Interview | ആന, കാട്, ബഫര്‍ സോണ്‍; ജോയ്‌സ് ജോര്‍ജ് സംസാരിക്കുന്നു
Interview
Interview | ആന, കാട്, ബഫര്‍ സോണ്‍; ജോയ്‌സ് ജോര്‍ജ് സംസാരിക്കുന്നു
അന്ന കീർത്തി ജോർജ്
Thursday, 29th December 2022, 7:32 pm
'പരിസ്ഥിതി സംരക്ഷണത്തിന്റെ മറവില്‍ സ്ഥാപിത താല്‍പര്യങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലുണ്ട്. പക്ഷെ, കേരളത്തിന്റെ പൊതുബോധം മാറിക്കഴിഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ നിലപാടെടുത്ത ഞങ്ങളെ പരിസ്ഥിതിവിരുദ്ധരും കയ്യേറ്റക്കാരുമായി ചിത്രീകരിച്ചിരുന്നവര്‍ തന്നെ ഇന്ന് ഞങ്ങളുടെ ആശങ്കകള്‍ മനസിലാക്കുന്നു. എന്തിന്റെ പേരിലാണെങ്കിലും, മാധ്യമങ്ങളും വി.ഡി. സതീശനെ പോലെയുള്ള ഹരിത എം.എല്‍.എമാരും ഇന്ന് ഇരകള്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറാവുന്നതിനെ പോസിറ്റീവായി തന്നെയാണ് കാണുന്നത്

ബഫര്‍ സോണും ഉപഗ്രഹ സര്‍വേയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വര്‍ഷങ്ങളായി തുടരുന്നതാണ്. രാജ്യത്തെ എല്ലാ ദേശീയോദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റിലും ഒരു കിലോമീറ്റര്‍ ബഫര്‍ സോണായി പ്രഖ്യാപിക്കണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്നുള്ള ഉപഗ്രഹ സര്‍വേയുമായി ബന്ധപ്പെട്ടാണ് നിലവില്‍ വലിയ പ്രതിഷേധവും വിമര്‍ശനങ്ങളും ഉടലെടുത്തിരിക്കുന്നത്. എങ്ങനെയാണ് പുതിയ നടപടികളെയും പ്രതിഷേധങ്ങളെയും സാറ്റലൈറ്റ് സര്‍വേയെയും വിലയിരുത്തുന്നത് ?

2003ല്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്ന ഉത്തരവ് വന്നിരിക്കുന്നത്. അതായത് ഐ/എ 2000/2003 എന്ന കേസില്‍ പരാതിക്കാരില്ല. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റുമായി ഇക്കോ സെന്‍സിറ്റീവ് സോണ്‍ (ഇ.എസ്.ഇസഡ്) അഥവാ ബഫര്‍ സോണ്‍ വേണമെന്നത് വന്യജീവി സംരക്ഷണ നിയമത്തിലോ, പരിസ്ഥിതി സംരക്ഷണ നിയമത്തിലോ പറയുന്നില്ല. നിയമനിര്‍മാണ സഭയുടെയും എക്സിക്യൂട്ടീവിന്റെയും അധികാരത്തിലേക്ക് കടന്നുകയറി ജുഡീഷ്യറി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവാണിത്. നിയമപരമായ ഈ പ്രശ്‌നത്തെ നിയമപരമായി നേരിടുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല.

വൈല്‍ഡ് ലൈഫ് ബോര്‍ഡ് ഓഫ് ഇന്ത്യ 2001ല്‍ വൈല്‍ഡ് ലൈഫ് സ്ട്രാറ്റജി കൊണ്ടുവരുന്നതാണ് ഇതിന്റെയെല്ലാം പശ്ചാത്തലമെന്ന് പറയാം. ഇതില്‍ വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമായി സേഫ്റ്റി സോണ്‍ വേണമെന്ന് നിര്‍ദേശിച്ചിരുന്നു. ബഫര്‍ സോണ്‍/ഇ.എസ്.ഇസഡ് എന്നീ പേരുകള്‍ അന്നില്ല. 2002ല്‍ സുപ്രീം കോടതിയില്‍ ഇതേ കുറിച്ച് പരാമര്‍ശങ്ങളുണ്ടായിട്ടുണ്ട്.

ഇപ്പോള്‍ ചര്‍ച്ചയാകുന്ന കേസ് 2003ലാണ് വരുന്നത്. രാജസ്ഥാനിലെ ജാമുവാ രാംഘട്ട് എന്ന വന്യജീവി സങ്കേതത്തിന്റെ സേഫ്റ്റി സോണായിരുന്ന 25 മീറ്റര്‍ ചുറ്റളവില്‍ നടന്ന ഖനനവുമായി ബന്ധപ്പെട്ടാണ് ഈ കേസ് വരുന്നത്. അന്ന് സെന്‍ട്രല്‍ എംപവേഡ് കമ്മിറ്റി ജാമുവാ രാംഘട്ടുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഗൈഡ് ലൈന്‍സ് സുപ്രീം കോടതി ഐ/എ 1000/2003 എന്ന പേരില്‍ ഒരു കേസ് നമ്പര്‍ നല്‍കി ഏറ്റെടുക്കുന്നു.

പിന്നീടുള്ള വര്‍ഷങ്ങളില്‍ രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഗോവയിലെയും ഖനനവുമായി ബന്ധപ്പെട്ട കേസുകളും ഇതിനൊപ്പം ചേര്‍ത്തു. ഒടുവില്‍ ഈ കേസിലാണ് 2022 ജൂണ്‍ മൂന്നിന് സുപ്രീം കോടതിയുടെ വിധി വരുന്നത്.

രാജ്യത്തെ 542 വന്യജീവി സങ്കേതങ്ങള്‍ക്കും 109 ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റില്‍ ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ വേണമെന്ന് പറഞ്ഞ സുപ്രീം കോടതി പക്ഷെ, ജാമുവാ രാംഘട്ടിന് 500 മീറ്റര്‍ മതിയെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതില്‍ തന്നെ ഈ വിധിയുടെ വൈരുധ്യം മനസിലാക്കാം.

ഗോവ ഫൗണ്ടേഷന്‍ നല്‍കിയ ഒരു കേസിലും 2006ല്‍ സുപ്രീം കോടതി സേഫ്റ്റി സോണ്‍ നടപ്പിലാക്കണമെന്ന് പറയുന്നുണ്ട്. ഇതിന്റെയെല്ലാം തുടര്‍ച്ചയായി 2011ല്‍ അന്നത്തെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായിരുന്ന ജയ്റാം രമേശ് പുറപ്പെടുവിച്ച ബഫര്‍ സോണ്‍ ഗൈഡ് ലൈന്‍സില്‍ പത്ത് കിലോമീറ്റര്‍ വേണമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. ഈ ഗൈഡ്‌ലൈന്‍സിന്റെ കൂടി പശ്ചാത്തലത്തിലാണ് 2022ലെ ഇപ്പോള്‍ ചര്‍ച്ചയാകുന്ന വിധി വന്നിരിക്കുന്നത്.

എന്നാല്‍, ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചുകൊണ്ട് 2019 ഒക്ടോബര്‍ 31ന് കേരള സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് കോടതി വിധി വന്നിരിക്കുന്നതെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. കോടതിവിധിയില്‍ പെരിയാര്‍ എന്ന വന്യജീവി സങ്കേതത്തിന്റെ പേര് ഒരു ലിസ്റ്റില്‍ വരുന്നതല്ലാതെ, കേരളത്തെ സംബന്ധിച്ച് ഒരു പരാമര്‍ശവുമില്ലെന്നതാണ് വസ്തുത.

എല്ലാ വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്നത് സുപ്രീം കോടതി വിധിയിലൂടെ നിലവില്‍ വന്നുകഴിഞ്ഞു. ഇനി അതില്‍ നിന്നും പുറത്തുകടക്കുക എന്നത് മാത്രമാണ് മുന്നിലുള്ള മാര്‍ഗം. അവിടെയാണ് മാപ്പ് പ്രസക്തമാകുന്നത്.

