ഷാനവാസ് നാരാണിപ്പുഴയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ നടനാണ് ദേവ് മോഹന്‍. അതിദി റാവോ നായികയായ ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
ചിത്രത്തിനായി താടിയും മുടിയും വളര്‍ത്തിയപ്പോള്‍ അര്‍ജുന്‍ റെഡ്ഡി മലയാളത്തിലേക്ക് റീമേക്ക് ചെയ്യാന്‍ പോവുകയാണോയെന്ന് പലരും ചോദിച്ചെന്ന് പറയുകയാണ് ദേവ് മോഹന്‍. ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം ആരോടും പറഞ്ഞിരുന്നില്ലെന്നും ഒരു രക്ഷയുമില്ലാതായപ്പോള്‍ അടുപ്പമുള്ള കുറച്ച് പേരോട് പറഞ്ഞെന്നും സില്ലി മോങ്ക്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ദേവ് മോഹന്‍ പറഞ്ഞു.
‘2018ല്‍ താടിയും മുടിയും വളര്‍ത്തി തുടങ്ങിയപ്പോള്‍ അര്‍ജുന്‍ റെഡ്ഡി മലയാളത്തില്‍ റീമേക്ക് ചെയ്യുന്നുണ്ടോ എന്ന് ചിലര്‍ ചോദിച്ചു. സാധ്യതയില്ല എന്ന് ഞാന്‍ പറഞ്ഞു. കാരണം ഞാന്‍ എന്തിനാണ് താടിയും മുടിയും വളര്‍ത്തുന്നത് എന്ന് എനിക്കറിയാം. ഞാനത് ആരോടും പറഞ്ഞിരുന്നില്ല. ഞാന്‍ ചുമ്മാ വളര്‍ത്തിയതാണെന്നാണ് ചോദിക്കുന്നവരോട് പറഞ്ഞത്.
അവസാനം വേറെ ഒരു രക്ഷയുമില്ലാതായപ്പോഴാണ് കാര്യം തുറന്ന് പറഞ്ഞത്. അതും അടുപ്പമുള്ള ഒന്നോ രണ്ടോ പേരോട് മാത്രമാണ് പറഞ്ഞത്. ഇതാണ് കാര്യം, എന്ന് നടക്കുമെന്ന് അറിയില്ല, അതുകൊണ്ടാണ് ഈ സാഹസത്തിന് മുതിര്‍ന്നതെന്ന് പറഞ്ഞു. അങ്ങനെയാണ് ആ യാത്ര തുടങ്ങുന്നത്.
ഞാന്‍ കൊക്കകോള കോര്‍പറേറ്റിലായിരുന്നു ജോലി ചെയ്തിരുന്നത്. മാനുഫാക്ച്ചറിങ്ങിലാണെങ്കില്‍ വൃത്തിയായിരിക്കണമെന്ന് പറഞ്ഞ് മുടിയും താടിയുമൊന്നും വളര്‍ത്താന്‍ പാടില്ല. പിന്നെ എന്റെ മനേജര്‍ ഒരു നല്ല മനുഷ്യനായതുകൊണ്ടും തരക്കേടില്ലാതെ ഞാന്‍ പെര്‍ഫോം ചെയ്തുകൊണ്ടിരുന്നതുകൊണ്ടും കുഴപ്പമൊന്നുമില്ലായിരുന്നു,’ ദേവ് മോഹന്‍ പറഞ്ഞു.
Content Highlight: dev mohan about sufiyum sujathayum movie character look