. ഒരു വശത്തു് ഓഹരിവിപണി സൂചികകളും, കോടീശ്വരന്മാരുടെ സമ്പത്തും കുതിച്ചുയരുകയും, മറുവശത്തു കുംഭകോണങ്ങളുടെ തോതും, പരിസ്ഥിതി നാശവും വര്‍ധിച്ചു വരികയും ചെയ്യുമ്പോള്‍ നമ്മളറിയണം ഇത് ഒട്ടും തന്നെ യാദൃശ്ചികമല്ലെന്ന്.
ഇത് വാസ്തവമായിരിക്കുമ്പോള്‍ തന്നെ, ഈ പകല്‍കൊള്ള ഇവിടുത്തെ ശതകോടീശ്വരന്മാരുടെ ആസ്തി കുത്തനെ ഉയര്‍ത്തുന്നതു കണ്ട്, കൊടിയേറ്റം സിനിമയിലെ നായകനെപ്പോലെ “എന്തൊരു സ്പീഡ്” എന്ന മട്ടില്‍ അമ്പരക്കുന്നവരാണ് നമ്മില്‍ പലരും എന്നത് മറ്റൊരു യാഥാര്‍ഥ്യം.
സ്വകാര്യലാഭവും, പൊതുനഷ്ടവും
ഫോര്‍ബ്സ് പട്ടികയിലെ ഒട്ടുമിക്ക അതിസമ്പന്നരുടെയും ആസ്തിയില്‍, പ്രത്യേകിച്ചും പ്രകൃതിവിഭവങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്പനിയുടമകളുടെ കാര്യത്തില്‍, ഇത്തരം കുതിച്ചുകയറ്റം ഉണ്ടായിട്ടുണ്ട്. ഈ വ്യവസ്ഥയുടെ സ്തുതിപാഠകര്‍ പറയുന്നതുപോലെ ഒരു സ്വതന്ത്ര വിപണിയില്‍ വ്യക്തികള്‍ അവരുടെ കഴിവും സാമര്‍ഥ്യവുമനുസരിച്ചു മത്സരിക്കുമ്പോള്‍ ലഭിക്കുന്ന അനിവാര്യമായ പ്രതിഫലമൊന്നുമല്ല ഇതെന്ന് വ്യക്തം. മറിച്ച് “ശിങ്കിടി മുതലാളിത്തം” എന്ന ഓമനപ്പേരില്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന, ഭരണകൂടത്തിന്റെ ഒത്താശയോടെ നടത്തുന്ന പെരുംതട്ടിപ്പു തന്നെയാണിത്.
സ്വാഭാവികമായ വളര്‍ച്ച എന്നതിലുപരി, നികുതിയിളവ്, തുച്ഛമായ വിലയ്ക്ക് ഭൂമിയും മറ്റു വിഭവങ്ങളും ലഭ്യമാക്കല്‍, കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളല്‍, കമ്പനികള്‍ക്കനുകൂലമായ നയരൂപീകരണങ്ങള്‍ തുടങ്ങി പലവിധേനെയായി ഭരണകൂടം നല്‍കുന്ന ദൃശ്യവും അദൃശ്യവുമായ “സബ്സിഡി”കളിലൂടെയാണ് ഒരു ചെറു ന്യൂനപക്ഷത്തിന്റെ കരങ്ങളില്‍ കണക്കില്ലാത്ത സമ്പത്തു കുമിഞ്ഞു കൂടുന്നത് എന്നത് വ്യക്തമാണ്. ഉദാഹരണത്തിന് 2004 -2015 കാലയളവില്‍ മാത്രം കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ നികുതിയിളവ് 50 ലക്ഷം കോടി രൂപയായിരുന്നു. താരതമ്യേന ചെറിയ ഒരു കാലയളവില്‍, രാജ്യത്തെ ഭരണകൂടം സ്വകാര്യകമ്പനികള്‍ക്കു നല്‍കിയ പലയിനം “സബ്സിഡി”കളില്‍ ഒന്ന് മാത്രമായിരുന്നു ഇന്നാട്ടിലെ സാധാരണക്കാരന് ചിന്തിച്ചെടുക്കാന്‍ പോലുമാവാത്ത ഈ തുക എന്നോര്‍ക്കുക.