സുപ്രീം കോടതി വിധിയുടെ 44.സി യിലാണ് ഇന്‍വെന്ററി (inventory) തയ്യാറാക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളുള്ളത്. എവിടെയും മാപ്പ് നല്‍കണമെന്ന് പറഞ്ഞിട്ടില്ല. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യ വനപാലകനോട് ഓരോ വന്യജീവി സങ്കേതത്തിനും ദേശീയോദ്യോനത്തിനും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പരിധിയില്‍ എന്തൊക്കെയാണ് ഉള്ളതെന്ന് കണ്ടെത്തി ഇന്‍വെന്ററി സമര്‍പ്പിക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. ഇന്‍വെന്ററി തയ്യാറാക്കുന്നതിന് വേണ്ടി ഉപഗ്രഹ സര്‍വേയയും ഡ്രോണും ഉപയോഗിക്കാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ജൂണിലെ കോടതിവിധിയെ തുടര്‍ന്നുണ്ടായ സമരം

ഇതിന് പിന്നാലെയാണ് ഉപഗ്രഹ സര്‍വേ നടപടികള്‍ ആരംഭിക്കുന്നത്. ഈ രംഗത്തെ പ്രധാനപ്പെട്ട ഏജന്‍സിയായ റിമോട്ട് സെന്‍സിങ് ആന്റ് എന്‍വോയണ്‍മെന്റിനെയാണ് സംസ്ഥാന വനം വകുപ്പ് ഈ ജോലി ഏല്‍പിക്കുന്നത്. എന്നാല്‍ കേരളം പോലെ ഗ്രീന്‍ കവര്‍ ഉള്ള സ്ഥലത്ത് ഉപഗ്രഹ സര്‍വേ നടത്തിയാല്‍ എല്ലാ കെട്ടിടങ്ങളും നിര്‍മിതികളും രേഖപ്പെടുത്താനാകില്ല എന്ന പണ്ട് മുതലേയുള്ള വിമര്‍ശനം വീണ്ടുമുയര്‍ന്നു.

വനം വകുപ്പിന് കോടതി നേരിട്ട് നല്‍കിയ നിര്‍ദേശത്തിന്റെ പുറത്താണ് ഇതെല്ലാം നടന്നത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇടപെടേണ്ട ആവശ്യമില്ലായിരുന്നു. എന്നാല്‍ വനം വകുപ്പ് ഇന്‍വെന്ററി തയ്യാറാക്കുന്ന ഘട്ടത്തില്‍ പല തരത്തിലുള്ള ആശങ്കകള്‍ ഉയര്‍ന്നു. കാരണം, ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തങ്ങളില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരപരിധിയും കടന്ന് ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്ന നിലയിലേക്ക് കേരളത്തിലെ വനംവകുപ്പ് മാറിയിട്ടുണ്ടെന്ന കാര്യം നമുക്കെല്ലാം അറിയാം. വനംവകുപ്പ് സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുന്നുവെന്ന് ഞങ്ങളെ പോലുള്ളവര്‍ പല തവണ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.

ഉപഗ്രഹ സര്‍വേയെ കുറിച്ചുള്ള ജനങ്ങളുടെ ആശങ്കളുടെ അടിസ്ഥാനത്തില്‍ ഇന്‍വെന്ററി മോണിറ്റര്‍ ചെയ്യുന്നതിന് വേണ്ടി 2022 ഓഗസ്റ്റ് 29ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വനം വകുപ്പിന്റെ പ്രവര്‍ത്തനം ജനതാല്‍പര്യത്തിനനുസരിച്ചല്ല നീങ്ങുന്നതെന്ന് ബോധ്യമായി. ഫീല്‍ഡ് സര്‍വേ നടത്തി വ്യക്തത വരുത്തിയ ശേഷം മാത്രമേ ഇന്‍വെന്ററി സമര്‍പ്പിക്കാവൂ എന്ന് തീരുമാനിക്കുന്നതും അവിടെയാണ്. ഭൗതിക പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ വിദഗ്ധ സമിതിയെയും നിയമിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍

വിദഗ്ധ സമിതിയോട് ഒരു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും മൂന്ന് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. സെപ്റ്റംബര്‍ മുപ്പതിനാണ് ഇതു സംബന്ധിച്ച ഉത്തരവ് വരുന്നത്. എന്നാല്‍ ഈ വിദഗ്ധ സമിതി ഇക്കഴിഞ്ഞ മൂന്ന് മാസം കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തിയില്ലെന്നാണ് എന്റെ വ്യക്തിപരമായ നിരീക്ഷണം.

മുഖ്യമന്ത്രി തന്നെ ഈ മാപ്പിനകത്ത് അപാകതകളുണ്ടെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരുകള്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കാനാണ് ശ്രമിക്കാറുള്ളത്. എന്നാല്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചത്. വീഴ്ചകള്‍ സമ്മതിക്കുകയും ഉന്നത തല യോഗം ചേര്‍ന്ന് ഭൂതല സര്‍വേ ഏറ്റവും കാര്യക്ഷമമായി നടത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

പക്ഷെ, മാപ്പിലെ അപാകതകള്‍ സ്വയം പരിശോധിച്ച് ബോധ്യപ്പെട്ടതല്ലല്ലോ, ജനങ്ങളുടെ സമരവും പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളും ചേര്‍ന്നുണ്ടാക്കിയ വലിയ സമ്മര്‍ദത്തിനൊടുവിലല്ലേ സര്‍ക്കാര്‍ അത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നത് ?

പ്രതിഷേധങ്ങളോടും വിമര്‍ശനങ്ങളോടും സര്‍ക്കാര്‍ എടുത്ത സമീപനത്തെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. വേണമെങ്കില്‍ എടുത്ത നിലപാടുകളില്‍ സര്‍ക്കാരിന് ഉറച്ചു നില്‍ക്കാമായിരുന്നു. എന്നാല്‍ തുറന്ന മനസോടെ എല്ലാവരുടെയും വിമര്‍ശനങ്ങളെയും നിര്‍ദേശങ്ങളെയും പ്രതിഷേധങ്ങളെയും സര്‍ക്കാര്‍ സമീപിച്ചു. ഏറ്റവും താഴെത്തട്ടില്‍ നിന്ന് തന്നെ ഗ്രൗണ്ട് സര്‍വേ നടത്താന്‍ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍ തുടങ്ങിയ പ്രാദേശിക ജനപ്രതിനിധികളെയും പഞ്ചായത്ത് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ ഉദ്യോഗസ്ഥരെയും വിശ്വാസത്തിലെടുത്ത് കൊണ്ട് കുറ്റമറ്റ രീതിയില്‍ ഇന്‍വെന്ററി തയ്യാറാക്കാന്‍ തീരുമാനിക്കുകയും നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

തീര്‍ച്ചയായും ഈ നടപടികള്‍ക്കിടയിലും മലയോര ജനങ്ങളില്‍ നിന്ന് എതിര്‍പ്പും പ്രതിഷേധങ്ങളും ഉയര്‍ന്നേക്കാം. കാരണം ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന വളരെ സെന്‍സിറ്റീവായ വിഷയമാണിത്. അതുകൊണ്ടാണ് വര്‍ഷങ്ങളായി കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്തുവകകളും ഭൂമിയും നഷ്ടപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടാകുമെന്നും അതിനെ മനസിലാക്കുന്നുവെന്നും മുഖ്യമന്ത്രി പറയുന്നത്.

ബഫര്‍ സോണിനെ കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനങ്ങളില്‍ ആവര്‍ത്തിച്ചു പറയുന്നത്?

പത്രങ്ങളിലും മറ്റ് വാര്‍ത്താ മാധ്യമങ്ങളിലുമെല്ലാം തെറ്റിദ്ധാരണജനകമായ വാര്‍ത്തകള്‍ തന്നെയാണ് നിറയുന്നത്. സുപ്രീം കോടതി വിധിക്ക് മുമ്പുള്ള 2020ലെ മാപ്പ് സമര്‍പ്പിച്ചാല്‍ കോടതി സ്വീകരിക്കില്ലെന്നും അത് വലിയ പ്രതിസന്ധിയുണ്ടാക്കില്ലേയെന്നുമാണ് മുഖ്യധാര മാധ്യമങ്ങളെല്ലാം ചോദിക്കുന്നത്.