സങ്കീര്‍ണമായ ചട്ടങ്ങളും നിയമങ്ങളും സൃഷ്ടിക്കുന്ന ഒരു പുകമറക്കുള്ളിലാണ് ഈ പ്രക്രിയ നടക്കുന്നതെങ്കിലും, അതിന്റെ അടിസ്ഥാന തത്വങ്ങള്‍ വളരെ ലളിതമാണ്: ഭരണകൂടത്തിന്റെ ഒത്താശയോടെ വിഭവങ്ങള്‍ (ഇതില്‍ കല്‍ക്കരി മുതല്‍ പുഴവെള്ളം വരെ ഉള്‍പ്പെടും) തങ്ങളുടെ വരുതിയിലാക്കുക. അവയില്‍ നിന്ന് ഉണ്ടാവുന്ന അമിതലാഭം സ്വന്തം പോക്കറ്റിലേക്കും, അതിന്റെ ഒരു അംശം ഭരണം കയ്യാളുന്ന രാഷ്ട്രീയകക്ഷിക്കും ഇടനിലക്കാര്‍ക്കും പങ്കുവെക്കുക. അതേ സമയം ഈ പ്രക്രിയയുടെ പാരിസ്ഥിതികവും മറ്റുമായ “ചിലവു”കള്‍, വായുവിന്റെയും വെള്ളത്തിന്റെയും മലിനീകരണം, പരമ്പരാഗത തൊഴിലുകളുടെ നാശം, പൊതുജനാരോഗ്യത്തിന്റെ തകര്‍ച്ച, തുടങ്ങിയവ, സമൂഹത്തിന്റെ തലയില്‍ കെട്ടിവെക്കുക. നവലിബറല്‍ കാലത്തെ “പുതിയ ഇന്ത്യ”യില്‍ മുന്‍പെങ്ങുമില്ലാത്തവണ്ണം അതിസമ്പന്നര്‍ സൃഷ്ടിക്കപ്പെടുന്നതിന്റെ പിന്നിലുള്ള അടിസ്ഥാന തത്വമാണിത്.
ഈ രീതിയില്‍ അതിസമ്പന്നരുടെ സ്വത്തു് കുതിച്ചുയരുമ്പോള്‍ത്തന്നെ മറുവശത്തു ഭരണകൂടം കൂടുതല്‍ അധികാരം കൈയ്യടക്കുന്നതും നമ്മള്‍ കാണുന്നു. പലപ്പോഴും സ്വേച്ഛാധിപത്യ സ്വഭാവമുള്ള നേതാക്കള്‍ ഇതിനു ആക്കം കൂട്ടുന്നുണ്ടെങ്കിലും, അവരുടെ അഭാവത്തിലും അനുസ്യൂതം തുടരുന്ന ഒന്നാണ് ഈ പ്രക്രിയ. ചുരുക്കത്തില്‍, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുണ്ടായ ജനാധിപത്യ മുന്നേറ്റങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ട്, നവലിബറലിസം എന്ന പേരില്‍ മുതലാളിത്തം നടപ്പിലാക്കുന്ന സമ്പത്തിന്റെയും അധികാരത്തിന്റെയും അമ്പരപ്പിക്കുന്ന കേന്ദ്രീകരണത്തിന്റെ ഇന്ത്യന്‍ പതിപ്പ് മാത്രമാണിത്. വര്‍ധിച്ചുവരുന്ന അരാഷ്ട്രീയതയും, വ്യാവസായിക അടിസ്ഥാനത്തില്‍ത്തന്നെയുള്ള പരസ്യ-വിനോദ മാമാങ്കങ്ങളും, സര്‍വെയ്ലന്‍സ് സംസ്‌ക്കാരവും, “സുരക്ഷാ” ആശങ്കകളും ഇതിനു മറപിടിക്കുന്ന ചെപ്പടിവിദ്യകള്‍ മാത്രം.
ഇന്ന് പക്ഷേ, ഭരണവര്‍ഗ്ഗങ്ങള്‍ കണ്ടില്ലെന്നുനടിച്ചതും പൊതുവല്‍ക്കരിക്കാന്‍ അനുവദിച്ചതുമായ ആ “ചിലവു”കള്‍ (externalised costs) അവഗണിക്കാന്‍ ആവാത്തവിധം നമ്മെ തിരിഞ്ഞുകൊത്താന്‍ തുടങ്ങിയിരിക്കുന്നു; ഗാന്ധിയും കുമരപ്പയും മുതല്‍ ക്ലബ് ഓഫ് റോം വരെയുള്ളവര്‍ പ്രവചിച്ചതു പോലെത്തന്നെ. എന്‍ഡോസള്‍ഫാന്‍ ഇരകളും, നിറം മാറി ഒഴുകുന്ന വിഷലിപ്തമായ പെരിയാറും, അപായകരമായ രീതിയില്‍ എത്തിനില്‍ക്കുന്ന ഡല്‍ഹിയിലെ വായു മലിനീകരണവും, ആഗോള തലത്തില്‍ നോക്കിയാല്‍, മനുഷ്യന്റെ അതിജീവനത്തിനു തന്നെ ഭീഷണിയാകാന്‍ പോന്ന പ്രഹരശേഷിയുള്ള കാലാവസ്ഥാ മാറ്റങ്ങളും, എല്ലാം ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്.