പ്രതിപക്ഷ നേതാവിന്റെ പ്രധാന വിമര്‍ശനങ്ങളിലൊന്നും ഇത് തന്നെയല്ലേ?

ഈ വാദം തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണ്. ഇന്‍വെന്ററി തയ്യാറാക്കുന്നതിനുള്ള ഒരു കിലോമീറ്റര്‍ പരിധി കൃത്യതയോട് കൂടി കണ്ടെത്തുന്നതിന് വേണ്ടി മാത്രമുള്ളതാണ് മാപ്പ്. അതിനപ്പുറത്തേക്ക് മാപ്പിന് പ്രസക്തിയില്ല. ഇന്‍വെന്ററി പൂര്‍ത്തിയാക്കി സുപ്രീം കോടതിക്ക് സമര്‍പ്പിക്കുന്നതോട് മാപ്പിന്റെ ആവശ്യം തീരുകയാണ്.

ഇനി, പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം അംഗീകരിക്കുന്നുവെന്ന് തന്നെ വെക്കുക. 2020ലെ മാപ്പ് എന്ന സൂചകത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അത് ഫൈനലൈസ് ചെയ്യുന്ന ഘട്ടത്തില്‍ അത് പുതിയ മാപ്പാകും. വെറും കോമണ്‍ സെന്‍സാണ് അത്. ഇത് അറിയാത്തയാളല്ല പ്രതിപക്ഷ നേതാവ്. അദ്ദേഹവും എന്നെ പോലെ അഭിഭാഷകനാണ്. കേരള ഹൈക്കോടതിയില്‍ കുറച്ച് നാള്‍ പ്രാക്ടീസ് ചെയ്തിട്ടുമുണ്ട്.

എന്നിട്ടും, ജനങ്ങളുടെ സാമാന്യ ബുദ്ധിയെപോലും വെല്ലുവിളിച്ചുകൊണ്ടാണ് ഈ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നുണ്ട്. ഇങ്ങനെ തെറ്റിധരിപ്പിക്കുന്നത് കൊണ്ട് ആര്‍ക്കാണ് ലാഭം, ആര്‍ക്കുമില്ല. നഷ്ടം മാത്രമേ ഉണ്ടാവുകയുള്ളു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

ഞാന്‍ ഒരു കാര്യം ആവര്‍ത്തിച്ച് പറയാന്‍ ആഗ്രഹിക്കുകയാണ്, ഇപ്പോഴത്തെ ബഫര്‍ സോണ്‍ ജുഡീഷ്യലായ അല്ലെങ്കില്‍ കോടതിയുടെ ഒരു ഉത്തരവിലൂടെ ഉണ്ടായൊരു നിയമ പ്രശ്‌നമാണ്. ഇത് ഒരു ഗവണ്‍മെന്റും നയപരമായെടുത്ത തീരുമാനമോ ഒരു നിയമ നിര്‍മാണത്തിന്റെയോ എക്‌സിക്യൂട്ടീവ് ഉത്തരവിന്റെയോ ഭാഗമായി ഉണ്ടായതല്ല. അതുകൊണ്ട് തന്നെ കോടതിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തെ നിയമപരമായി മാത്രമേ സമീപിക്കാന്‍ പറ്റുകയുള്ളു.

നിയമപരമായി സമീപിക്കുന്ന വിഷയത്തിനകത്ത് കോടതിയും കേസുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള കാഴ്ചപ്പാടുകളുണ്ടാകും. ആ എല്ലാ കാഴ്ചപ്പാടുകളെയും പരിഗണിച്ചുകൊണ്ട് നമുക്ക് എങ്ങനെ ഇതില്‍ നിന്ന് പുറത്തുകടക്കാന്‍ പറ്റും എന്ന് കൃത്യമായ നിലപാടെടുക്കണം. അതുകൊണ്ട് തന്നെ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമൊക്കെ കൂടുതല്‍ ഗൗരവത്തോടുകൂടി ഏതാണ് കൃത്യതയുള്ള നിലപാടെന്ന ബോധ്യത്തോടു കൂടി വേണം പറയാന്‍. മറ്റേതെങ്കിലും വ്യക്തികള്‍ പറയുന്നത് പോലെയല്ല അവരുടെ വാക്കുകള്‍. ബഫര്‍ സോണ്‍ വിഷയത്തില്‍ ആര്‍ക്കും അപകടം ഉണ്ടാകാത്ത രീതിയിലുള്ള നിലപാട് സ്വീകരിച്ച് അത് സുപ്രീംകോടതിയെ ബോധ്യപ്പെടുത്തി ഈ വിഷയം പരിഹരിക്കുകയാണ് ചെയ്യേണ്ടത്. ഇത്രയേറെ ഗൗരവപരമായ തീരുമാനമെടുക്കേണ്ട ഘട്ടത്തിലാണ് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.

നാം നേരിടുന്ന പ്രധാന പ്രശ്‌നത്തെ കുറിച്ചും അതിന് പിന്നിലുള്ളവരുടെ താല്‍പര്യങ്ങളെ കുറിച്ചും കൂടി നാം സംസാരിക്കേണ്ടതുണ്ട്. ഞാന്‍ ആദ്യം സൂചിപ്പിച്ചതുപോലെ സുപ്രീം കോടതിയില്‍ കേസുകൊടുക്കുന്ന ഗോവ ഫൗണ്ടേഷന്‍ ഉള്‍പ്പടെയുള്ള പരിസ്ഥിതി സംഘടനകള്‍, അവരുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന മറ്റ് താല്‍പര്യങ്ങള്‍, കേസ് നടത്തിക്കൊണ്ടു പോകുന്നതിനുള്ള വലിയ സാമ്പത്തിക സ്രോതസുകള്‍ തുടങ്ങിയവയാണ് ഒരു വശത്തുള്ളത്.

മറുവശത്ത്, സുപ്രീം കോടതിയില്‍ നിന്നുള്ള ഉത്തരവും നിയമങ്ങളും, അതിനപ്പുറത്ത് നില്‍ക്കുന്ന ജനങ്ങളുടെ താല്‍പര്യവുമുണ്ട്. ജനങ്ങളുടെ താല്‍പര്യം പൂര്‍ണമായും സംരക്ഷിക്കണമെങ്കില്‍ ഇവിടെ ഒരു ഏകീകൃത സ്വഭാവത്തോടുകൂടിയ അഭിപ്രായങ്ങളും നടപടികളുമുണ്ടാവണം. മറിച്ച്, ഇവിടെ അഭിപ്രായത്തില്‍ വ്യക്തത ഇല്ലാതെ വരികയും വ്യത്യാസങ്ങള്‍ ഉണ്ടാകുകയും ഒരു ഡിവൈഡഡ് ഹൗസായി ഇങ്ങനെ പലരീതിയില്‍ നില്‍ക്കുമ്പോള്‍ ഇതിന്റെ പ്രയോജനം ലഭിക്കുന്നത് മറ്റു ചിലര്‍ക്കാണ്.

പരിസ്ഥിതി സംരക്ഷണത്തിന്റെ മറവില്‍ വന വിസ്തൃതി കൂട്ടുകയും ജനങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നതിന് വേണ്ടി ശ്രമിക്കുന്ന സംവിധാനത്തിനാണ് അത് ഗുണമാകുന്നത്. അഭിപ്രായ വ്യത്യാസങ്ങളെ മുതലാക്കി അതിനിടയിലൂടെ തങ്ങളുടെ താല്‍പര്യങ്ങള്‍ ഒളിച്ചു കടത്താനാണ് അവര്‍ ശ്രമിക്കുന്നത്. അതിന്റെ പിണിയാളുകളായ ഉദ്യോഗസ്ഥന്മാര്‍ സര്‍ക്കാര്‍ ഭരണ സംവിധാനത്തിനകത്തുണ്ട്.

ഉന്നത തല ഉദ്യോഗസ്ഥന്മാരില്‍, പ്രത്യേകിച്ച് വനം വകുപ്പിനകത്ത് അത്തരത്തിലുള്ള കറുത്ത ആടുകളുണ്ടെന്നതില്‍ ഒരു സംശയവും വേണ്ട. അത്തരക്കാര്‍ക്ക് തങ്ങളുടെ താല്‍പര്യങ്ങള്‍ സര്‍ക്കാര്‍ നടപടിയുടെ ഭാഗമാക്കി ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് കൂടുതല്‍ എളുപ്പമാക്കാനേ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ സമീപനങ്ങളും ഈ പ്രസ്താവനകളൂം കരണമാകാവുകയുള്ളു.

അഭിപ്രായ വ്യത്യാസങ്ങള്‍ക്കപ്പുറത്തേക്ക് വി.ഡി. സതീശനെ പോലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത് സര്‍ക്കാരിന് ഈ വിഷയത്തില്‍ വലിയ അവ്യക്തതയുണ്ടെന്നാണ്. ഉന്നത തല യോഗത്തില്‍ പോലും തങ്ങള്‍ക്ക് ആ അവ്യക്തത തോന്നിയെന്നും പ്രതിപക്ഷ നേതാവ് പറയുന്നുണ്ട്. അതേസമയം, ജനജീവിതത്തിന് തടസമുണ്ടാകാതിരിക്കുന്നതിനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നുണ്ട്. ഈ വിഷയത്തിന്റെ വിവിധ വശങ്ങളെ പറ്റി സംസാരിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ ബഫര്‍ സോണില്‍ സര്‍ക്കാരിന് ഏതെങ്കിലും തരത്തിലുള്ള അവ്യക്തതയുണ്ടെന്ന് കരുതുന്നുണ്ടോ? അതോ വളരെ കൃത്യമായ പദ്ധതികളും നിലപാടുമായാണോ സര്‍ക്കാര്‍ മുന്നേറുന്നത് ?

അത്തരത്തില്‍ എന്തെങ്കിലും അവ്യക്തതകളെ സംബന്ധിച്ച് ആളുകള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ അതുകൂടി പരിഹരിക്കുന്ന തരത്തിലേക്കുള്ള കൃത്യമായ സമീപനമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും തുല്യ പങ്കാളിത്തമാണുള്ളത്. കാരണം, ഇതൊരു നിയമ പ്രശ്‌നമാണ് അപ്പോള്‍ അത് പരിഹരിക്കുന്നതിന് വേണ്ടി കൂട്ടായ പരിശ്രമമാണ് വേണ്ടത്.

പ്രതിപക്ഷവും ജനപ്രതിനിധികളും ഗവണ്‍മെന്റുമായി നടന്നിട്ടുള്ള യോഗത്തില്‍ എന്തെങ്കിലും അവ്യക്തത തോന്നിയെങ്കില്‍ അത് ആ യോഗത്തില്‍ തന്നെ പറയണമായിരുന്നു. അതോടപ്പം വ്യക്തത വരുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുണ്ടാകണം. വേണമെങ്കില്‍ അവര്‍ക്ക് സമരരംഗത്തേക്ക് ഇറങ്ങുകയും ചെയ്യാമായിരുന്നു. പക്ഷെ അങ്ങനെ ഒന്നുമുണ്ടായിട്ടില്ല. ഇപ്പോള്‍ ഈ വിവാദങ്ങളുണ്ടായതിനു ശേഷമാണ് വി.ഡി. സതീശന്‍ ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുന്നത്. മാത്രമല്ല, മുന്‍കാല ചെയ്തികള്‍ കൂടി വെച്ചാണ് ഒരാള്‍ ഇന്ന് പറയുന്ന വാക്കുകളിലെ വിശ്വാസ്യത അളക്കുക.

മാധവ് ഗാഡ്ഗില്‍

ഇന്നത്തെ പ്രതിപക്ഷ നേതാവ് ഒരു ഘട്ടത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഹരിത എം.എല്‍.എമാരുടെ കൂട്ടത്തിലുള്ളയാളായിരുന്നു. 2011ല്‍ ജയ്‌റാം രമേശിന്റെ നേതൃത്വത്തില്‍ ഗൈഡ്‌ലൈന്‍സ് പുറത്തിറക്കിയ ശേഷം, ഓരോ സംസ്ഥാനത്തും ഇതെങ്ങനെ നടപ്പിലാക്കണം എന്നതിനെ സംബന്ധിച്ച് പഠിക്കാനായി വെച്ച നിയമസഭ സമിതിയുണ്ട്. ആ സമിതികളിലൊന്നിന്റെ ചെയര്‍മാനായിരുന്നു വി.ഡി. സതീശന്‍. മറ്റൊന്നിന്റെ ചെയര്‍മാന്‍ ടി.എന്‍.പ്രതാപന്‍ ആയിരുന്നു. മറ്റൊന്നിന്റേത് ഷംസുദ്ദീനും.

അന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഹരിത എം.എല്‍.എമാരെന്ന പേരില്‍ കോണ്‍ഗ്രസിനകത്ത് ഒരു പ്രത്യേക ബ്ലോക്കിക്കുണ്ടാക്കി ഇതെല്ലാം കൃത്യമായി നടപ്പിലാക്കണമെന്ന് ശാഠ്യം പിടിച്ചിരുന്ന, ഇതിനെതിരായി നിലപാടെടുക്കുന്ന എല്ലാവരെയും ആക്ഷേപിച്ചു സംസാരിച്ചിരുന്ന ഒരാളാണ് ശ്രീ വി.ഡി.സതീശന്‍. ജയറാം രമേശ് ബഫര്‍ സോണിന് 10 കിലോമീറ്റര്‍ എന്ന് പറഞ്ഞിടത്ത് വി.ഡി. സതീശന്റെ കൂടി ശിപാര്‍ശയുടെ ഭാഗമായിട്ടാണ് 2013 മെയ് മാസം എട്ടാം തീയതി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റ്, ബഫര്‍ സോണ്‍ പൂജ്യം മുതല്‍ പന്ത്രണ്ട് കിലോമീറ്റര്‍ വരെയെന്ന തീരുമാനമെടുക്കുന്നത്. അങ്ങനെയൊരു മുന്‍കാല ചരിത്രം കൂടി ബഹുമാന്യനായ വി.ഡി. സതീശനുണ്ട്. അതുകൊണ്ട് തന്നെ വി.ഡി. സതീശന്‍ ഇന്ന് പറയുന്ന വാദങ്ങളില്‍ വിശ്വാസ്യതക്ക് കുറവുണ്ട്.

വി.ഡി.സതീശന്റെ ‘അഞ്ചു ചോദ്യങ്ങളിലൂടെ’ കടന്ന് പോകുമ്പോള്‍ മനസിലാകുന്ന ചിലതുണ്ട്. ഒന്നുകില്‍ അദ്ദേഹത്തിന് ഈ വിഷയത്തെ കുറിച്ചുള്ള ധാരണ കുറവുണ്ട്, അതല്ലെങ്കില്‍ ഇതില്‍ നിന്ന് യഥാര്‍ത്ഥ ഫോക്കസ് മാറ്റിക്കൊണ്ട് പോകാനുള്ള ഒരു കൗശലം നിറഞ്ഞ ചിന്തയാണിപ്പോള്‍ കാണുന്നത്.

2019 ഒക്ടോബര്‍ 31ാം തിയതിയിലെ സംസ്ഥാന ഗവണ്‍മെന്റ് ഉത്തരവ് മൂലമല്ലേ സുപ്രീംകോടതി വിധി ഉണ്ടായത് എന്നാണ് അദ്ദേത്തിന്റെ ആദ്യത്തെ ചോദ്യം. ഞാന്‍ ആദ്യം തന്നെ കോടതി ഉത്തരവിന്റെ പശ്ചാത്തലം വിശദമാക്കിയതില്‍ അതിനുള്ള മറുപടിയുണ്ട്. സുപ്രീം കോടതി വിധിയില്‍ ഒരു സ്ഥലത്തും കേരളത്തെയോ കേരളത്തിന്റെ ഉത്തരവിനെയോ സംബന്ധിച്ച് പറഞ്ഞിട്ടില്ല, കേരളം കക്ഷിയല്ല.