ഇതില്‍ ഒരു പങ്കും വഹിച്ചിട്ടില്ലെങ്കിലും, എന്നത്തേയും പോലെ ഇവിടുത്തെ ദുര്‍ബലരും ദരിദ്രരുമായ ജനവിഭാഗങ്ങള്‍ തന്നെയാവും ഈ തിരിച്ചടികളുടെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുക. പക്ഷെ ആര്‍ക്കും, സമൂഹത്തിലെ ഉന്നതര്‍ക്കുപോലും, ഇവയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റാത്ത സാഹചര്യമാണ് വരാന്‍ പോകുന്നത് എന്നാണ് ഡല്‍ഹിയിലെ അഭൂതപൂര്‍വമായ വായു മലിനീകരണം ഉളവാക്കിയ ആശങ്ക പങ്കുവെച്ചുകൊണ്ടുള്ള രഘു രാമന്റെ ഈ തുറന്നുപറച്ചില്‍ നമ്മോടു പറയുന്നത്.
“ശത്രുവിനെ കണ്ടെത്തിയിരിക്കുന്നു; അത് നാം തന്നെയാണ്”
1970 കളില്‍ നിന്നുള്ള വിഖ്യാതമായ ഒരു അമേരിക്കന്‍ കാര്‍ട്ടൂണിലെ ഈ തലവാചകത്തെ ഓര്‍മ്മിപ്പിക്കുംവിധം ലേഖകനായ രഘു രാമനും ഇത്തരമൊരു പരിസമാപ്തിയില്‍ എത്താതെ വയ്യ. നാം കേട്ടുപരിചയിച്ചിട്ടില്ലാത്ത, ഒരു കുറ്റസമ്മതം എന്ന് തന്നെ കണക്കാക്കാവുന്ന രീതിയില്‍ അദ്ദേഹം പറയുന്നതിങ്ങനെയാണ്:
“ഇത്തരമൊരു ആത്മഹത്യാപരമായ ചുഴിയിലേക്ക് ഏറ്റവും പരിഷ്‌ക്കാരമുള്ള സമൂഹങ്ങള്‍ പോലും വീണുപോകുന്നതിന്റെ പ്രധാന കാരണം മറ്റൊന്നുമല്ല, പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്ന വരേണ്യവിഭാഗങ്ങള്‍ അവരുടെ താല്‍ക്കാലിക ലക്ഷ്യങ്ങള്‍ക്ക് സമൂഹത്തിന്റെ ദീര്‍ഘകാല ക്ഷേമത്തേക്കാള്‍ പ്രാധാന്യം കൊടുക്കുന്നു എന്നതു തന്നെയാണത്. പ്രത്യേകിച്ചും ഈ തീരുമാനങ്ങളുടെ അനന്തരഫലങ്ങള്‍ തങ്ങളെ ബാധിക്കാത്തരീതിയില്‍ അവര്‍ സുരക്ഷിതരായിരിക്കുമ്പോള്‍, നൂറ്റാണ്ടുകളായി, ലോകമെമ്പാടും ഈ വിഭാഗങ്ങള്‍ ഇങ്ങനെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്; ഭാരതത്തിലും അതങ്ങിനെത്തന്നെയായിരുന്നു.””
ആധുനിക ഇന്ത്യയുടെ വികസനനയങ്ങളെപ്പറ്റി ഗാന്ധിയില്‍ തുടങ്ങി മേധാ പട്കറും, മാവോവാദികളും വരെ ഉന്നയിച്ചിട്ടുള്ള പല വിമര്‍ശനങ്ങളെയും മുന്നറിയിപ്പുകളെയുമെല്ലാം ശരിവെക്കുന്ന ഒന്നാണ് അധികാര-സാമ്പത്തിക കേന്ദ്രങ്ങളുടെ ഉള്ളറകളില്‍ നിന്ന് പുറപ്പെട്ടിരിക്കുന്ന ഈ കുമ്പസാരമൊഴി.
കൃഷിയും പരമ്പരാഗത തൊഴിലുകളും തകര്‍ത്തിട്ട് സ്മാര്‍ട്ട് സിറ്റികളുടെയും ബുള്ളറ്റ് ട്രെയിനുകളുടെയും പുറകെ പായുന്ന, ചെറുകിട കര്‍ഷകരുടെ അതിജീവനം അസാധ്യമാക്കി തീര്‍ത്തു “രാഷ്ട്ര നിര്‍മാണ”ത്തിന് വേണ്ട കൂലിപ്പടയാകാന്‍ അവരെ നഗരങ്ങളിലേക്ക് ആട്ടിത്തെളിക്കുന്ന, കോടിക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള മലകളെയും കാടുകളെയും പുഴകളെയും വെറും അസംസ്‌കൃത വസ്തുക്കളായി മാത്രം കണക്കാക്കി ഒന്‍പതു ദിവസത്തെ വ്യാവസായിക സ്വര്‍ഗം പണിതുയര്‍ത്താന്‍ പണിപ്പെടുന്ന, ഇതിന്റെയെല്ലാം പ്രാഥമിക ഗുണഭോക്താക്കളായ നമ്മുടെ അധികാരി, വരേണ്യ വര്‍ഗ്ഗങ്ങളുടെ തനിസ്വരൂപം ഇവിടെ നാം നേരില്‍ കാണുന്നു.
അപ്പോള്‍ “മെയ്ക് ഇന്‍ ഇന്ത്യയുടെ” ചിഹ്നമായ ആ ഉരുക്കു സിംഹം ശരിക്കും എന്താണ് ദ്യോതിപ്പിക്കുന്നതെന്ന് ഒരു ഞെട്ടലോടെ നാം തിരിച്ചറിയുന്നു.
ഗുജറാത്ത് മോഡലും കേരള മോഡലും തമ്മിലെന്ത്
ഒരു വശത്തു വര്‍ഗീയ ധ്രുവീകരണവും മറുവശത്തു ശിങ്കിടി മുതലാളിത്തവും ഒരേ പോലെ മുന്നോട്ടുവെക്കുന്ന ഗുജറാത്ത് മോഡല്‍ “വികസന”ത്തിന്റെ സാമൂഹിക, സാമ്പത്തിക വശങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. തന്റെ സ്വന്തം തട്ടകത്തില്‍ ആദ്യം പരീക്ഷിച്ച ഈ മാതൃക നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയാകമാനം നടപ്പിലാക്കുന്ന അവസരത്തില്‍ ഉയരുന്ന മറ്റൊരു പ്രധാന ചോദ്യം അതിന്റെ പാരിസ്ഥിതിക മാനങ്ങളെക്കുറിച്ചാണ്.
1991ല്‍ നവലിബറല്‍ നയങ്ങള്‍ സ്വീകരിച്ചു തുടങ്ങിയ തുടങ്ങിയ കാലം മുതല്‍ മാറി മാറി വന്ന സര്‍ക്കാരുകളെല്ലാം ചേര്‍ന്ന് ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ നിയമങ്ങളും സംവിധാനങ്ങളും മുന്‍പെന്നത്തെക്കാളും ദുര്‍ബലമാക്കിയിട്ടുണ്ട്. പക്ഷെ ഇവയെ എന്നെത്തേക്കാളുമധികം നിര്‍വീര്യമാക്കുന്ന നീക്കങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഉണ്ടായത്.
ഒരു രീതിയില്‍ നോക്കിയാല്‍ പക്ഷേ, ഈ നയങ്ങളില്‍ സവിശേഷമായി ഒന്നുമില്ല. സാമ്പത്തിക വളര്‍ച്ച എന്ന ഒറ്റ ലക്ഷ്യം മാത്രം മുന്നിലുള്ള ഏതൊരു സര്‍ക്കാരിനും (സമൂഹത്തിനും) പ്രകൃതി ചൂഷണം പരമാവധി വര്‍ധിപ്പിക്കാതെ വയ്യ എന്നതാണ് വാസ്തവം. അതുകൊണ്ടു തന്നെ, മോദി സര്‍ക്കാരിന്റെ കീഴില്‍ പാരിസ്ഥിതിക നാശം രൂക്ഷമായിട്ടുണ്ടെങ്കിലും, അത് ഈയൊരു സര്‍ക്കാരിന്റെ നയം മാത്രമായി ചുരുക്കിക്കാണാനാവില്ല.
ഉദാഹരണത്തിന്, ക്വാറികളും ജനവാസകേന്ദ്രങ്ങളും തമ്മിലുള്ള ദൂരപരിധി 100ല്‍ നിന്ന് 50 മീറ്ററായി കുറയ്ക്കുകയും, തണ്ണീര്‍ത്തട നിയമം അത് ലംഘിച്ചവര്‍ക്കനുകൂലമായി ഭേദഗതി ചെയ്യുകയും, അതിരപ്പള്ളി പദ്ധതി ഇപ്പോഴും കിനാവ് കാണുകയുമൊക്കെ ചെയ്യുന്ന പിണറായി സര്‍ക്കാരിന്റെ വികസനനയങ്ങളും അടിസ്ഥാനപരമായി ഇതുതന്നെയാണ്. പ്രത്യയശാസ്ത്രപരമായി ബിജെപിയുടെ എതിര്‍ചേരിയില്‍ നില്‍ക്കുന്നു എന്നവകാശപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റേതാണ് ഈ നയങ്ങള്‍ എന്നോര്‍ക്കുക. ഗാന്ധിജിയുടെ പാരമ്പര്യം പിന്‍പറ്റുന്ന കോണ്‍ഗ്രസ്സാവട്ടെ, നവലിബറല്‍ നയങ്ങള്‍ക്ക് ആദ്യം കൊടിവീശിയവരും. ചുരുക്കത്തില്‍, ആഗോളീകരണ-നവലിബറല്‍ കാലത്തെ രാഷ്ട്രീയത്തിന്റെ പാപ്പരത്തം കൂടെയാണ് വികസന നയങ്ങളിലുള്ള ഈ ഐക്യം വെളിവാക്കുന്നത്.