മാത്രമല്ല, 2019 ഒക്ടോബര്‍ 31ലെ സര്‍ക്കാരിന്റെ ഉത്തരവില്‍ പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ എന്നാണ് പറഞ്ഞിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് 2019നു ശേഷം 2020ല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രൊപ്പോസലുണ്ടാക്കി കേന്ദ്ര ഗവണ്മെന്റിനു കൊടുക്കുന്നത്.

കൃഷ്ണസ്വാമി കസ്തൂരിരംഗന്‍

കാറ്റഗറി എയില്‍ലുള്‍പ്പെടുന്ന പെരിയാര്‍ ടൈഗര്‍ റിസേര്‍വും പെരിയാര്‍ നാഷണല്‍ പാര്‍ക്കുമാണ് കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം. അത് ഏകദേശം 900 ചതുരശ്ര കിലോമീറ്റര്‍ വരുന്നതാണ്. കുമളി ടൗണിനോട് ചേര്‍ന്നാണ് ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. കുമളിയുള്‍പ്പെടെയുള്ള മുഴുവന്‍ ജനവാസ കേന്ദ്രങ്ങളെയുമൊഴിവാക്കി സിറോ ബഫര്‍ സോണ്‍ വെച്ചിട്ടാണ് അതിന്റെ പ്രൊപോസല്‍ കേന്ദ്ര സര്‍ക്കാരിന് കേരളം നല്‍കിയിരിക്കുന്നത്, അതാണ് 2020ല്‍ കരട് വിജ്ഞാപനമായി കേന്ദ്രം പുറത്തിറക്കുന്നതും. അതായത് കേരളത്തിന്റെ ഉത്തരവ് പ്രകാരം പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ എന്ന് പറഞ്ഞാല്‍ പൂജ്യവുമാവാം. ഇടുക്കി വന്യജീവി സങ്കേതത്തിന്റേതും പൂജ്യമാക്കിയാണ് കൊടുത്തിട്ടുള്ളത്.

അതേസമയം, വയനാട് വന്യജീവി സങ്കേതിന്റെയും മലബാര്‍ വന്യജീവി സങ്കേതത്തിന്റെയും കാര്യത്തില്‍ ഒരു കിലോമീറ്ററായാണ് കൊടുത്തത്. ആ പ്രൊപ്പോസല്‍ കരട് വിജ്ഞാപനമായി വന്നപ്പോള്‍ കൂരാച്ചുണ്ടിലും ചക്കിട്ടപ്പാറയിലും വലിയ പ്രക്ഷോഭമുണ്ടായി. അന്നും സര്‍ക്കാര്‍ ആ പ്രതിഷേധങ്ങളോട് നല്ല സമീപനമെടുത്തു. വനം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ജനങ്ങളുടെ ആശങ്ക പരിഗണിച്ചുകൊണ്ട് ഈ കൊടുത്ത റിപ്പോര്‍ട്ട് പുനഃപരിശോധിക്കാന്‍ തീരുമാനമായി.

ബഫര്‍ സോണില്‍ നിന്നും ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ഉദ്ദേശം. അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ആകെ വിശ്വാസത്തിലെടുത്ത് കൊണ്ട് വീണ്ടും മാപ് തയ്യാറാക്കി. ആ മാപ് തയ്യാറാക്കുമ്പോള്‍ ജനവാസാ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും പൂര്‍ണമായും ഒഴിവാക്കി. അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കി ആ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. ആ റിപ്പോര്‍ട്ടും അത് കേന്ദ്ര ഗവണ്മെന്റ് പരിഗണിക്കുന്നതും സമരം ചെയ്യുന്ന എല്ലാ സംഘടനകളും അംഗീകരിക്കുകയും, തങ്ങളുടെ സമ്മര്‍ദത്തിന്റെ ഫലമാണ് ഇതെല്ലാം എന്ന രീതിയില്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ആ ഘട്ടത്തില്‍ വരെ എത്തിയ നടപടിയെയാണ് വി.ഡി. സതീശന്‍ ഇപ്പോള്‍ ആകെ കുഴപ്പമാണെന്ന് പറയുന്നത്. അദ്ദേഹത്തിന്റെ ചോദ്യത്തിലെ വൈരുധ്യം അതില്‍ നിന്ന് തന്നെ വ്യക്തമാണ് .

ഓഗസ്റ്റ് മാസത്തില്‍ ഈ ഉത്തരവ് പുതുക്കിയിറക്കിയപ്പോള്‍, മുന്‍ ഉത്തരവ് പിന്‍വലിക്കാത്തത് എന്തുകൊണ്ടാണെന്നാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ ചോദ്യം. മറ്റേ ഉത്തരവ് പിന്‍വലിക്കാന്‍ പാടില്ല എന്നാണ് ഒരു അഭിഭാഷകന്‍ എന്നുള്ള നിലയില്‍ എന്റെ അഭിപ്രായം. ബഫര്‍ സോണ്‍ പരിധി പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ എന്നുള്ളതാണ് സര്‍ക്കാരിന്റെ നിലപാട്. നേരത്തെ പറഞ്ഞ വന്യജീവി സങ്കേതങ്ങളുടെ കാര്യത്തിലും അത് പൂജ്യത്തില്‍ നിറുത്തണമായിരുന്നു. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ മലബാര്‍ വന്യജീവി സങ്കേതത്തിന്റേത് ഒരു കിലോമീറ്ററാക്കി. ആ ഉദ്യോഗസ്ഥന്മാരുടെയും അതിനകത്ത് ഇടപെടേണ്ടിയിരുന്നവുരെടും ഭാഗത്ത് നിന്നുമുണ്ടായ  ജാഗ്രത കുറവും തെറ്റായി തന്നെ നിലനിര്‍ത്തേണ്ടതുണ്ട്.

നേരത്തെ സൂചിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ പുനപരിശോധനാ റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റാന്റിങ് കമ്മിറ്റിയും, നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ സ്റ്റാന്റിങ് കമ്മിറ്റിയും റിപ്പോര്‍ട്ട് പരിഗണിച്ച് ഫൈനലൈസ് ചെയ്യുന്നതിലേക്കടുത്ത സമയത്താണ് ഈ ജൂണ്‍ മാസം മൂന്നാം തീയതി സുപ്രീം കോടതിയുടെ വിധിയുണ്ടാകുന്നത്.

സുപ്രീം കോടതി വിധിയോടെ സാഹചര്യം മാറുകയാണ്. എല്ലാ സംരക്ഷിത വനമേഖലക്ക് ചുറ്റിലും ഒരു കിലോമീറ്റര്‍ എന്നായി തീര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. വര്‍ധിച്ച പൊതു താല്‍പര്യത്തിന്റെ
ഭാഗമായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു കിലോമീറ്റര്‍ എന്ന പരിധി കുറക്കുന്നതിനുള്ള പ്രൊപോസല്‍ കൊടുക്കാമെന്നാണ് സുപ്രീം കോടതി പറയുന്നത്. അത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും, സെന്‍ട്രല്‍ എംപവര്‍ഡ് കമ്മിറ്റിയുടെയും ശിപാര്‍ശയുടെയും അടിസ്ഥാനത്തില്‍ സുപ്രീം കോടതിയില്‍ കൊടുത്ത് പരിധി കുറക്കാം.

ഈ സുപ്രീം കോടതി വിധി വരുന്നതിനു വളരെ മുന്‍പ് തന്നെ കേരളം ആ പ്രോസസ്സിന്റെ ഏതാണ്ട് 70 ശതമാനവും കടന്ന് ഫിനിഷിങ് പോയിന്റിലേക്ക് എത്തി നില്‍ക്കുകയായിരുന്നു. അപ്പോളാണ് സുപ്രീം കോടതി വിധി വരുന്നത്. സുപ്രീം കോടതി ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്ന വിധി ഞങ്ങളിനി നടപ്പിലാകുകയേയില്ല എന്ന് പറയാനാകില്ല. ജനതാല്‍പര്യത്തെ മുന്‍നിര്‍ത്തി ചില പ്രദേശങ്ങളെ ഒഴിവാക്കണമെന്ന് കോടതിയേ ബോധ്യപ്പെടുത്തുകയാണ് ഇനി വേണ്ടത്.