ഒരു കാര്യം തീര്‍ത്തു പറയാം: സാമ്പത്തിക വളര്‍ച്ചയുടെയും അതിലധിഷ്ഠിതമായ വികസന മാതൃകകളുടെയും അപ്പോസ്‌തോലര്‍ വാഗ്ദാനം ചെയ്യുന്ന പറുദീസ നമുക്കിവിടെ പടുത്തുയര്‍ത്താനാവില്ല, ഒരിക്കലും. നേരത്തേ പറഞ്ഞതുപോലെ, അഞ്ഞൂറ് വര്‍ഷത്തെ കൊളോണിയല്‍ ചൂഷണവും ഇരുനൂറു വര്‍ഷത്തെ ഖനിജ ഇന്ധനങ്ങളുടെ ഉപയോഗവും, അത് സാധ്യമാക്കിയ സാങ്കേതിക മേല്‍ക്കോയ്മയുമാണ് പാശ്ചാത്യ ലോകം ഇരുപതാം നൂറ്റാണ്ടില്‍ കൈവരിച്ച അഭൂതപൂര്‍വമായ ഉപഭോഗവളര്‍ച്ചക്കും ഭൗതികസൗകര്യങ്ങള്‍ക്കും അടിസ്ഥാനം.
പടിഞ്ഞാറിനെക്കാള്‍ എത്രയോ ഇരട്ടി അധികം ജനസംഖ്യയുള്ള ഇന്ത്യക്കോ ചൈനക്കോ, ഇനിയങ്ങോട്ട് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കു തന്നെയോ, അത്തരം ഉപഭോഗം സാധ്യമാക്കാനുള്ള വിഭവങ്ങള്‍ ഭൂമിയിലില്ല. പക്ഷെ എന്നിട്ടും അനുകരണത്വരയില്‍ അത്തരമൊരു ഉപഭോക്തൃ സമൂഹം ഇവിടെ കെട്ടിപ്പടുക്കാന്‍ നാം ശ്രമിക്കുന്നുണ്ടെങ്കില്‍ അതിനു നിലനില്‍പ്പുണ്ടാവില്ല എന്ന് നാം ഓര്‍ക്കണം. അതിനു കൊടുക്കേണ്ടി വരുന്ന വില, ഭൂമിക്ക്, മനുഷ്യനും, താങ്ങാനാവുന്നതിലും അധികമാണെന്നും.
അതുകൊണ്ടു തന്നെ, രഘു രാമന്‍ തന്റെ ലേഖനത്തില്‍ നല്‍കുന്ന ഈ അപായസൂചനകള്‍ ഇന്ത്യയുടെ (കേരളത്തിന്റെയും) സാമ്പത്തിക നയങ്ങളെയും വികസന മാതൃകയെയും കുറിച്ചുള്ള ഒരു പുതിയ ചര്‍ച്ചക്ക് അടിയന്തിരമായി തുടക്കം കുറിക്കട്ടെ. നവലിബറല്‍ നയങ്ങള്‍ വ്യാപകമായി ഇന്ത്യയില്‍ ആദ്യം നടപ്പാക്കപ്പെട്ട 1990കളിലും അതിനുശേഷവും ഉണ്ടായ ചര്‍ച്ചകളെ വിസ്മരിച്ചുകൊണ്ടല്ല ഇത് പറയുന്നത്.
രാജ്യമെമ്പാടുമുള്ള കര്‍ഷകരും ആദിവാസികളും പരമ്പരാഗത തൊഴിലാളികളും വികലമായ ഈ നയങ്ങള്‍ക്കെതിരേ സമരം തുടരുമ്പോഴും നമ്മുടെ മുഖ്യധാരയില്‍ ഇവയ്ക്കെങ്ങിനെ അപ്രമാദിത്വം കൈവന്നു എന്ന് കൂടി നാം അന്വേഷിക്കണം. ഭരണകൂടവും ജുഡീഷ്യറിയും മാധ്യമങ്ങളും, അവയോടൊട്ടി നില്‍ക്കുന്ന ഇവിടുത്തെ മധ്യവര്‍ഗ്ഗ സമൂഹവും ഹര്‍ഷോന്മാദത്തോടെ വന്‍ സാമ്പത്തിക ശക്തികള്‍ സംഘടിപ്പിച്ച “വികസന കൂട്ടയോട്ട”ത്തില്‍ അണിചേര്‍ന്നു എന്നതുതന്നെയാണ് അതിന്റെ കാരണം.