‘ഞങ്ങളുടെ നിലപാടും പൂജ്യം മുതല്‍ ഒന്ന് വരെ എന്നാണ്, പക്ഷെ ചില പ്രദേശങ്ങളില്‍ ജനതാല്‍പര്യത്തെ മുന്‍ നിര്‍ത്തി ഇത് പൂജ്യമേ ആക്കാനാകൂ’ എന്ന് കൃത്യമായും ലോജിക്കലായും സുപ്രീം കോടതിയെ ബോധ്യപെടുത്തുന്നതിനു നമ്മളെ സഹായിക്കുന്ന ഒരു നിലപാടാണ് ഈ 2019 ഒക്ടോബര്‍ 30ാം തീയതിയിലെ സര്‍ക്കാരിന്റെ ഉത്തരവ്. ആ ഉത്തരവിനെ അങ്ങനെ തന്നെ നിലനിര്‍ത്തിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഈ ഓഗസ്റ്റ് മാസത്തില്‍ പുതിയ ഉത്തരവിറക്കുന്നത്. അതില്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുമെന്നും ജീവനോപാധികള്‍ നിലനിര്‍ത്തുമെന്നും വ്യക്തമാക്കുന്നുണ്ട്. അപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ രണ്ടാമത്തെ ചോദ്യത്തില്‍ എന്ത് ആത്മാര്‍ത്ഥയാണുള്ളത്.

ഉപഗ്രഹ സര്‍വേ എന്തിന് നടത്തിയെന്നാണ് അദ്ദേഹത്തിന്റെ മൂന്നാമത്തെ ചോദ്യം. സുപ്രീം കോടതി വിധിയുടെ 44.സിയില്‍ മുഖ്യ വനപാലകനോട് ഇന്‍വെന്ററി തയ്യാറാക്കണമെന്നും അതിനായി ഉപഗ്രഹ സര്‍വേ ഉപയോഗിക്കാമെന്നും വ്യക്തമായി പറയുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഉപഗ്രഹ സര്‍വേ നടത്തിയത്. ഇതില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് നേരത്തെ ഞാന്‍ വിശദമായി പ്രതിപാദിച്ചു കഴിഞ്ഞു. അഭിഭാഷകനാണെന്നും ഈ കാര്യങ്ങളെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നും സ്വയവും അനുയായികളും നാഴികക്ക് നാല്‍പത് വട്ടം പറയുന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യം എത്രത്തോളം അര്‍ത്ഥശൂന്യമാണെന്ന് കൂടുതല്‍ പറയേണ്ടതില്ലല്ലേ.

മറ്റ് സംസ്ഥാനങ്ങള്‍ ഉപഗ്രഹ സര്‍വേ ഒഴിവാക്കിയെന്നാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന മറ്റൊരു പ്രധാന വാദം. കേരളം എന്തുകൊണ്ട് അത് ചെയ്തില്ലെന്നും അവര്‍ ചോദിക്കുന്നുണ്ട് ?

തമിഴ്‌നാടിന്റെ പേരാണ് ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതലായി ഉയര്‍ന്ന് കേള്‍ക്കുന്നത്. ഉപഗ്രഹ സര്‍വേ ഒഴിവാക്കി എന്ന് പറയപ്പെടുന്ന ഒരു സംസ്ഥാനവും റിപ്പോര്‍ട്ട് കൊടുത്തിട്ടില്ല എന്നത് സത്യമാണ്. പക്ഷെ, തമിഴ്‌നാടിന് ഇത് ചെയ്യേണ്ട കാര്യമില്ല. കാരണം, 2011ല്‍ ജയ്‌റാം രമേശിന്റെ ഗൈഡ് ലൈന്‍സ് വന്നതിന് ശേഷം തമിഴ്‌നാട്ടിലെ മുഴുവന്‍ വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും 10 കിലോമീറ്റര്‍ ബഫര്‍ സോണ്‍ പ്രഖ്യാപിച്ചുകൊണ്ട് വിജ്ഞാപനം വന്നിരുന്നു. നൂറുശതമാനം ഉത്തരവാദിത്തത്തോടു കൂടിയാണ് ഞാന്‍ ഇത് പറയുന്നത്.
2013-14ല്‍ തന്നെ നടന്നു കഴിഞ്ഞു.

അപ്പോള്‍ തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം ഇനി ഒരു കിലോമീറ്റര്‍ എക്‌സസൈസില്ല. നിലവില്‍ ഒരു കിലോമീറ്ററില്‍ കൂടുതല്‍ വികജ്ഞാപനം ചെയ്തിട്ടുള്ളതെല്ലാം അതുപോലെ നിലനില്‍ക്കുമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 10 കിലോമീറ്റര്‍ ബഫര്‍ സോണ്‍ എല്ലാ ഉദ്യോനങ്ങള്‍ക്ക് ചുറ്റും വന്നു കഴിഞ്ഞു.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍

സാങ്കേതികവിദ്യയുടെയും ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളോജിയുടെയും കാലമാണല്ലോ ഇത്. തമിഴ്‌നാട്ടിലെ ഓരോ വന്യജീവി സങ്കേതത്തിന്റെയും ബഫര്‍ സോണ്‍ പരിധി എത്രയാണെന്ന് സെര്‍ച്ച് ചെയ്ത് നോക്കിയാല്‍ മതിയല്ലോ. അത് മറച്ച് വെച്ചിട്ടാണ്, ‘തമിഴ്‌നാട് ഇത് ചെയ്തില്ല, സ്റ്റാലിന്‍ എല്ലാരേം രക്ഷിച്ചു’ എന്നിങ്ങനെ തെറ്റായ വാര്‍ത്ത പ്രചരിക്കുന്നത്. നമ്മുടെ ഈ സത്യാനന്തര കാലത്തെ മറ്റൊരു പ്രചരണമാണിത്. ഞാന്‍ പറഞ്ഞതെല്ലാം നിങ്ങള്‍ക്കും പരിശോധിക്കാവുന്നതാണ്. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ എന്റയടുത്ത് വീണ്ടും വരികയോ, ‘മുന്‍ പാര്‍ലമെന്റ് അംഗം തെറ്റായ വിവരങ്ങള്‍ പറഞ്ഞു’ എന്ന് പരസ്യമായി വാര്‍ത്തയും നല്‍കാവുന്നതാണ്.

തീര്‍ച്ചയായും അക്കാര്യങ്ങള്‍ പരിശോധിക്കാം. മറ്റൊരു വാദം കൂടി ഇപ്പോള്‍ ചര്‍ച്ചയിലുണ്ടല്ലോ. ഒരു കാലത്ത് ശക്തമായി എതിര്‍ത്ത ഉപഗ്രഹ സര്‍വേയെ അധികാരത്തിലേറിയപ്പോള്‍ സി.പി.ഐ.എം പിന്തുണക്കുന്നുവെന്ന വാദമാണ് അത്. എന്താണ് അതിനോടുള്ള മറുപടി?

ഞാന്‍ മനസിലാക്കുന്നത് അനുസരിച്ച് ഉപഗ്രഹ സര്‍വേയെ ഒരു ഘട്ടത്തിലും സി.പി.ഐ.എം എതിര്‍ത്തിട്ടില്ല. എതിര്‍ത്തിന്റെ രേഖകളും നമ്മുടെ മുന്നിലില്ല. ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിനെയും കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടിനെയുമാണ് സി.പി.ഐ.എം എതിര്‍ത്തത്. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ മൂന്നാം വകുപ്പനുസരിച്ച്, വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ബഫര്‍ സോണായി നോട്ടിഫൈ ചെയ്യാനാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ പശ്ചിമഘട്ടമാകെ ഇകോ സെന്‍സിറ്റീവ് സോണാക്കി നോട്ടിഫൈ ചെയ്യണമെന്നാണ് ഗാഡ്ഗില്‍ പറഞ്ഞത്. അതിനെ അന്ന് കോണ്‍ഗ്രസ് ന്യായീകരിക്കുകയാണ് ചെയ്തത്.