നാടോടുമ്പോള്‍ നടുവേ ഓടണമെന്ന് കരുതുന്നത് സ്വാഭാവികം മാത്രം; പക്ഷെ എങ്ങോട്ടാണ് ഈ ഓട്ടം എന്ന് ആവേശത്തിനിടയില്‍ ആരും ഓര്‍ത്തില്ല എന്നു മാത്രം.
“കാലാവസ്ഥാ മാറ്റമല്ല, വ്യവസ്ഥാമാറ്റം”
“കാലാവസ്ഥയല്ല മാറേണ്ടത്, വ്യവസ്ഥയാണ്” (system change, not climate change) – ഇപ്പോള്‍ ലോകമെങ്ങും കൂടുതല്‍ ശക്തിയോടെ മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങുന്ന മുദ്രാവാക്യമാണിത്. പക്ഷേ മുതലാളിത്തത്തെയും അതിന്റെ രൂപാന്തരമായ നവലിബറലിസത്തെയും തള്ളിക്കളയുമ്പോഴും, ഓര്‍ക്കേണ്ട ഒന്നുണ്ട്: പതിനെട്ടാം നൂറ്റാണ്ടിലെ വ്യാവസായിക വിപ്ലവത്തിന്റെ യാന്ത്രികയുക്തിയില്‍ കുരുങ്ങിക്കിടന്ന ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസത്തിലേക്കുള്ള മടക്കമല്ല നമുക്കുവേണ്ടത്. ലോകചരിത്രത്തില്‍ തന്നെ പാരിസ്ഥിതികമായ അവിവേകത്തിന്റെ കുപ്രസിദ്ധ ഉദാഹരണങ്ങളായിരുന്ന സോവിയറ്റ് റഷ്യയും മാവോയുടെ ചൈനയും തൊട്ട്, കൂറ്റന്‍ ഡാമുകളെ ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളായിക്കാണാന്‍ ആഹ്വാനം ചെയ്ത നെഹ്രുവിയന്‍ ആസൂത്രണ പരിപാടികള്‍ വരെ നമുക്ക് നല്‍കുന്ന പാഠം അതാണ്. നവലിബറലിസത്തിന്റെ പ്രഭാവം മാത്രമല്ല, ഈ പൈതൃകത്തിന്റെ ബാക്കിപത്രം കൂടിയാണ് കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍കീഴില്‍ ബംഗാളില്‍ നാം മുന്‍പു കണ്ടതും കേരളത്തില്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതുമായ വികസനജ്വരം.
ഒന്നോര്‍ക്കുക, ലോക സാമ്പത്തിക ഫോറം അടക്കമുള്ള മുതലാളിത്തത്തിന്റെ അകത്തങ്ങളില്‍ വരെ ഹരിത സമ്പദ്വ്യവസ്ഥയെയും ചാക്രിക സമ്പദ്വ്യവസ്ഥയെയും (circular economy) പറ്റി ചര്‍ച്ച ചെയ്യുന്ന കാലമാണിത്. അപ്പോഴും മുതലാളിത്തം സ്വയം കുടഞ്ഞെറിയാന്‍ ശ്രമിക്കുന്ന, കുറഞ്ഞത് നാല്‍പത്തഞ്ചു വര്‍ഷം മുന്‍പെങ്കിലും (ക്ലബ് ഓഫ് റോം പഠനം പ്രസിദ്ധീകരിച്ച സമയം) കാലഹരണപ്പെട്ട, ഇന്ത്യയിലെ മുഖ്യധാരാ പാര്‍ട്ടികളെല്ലാം പിന്തുടരുന്ന ഒരു വികസനനയത്തില്‍ കൂടുതലൊന്നും ഇവിടുത്തെ വ്യവസ്ഥാപിത ഇടതുപക്ഷത്തിന് മുന്നോട്ടുവെക്കാനില്ലെന്നതാണ് സത്യം. അതിനെ കുടഞ്ഞെറിയാതെയും, ഇക്കോസോഷ്യലിസം പോലുള്ള നവചിന്താധാരകളെ ഏറ്റെടുക്കാതെയും, ഈ പുതിയ ചര്‍ച്ചകളില്‍ തങ്ങള്‍ക്കെന്തു പങ്കുവഹിക്കാനാവും എന്നത് ഇടതുപക്ഷാനുഭാവികള്‍ തങ്ങളോട് തന്നെ ചോദിക്കേണ്ട ചോദ്യമാണ്.