പി.ടി. തോമസിന്റെ മരണത്തിന് ശേഷം വി.ഡി. സതീശന്‍ നടത്തിയ പ്രസ്താവനയിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നായിരുന്നു പറഞ്ഞത്. അത്തരത്തില്‍, പശ്ചിമഘട്ടത്തെ മുഴുവനായി അപകടത്തിലേക്ക് കൊണ്ടുവരണമെന്ന് നിരന്തരമായി പ്രസ്താവന കൊടുക്കുന്ന ഒരാളാണ് വി.ഡി. സതീശന്‍. അദ്ദേഹം ഇപ്പോള്‍ നിലപാട് മാറ്റിയെങ്കില്‍ അദ്ദേഹത്തിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടന്ന സമരം

പക്ഷെ, ഇതിനേക്കാള്‍ അപകടകരമായ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തെറ്റായിരുന്നു എന്നും, അതിനെ സംബന്ധിച്ച് തന്റെ നിലപാട് തെറ്റായിരുന്നുവെന്നും അദ്ദേഹം ആദ്യം പറയണം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട സമരകാലത്ത് ബഹുമാന്യരായ സഭാനേതാക്കന്മാരും മറ്റ് സമുദായ നേതാക്കന്മാരെയും സമരക്കാരെയും കുറിച്ച് പറഞ്ഞ ഒട്ടും സഭ്യമല്ലാത്ത പദപ്രയോഗങ്ങളുള്‍പ്പടെയുള്ള പരാമര്‍ശങ്ങള്‍ മുഴുവന്‍ അദ്ദേഹം പിന്‍വലിക്കണം.

ഗാഡ്ഗിലിന് ശേഷം വന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും കേരളത്തിലെ 123 ഗ്രാമങ്ങള്‍ ഇ.എസ്.ഇസഡ് ആക്കാനായി ശിപാര്‍ശ ചെയ്തു. ‘ആകാശത്തുനിന്നു നോക്കുമ്പോള്‍ വെജിറ്റേഷന്‍ ഉള്ളതുകൊണ്ട് കേരളം മുഴുവന്‍ വനമായി തോന്നും അതുകൊണ്ടായിരിക്കും കസ്തൂരിരംഗന്‍ അങ്ങനെ ചെയ്തത്’ എന്ന് ഒരുപക്ഷെ പറഞ്ഞിട്ടുണ്ടാകും. അല്ലാതെ ഒരു കാലത്തും ഉപഗ്രഹ  സര്‍വേ എന്ന പരിശോധന രീതിയെ ഒരിക്കലും കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും എതിര്‍ത്തിട്ടില്ല. പക്ഷെ അതിന്റെ പൂര്‍ണമായ ഫലപ്രാപ്തിയെ കുറിച്ചുള്ള ആശങ്കകള്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ഉപഗ്രഹ സര്‍വേയുടെ ഫലപ്രാപ്തിയില്‍ സമാനമായ ആശങ്കകളുള്ളതിനാലാണല്ലോ മുഖ്യമന്ത്രി അത് പരിശോധിച്ചതും ഭൗതിക പരിശോധന നടത്താന്‍ നിര്‍ദേശിക്കുന്നതും. അതിനുശേഷം ഉണ്ടായിട്ടുള്ള എല്ലാ കാര്യങ്ങളും വളരെ നന്നായി നടക്കുന്നു എന്നുള്ള അഭിപ്രായമില്ല.

കാരണം, പൊളിറ്റിക്കല്‍ എക്‌സിക്യൂട്ടീവ് എടുത്ത ഒരു തീരുമാനം നടപ്പിലാക്കാന്‍ ബാധ്യസ്ഥമായ ഭരണനിര്‍വഹണ വിഭാഗമായ ഉദ്യോഗസ്ഥ സംവിധാനത്തില്‍ സ്ഥാപിത താല്‍പര്യക്കാരായ ആളുകളുണ്ട്. ഇതുപോലുള്ള കോടതി ഉത്തരവിന്റെ മറവില്‍ അവരുടെ താല്‍പര്യങ്ങള്‍ ഒളിച്ച് കടത്തി ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ പറമ്പിക്കുളം ദേശീയ ഉദ്യാനത്തിന്റെ 75 കിലോമീറ്റര്‍ അകലെയുള്ള കുട്ടമ്പുഴ വരെ അതിന്റെ ബഫര്‍ ആണെന്നും ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ 25 കിലോമീറ്റര്‍ അപ്പുറമുള്ള കുട്ടമ്പുഴ അതിന്റെ അതിര്‍ത്തി ആണെന്നും പറഞ്ഞൊരു മാപ് ഉണ്ടാക്കിക്കുന്നത്.

ഇത്തരം മാപുകളിലൂടെ ഒളിച്ചു കടത്താന്‍ ശ്രമിക്കുന്ന ലാന്‍ഡ്സ്‌കേപ്പ് ലിങ്കേജ് എന്ന് പറയുന്ന ഒരു വലിയ സങ്കല്‍പമുണ്ട്. അതായത്, 1973ല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ പ്രോജക്ട് കൊണ്ടുവന്നതിന് ശേഷം, രണ്ടായിരങ്ങളോടെ അന്തര്‍ ദേശീയ തരത്തില്‍ രൂപപ്പെട്ടതാണ് ലാന്‍ഡ്സ്‌കേപ്പ് ലിങ്കേജ്. ഓരോ ആവാസ വ്യവസ്ഥയും അതിന്റെ ഇടയിലുള്ള മറ്റു പ്രദേശങ്ങളും യോജിപ്പിച്ചുകൊണ്ട് ഇതിനെയെല്ലാം കൂടെ കടുവക്ക് ജീവിക്കാന്‍ പറ്റുന്ന ഒരു പ്രകൃതി വിഭാഗമാക്കി മാറ്റുന്നതിനുള്ള ഒരു പ്രവര്‍ത്തനങ്ങളെയാണ് ലാന്‍ഡ്‌സ്‌കേപ്പ് ലിങ്കേജ്.

ഈ സ്ഥാപിത താല്‍പര്യക്കാരായ വനം വകുപ്പ് ഉദ്യോഗസ്ഥരും മറ്റുള്ളവരും നമ്മുടെ ഈ പശ്ചിമഘട്ടത്തിലെ പ്രധാനപ്പെട്ട പ്രദേശങ്ങളെയാകെ വിശേഷിപ്പിക്കുന്നത് ടൈഗര്‍ ലാന്‍ഡ്സ്‌കേപ്പ് എന്നാണ്. അപ്പോള്‍ ആ ടൈഗര്‍ ലാന്‍ഡ്‌സ്‌കേപ്പിന്റെ ലിങ്കേജുണ്ടാക്കുന്നതിനു വേണ്ടി ഈ സുപ്രീം കോടതി വിധിയെ അവര്‍ ഉപയോഗിക്കാനും അതിലൂടെ അവരുടെ താല്പര്യങ്ങള്‍ ഒളിച്ചുകടത്തി പ്രാവര്‍ത്തികമാക്കുന്നതിനുമുള്ള ശ്രമം നടന്നുവെന്ന് സംശയം എനിക്കുണ്ട്. ഗൗരവകരമായി ആ ആക്ഷേപം ഞാന്‍ പലതരത്തില്‍ ഉന്നയിച്ചിട്ടുണ്ട് ഇപ്പോഴും അതുന്നയിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ഈ പറയുന്നപോലുള്ള ചില തെറ്റുകള്‍ ഇതിനകത്ത് കടന്നുവരുന്നത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് നടന്ന പരിപാടിയില്‍ നിന്നും