ഇതെല്ലാമാണെങ്കിലും, ഏതെങ്കിലും പാര്‍ട്ടിയുടെയോ പ്രസ്ഥാനത്തിന്റെയോ രാജ്യത്തിന്റെയോ നയങ്ങള്‍ക്കപ്പുറമാണ് പ്രശ്‌നത്തിന്റെ കാതല്‍ എന്നു കൂടി നാം തിരിച്ചറിയണം. അത് സാമ്പത്തിക-അധികാര കേന്ദ്രങ്ങളുമായി വേര്‍പിരിയാനാവാത്തവിധം കെട്ടുപിണഞ്ഞുകിടക്കുന്ന ശാസ്ത്രസാങ്കേതിക സംവിധാനങ്ങളുടെയും, അവ ഉത്പാദിപ്പിക്കുന്ന, പ്രയോജനവാദത്തില്‍ അധിഷ്ഠിതമായ ആധുനിക ലോകവീക്ഷണത്തിന്റെയും പാളിച്ചകള്‍ കൂടി ഉള്‍പ്പെട്ട, ഏറ്റവും വിശാലമായ അര്‍ത്ഥത്തില്‍ സാംസ്‌കാരികം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണ്.
അതുകൊണ്ടു കൂടിയാവണം, ലോകത്തു ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖ ഇടതുപക്ഷ ബുദ്ധിജീവി എന്ന ഖ്യാതിയുള്ള നോം ചോംസ്‌കി ഈയിടെ ടെലിസര്‍ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്, ശാസ്ത്രജ്ഞര്‍ക്കും അക്കാദമിക പണ്ഡിതര്‍ക്കുമൊന്നുമല്ല, ഗോത്രവര്‍ഗക്കാര്‍ക്കാണ് നാം അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ശരിയായ ആഴം മനസിലായിട്ടുള്ളത് എന്നാണ്. ലാറ്റിന്‍ അമേരിക്കയിലെ അടക്കമുള്ള ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് ചോംസ്‌കി പറയുന്നത് അനുദിനം നാശത്തിലേക്ക് കുതിക്കുന്ന ആധുനിക സമൂഹങ്ങളെ അതില്‍നിന്നു പിന്നോട്ട് വലിക്കുന്നത് അവര്‍ പ്രാകൃതര്‍ എന്ന് കരുതുന്ന ഗോത്രജനതയാണ്; അതുകൊണ്ടുതന്നെ മുന്നോട്ട് നമ്മെ വഴിനടത്തേണ്ടതും അവരാണ് എന്നാണ്. പ്രകൃതിക്ക്, മനുഷ്യനു തുല്യമായ അവകാശങ്ങള്‍ ഉറപ്പിച്ചുകൊണ്ടു 2010ല്‍ നിയമം പാസാക്കുക വഴി ചരിത്രം സൃഷ്ടിച്ചത്, ഗോത്രജനതക്കു ഭൂരിപക്ഷമുള്ള, അവരിലൊരാളായ ഇവോ മൊറാലസ് നയിക്കുന്ന കൊച്ചുരാജ്യമായ ബൊളീവിയ ആണെന്നത് ചോംസ്‌കിയുടെ വിലയിരുത്തല്‍ ശരിവെക്കുന്ന ഒരുദാഹരണം മാത്രം.
നോം ചോംസ്‌കി
ഈയടുത്തു ജാര്‍ഖണ്ഡിലെ ചില ആദിവാസി ഭൂരിപക്ഷപ്രദേശങ്ങള്‍ സ്വതന്ത്രമേഖലയായി പ്രഖ്യാപിച്ചുകൊണ്ട് അവിടുത്തെ ആദിവാസി ജനത പൊതുസമൂഹത്തോട് പറയാന്‍ ശ്രമിക്കുന്നതും വിനാശകരമായ നമ്മുടെ രീതികളെ അവര്‍ അംഗീകരിക്കുന്നില്ല എന്ന് തന്നെയാണ്. ആദിവാസികളുടെ ദുഃസ്ഥിതിയില്‍ പുറമേക്ക് പരിതപിക്കുമ്പോഴും, അതിന് ഉത്തരവാദികള്‍ തങ്ങള്‍തന്നെയാണെന്ന കാര്യം സൗകര്യപൂര്‍വം മറക്കുന്ന, ഗോത്രജീവിതത്തെക്കുറിച്ചു് അങ്ങേയറ്റം വികലമായ ധാരണകള്‍ പുലര്‍ത്തുന്ന കേരളത്തിലെ മുഖ്യധാരാ സമൂഹവും ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാണ്. ആദിവാസിയെ ആധുനികനാക്കുക മാത്രമാണ് വഴി എന്നുറച്ചു വിശ്വസിക്കുന്ന നമ്മുടെ ശരാശരി പുരോഗമനചിന്തക്ക് പെട്ടന്ന് ഉള്‍ക്കൊള്ളാനാവാത്ത വിധം കീഴ്മറിഞ്ഞാണ് കാര്യങ്ങളുടെ കിടപ്പ് എന്ന് ഇനിയെങ്കിലും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
പാരിസ്ഥിതിക വിവേകവും സാമൂഹിക നീതിയും അടിസ്ഥാനമായ, എല്ലാ അര്‍ത്ഥത്തിലും സുസ്ഥിരമായ ഒരു പുതിയ ലോകക്രമത്തിലേക്ക് എത്തിച്ചേരണമെങ്കില്‍ സമ്പത്തിന്റെയും അധികാരത്തിന്റെയും വികേന്ദ്രീകരണവും വിവേകപൂര്‍ണമായ ഉപയോഗവും ഉണ്ടായേ തീരൂ. അതുപോലെ തന്നെ, ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും സമൂഹത്തിന്റെയും പ്രകൃതിയുടെയും താല്പര്യങ്ങള്‍ക്ക് വിധേയമാക്കുക തന്നെ വേണം. മാത്രമല്ല, വളര്‍ച്ച, വികസനം, പുരോഗതി തുടങ്ങി ആധുനികതയെ നിര്‍വചിക്കുക തന്നെ ചെയ്യുന്ന യൂറോപ്യന്‍ ജ്ഞാനോദയകാല സങ്കല്പങ്ങള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഈ പുതിയ യാഥാര്‍ഥ്യങ്ങളുമായി തട്ടിച്ചുനോക്കി, പുനര്‍വിചിന്തനം ചെയ്യുകയും വേണം.
ഇവോ മൊറാലസ്
നമുക്ക് പുതിയ ഒരു വഴി, ഒരു പക്ഷെ, വഴികള്‍, തേടേണ്ടിയിരിക്കുന്നു. അത്തരം നൂറു നൂറു ആശയങ്ങളും പരീക്ഷണങ്ങളും നമുക്ക് ചുറ്റിലും, ഇന്ത്യയിലും ലോകമെമ്പാടും, പലപ്പോഴും നിശബ്ദമായ രീതിയില്‍, ഇപ്പോള്‍ത്തന്നെ നടക്കുന്നുണ്ട്. “ബദല്‍” എന്നും “അപ്രായോഗികം” എന്നും മറ്റും ലേബലൊട്ടിച്ചു നാം പ്രാന്തവത്കരിച്ചിരിക്കുന്ന ഈ ശ്രമങ്ങളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊള്ളുകയും ഇവയിലേക്കു കൂടുതല്‍ ഊര്‍ജം നിറക്കുകയും, അവയെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയുമാണ് പ്രധാനമായും വേണ്ടത്.
അതിനുമപ്പുറം സമഗ്രമായ രീതിയിലുള്ള ഒരു പരിഹാരത്തിലേക്ക് കൂട്ടായ ചര്‍ച്ചയിലൂടെ മാത്രമേ നമുക്കെത്താനാവൂ. ഭൗമ പ്രക്രിയകളുടെ പോലും ക്രമം തെറ്റുന്ന ഒരു ലോകത്തില്‍ പരിഹാരമല്ല, ഒരു പക്ഷേ അതിജീവനം മാത്രമാവും സാധ്യമാവുക. അതെന്തായാലും, ആ പ്രക്രിയ തുടങ്ങേണ്ടത് നാമെത്തിനില്‍ക്കുന്ന പ്രതിസന്ധിഘട്ടത്തെ അതിന്റെ മുഴുവന്‍ ഗൗരവത്തോടും, ആഴത്തോടും, സങ്കീര്‍ണ്ണതയോടും കൂടി, തികഞ്ഞ സത്യസന്ധതയോടെ അംഗീകരിക്കുന്നതില്‍ മാത്രമാണ്. അതല്ലെങ്കില്‍, ചരിത്രത്തില്‍ പലപ്പോഴും സംഭവിച്ചിട്ടുള്ളതുപോലെ, നമ്മുടെ “പരിഹാരങ്ങള്‍” പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കില്ല എന്നാരു കണ്ടു?
എന്തായാലും ഒന്നുറപ്പാണ്, വലിയ രീതിയിലുള്ള മാറ്റങ്ങള്‍ ഇന്നത്തെ ലോകക്രമത്തില്‍ വന്നേ തീരൂ, നമ്മുടെ ലോകവീക്ഷണത്തിലും. അതും വേഗം തന്നെ. കാരണം, നമുക്ക് സമയം കുറവാണ്. ഭൂമിയുടെ പാതിര വെറും രണ്ടു നിമിഷം മാത്രം അകലെയാണുള്ളത്.