പക്ഷെ കേരളം മാറിയിരിക്കുന്നുവെന്ന് ഈ പറയുന്ന ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ അറിയുന്നില്ല.
2010ല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തിന്റെ പൊതുബോധം സംരക്ഷണത്തിനനുകൂലമായിരുന്നു, കണ്‍സര്‍വേഷനൊപ്പമായിരുന്നു. അതിനെതിരെ നിലപാടുകള്‍ എടുത്ത ഞങ്ങളുള്‍പ്പടെയുള്ള ആളുകളെ പരിസ്ഥിതി വിരോധികളും കയ്യേറ്റക്കാരുടെ പ്രതിനിധികളുമായി ചിത്രീകരിക്കാനാണ് മുഖ്യധാരാ മാധ്യമങ്ങളുള്‍പ്പടെ ശ്രമിച്ചത്. അത്തരത്തിലുള്ള പൊതുബോധ നിര്‍മിതിയാണ് അന്ന് നടന്നത്. 2010 നിന്ന് 2022 ലേക്ക് എത്തുമ്പോള്‍ അന്ന് നമ്മളെ ആക്ഷേപിച്ചവര്‍ ഇപ്പോള്‍ തിരിച്ച് കണ്‍സര്‍വേഷന് എതിരായ നിലപാടെടുക്കുന്നുണ്ട്. കേരളത്തിന്റെ പൊതുബോധത്തില്‍ വന്ന ഈ മാറ്റം ആശാവഹമാണ്.

അന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ സമയത്ത് ഇരകളാണെന്ന് തുറന്നുപറഞ്ഞെത്തിയ എന്നെ പോലുള്ളവര്‍ക്ക് വ്യക്തിപരമായ നഷ്ടങ്ങളും ആക്ഷേപങ്ങളും നേരിടേണ്ടി വന്നെങ്കിലും ഇന്നുണ്ടായിരിക്കുന്ന ഈ മാറ്റത്തില്‍ വളരെയധികം സന്തോഷവും ആത്മാഭിമാനവുമുണ്ട്. വി.ഡി. സതീശനെ പോലുള്ളവരും കണ്‍സര്‍വേഷനൊപ്പം മാത്രം നിന്ന മാധ്യമങ്ങളും ഇന്ന് ഇരകള്‍ക്കൊപ്പം നില്‍ക്കുമ്പോഴുണ്ടാകുന്ന സന്തോഷം ഏറെ വലുതാണ്.

പ്രകൃതി ദുരന്തങ്ങളായാലും കര്‍ക്കശമായ പരിസ്ഥിതി സംരക്ഷണ നിയമങ്ങളായാലും രണ്ടിന്റേയും തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് സമൂഹത്തിന്റെ താഴേത്തട്ടില്‍ നില്‍ക്കുന്ന മനുഷ്യരാണ്. പരിസ്ഥിതിയും ജനജീവിതവും ഒരുപോലെ സംരക്ഷിക്കപ്പെടാനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ ഉണ്ടായിവരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിക്കുന്ന കാഴ്ചപ്പാടുകള്‍ മാറുന്ന കാലമാണ് ഇത്. യാഥാസ്ഥിതിക പരിസ്ഥിതി സംരക്ഷണവാദങ്ങളില്‍ നിന്നും മാറി പങ്കാളിത്ത പരിപാലനത്തിലേക്ക് (Participatory Conservation)  പലരും നീങ്ങിക്കഴിഞ്ഞു. ഈയൊരു പശ്ചാത്തലത്തെ കൂടി മുന്‍നിര്‍ത്തി പരിസ്ഥിതി സംരക്ഷണത്തിലെ അടുത്ത ഘട്ടം എന്തായിരിക്കണമെന്നാണ് താങ്കള്‍ കരുതുന്നതെന്ന് വിശദമാക്കാമോ?

ഇതിനുള്ള മറുപടി ഞാന്‍ വളരെ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. 2014ല്‍ പാര്‍ലമെന്റ് അംഗമായ സമയത്ത് ഞാന്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ തന്നെ ഇതേ കുറിച്ചാണ് സംസാരിച്ചത്. പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്, അതില്‍ തര്‍ക്കമില്ല. ഏകപക്ഷീയമായ പരിസ്ഥിതി സംരക്ഷണത്തെ മാത്രമാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. അന്തര്‍ദേശീയ തലത്തില്‍ പരിസ്ഥി സംരക്ഷണവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിരിക്കുന്ന തത്വമുണ്ട്. ജനങ്ങളെ വിശ്വാസത്തിലെടുത്തും, അവരുടെ അറിവോടും അനുവാദത്തോടും കൂടി മാത്രമേ കണ്‍സര്‍വേഷന്‍ നടത്താവൂ എന്നതാണത്. അങ്ങനെയാണ് പരിസ്ഥിതിയെ പരിപാലിക്കേണ്ടതും സംരക്ഷിക്കേണ്ടതും.

കണ്‍സര്‍വേഷന്റെ അനിവാര്യത ഏറ്റവും കൂടുതല്‍ ബോധ്യമുള്ളത് ജനങ്ങള്‍ക്കാണ്. ഞാന്‍ ഒരു ഇടുക്കിക്കാരനാണ്. ഞങ്ങള്‍ കൃഷി ചെയ്യുന്ന ഏലവും കാപ്പിയും കുരുമുളകുമെല്ലാം ഒരു പ്രത്യേക ട്രോപ്പിക്കല്‍ ആവാസവ്യവസ്ഥയില്‍ വളരുന്നതാണ്. അതുകൊണ്ട് തന്നെ പരിസ്ഥിതിയും പാരിസ്ഥിതികഘടകങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഏറ്റവും കൂടുതലുള്ളതും കൃഷിക്കാരായ ഞങ്ങള്‍ക്കാണ്. ഞങ്ങള്‍ പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യും. ഞങ്ങള്‍ ആരും അവിടെ വേണ്ട എന്നും വന്യജീവികള്‍ മാത്രം മതിയെന്നുമുള്ള കണ്‍സര്‍വേഷന്‍ സ്ട്രാറ്റജിയെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്.

അവിടെ ജീവിക്കുന്ന ജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് നിങ്ങള്‍ക്ക് പ്രകൃതിയെ സംരക്ഷിക്കാന്‍ പറ്റുമോ, ഒരിക്കലുമില്ല. എന്നാല്‍, ഓരോ പ്രളയമുണ്ടാകുമ്പോഴും വലിയ വരള്‍ച്ചയുണ്ടാകുമ്പോഴും മലയോര മേഖലയില്‍ കുടിയേറി ജീവിക്കുന്ന ആളുകള്‍ അവിടെ കൃഷി ചെയ്തത് കൊണ്ടാണ് അത് സംഭവിച്ചത് എന്ന ഏറ്റവും തെറ്റായതും ശാസ്ത്രവിരുദ്ധവുമായ ഒരു പൊതുബോധ നിര്‍മ്മിതിക്ക് വേണ്ടി ശ്രമിക്കുകയാണ് ചിലയാളുകള്‍.

ആഗോള താപനത്തിന്റെ ഭാഗമായാണ് പ്രകൃതിദുരന്തങ്ങളുണ്ടാകുന്നത്. ആഗോളതാപനത്തെ തുടര്‍ന്നുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനകളുടെ ഭാഗമായി നമുക്കാര്‍ക്കും പരിചിതമല്ലാത്ത പുതിയ പ്രതിഭാസങ്ങളുണ്ടാകുകയാണ്. ഉദാഹരണത്തിന്, മേഘവിസ്‌ഫോടനം. അറബിക്കടലില്‍ ചൂടുകൂടുകയും, അന്തരീക്ഷോഷ്മാവ് കൂടുകയും ചെയ്യുമ്പോഴുണ്ടാകുന്ന പുതിയ പ്രതിഭാസങ്ങളിലൊന്നാണ് അത്. ഇത്തരം കാലാവസ്ഥ വ്യതിയാനങ്ങളുടെ ഭാഗമായാണ് പ്രകൃതി ദുരന്തങ്ങളുണ്ടാകുന്നത്. മലയോര മേഖലയിലെ കര്‍ഷകര്‍ ചെയ്യുന്ന ഒരു പ്രവര്‍ത്തിയും നേരിട്ടോ അല്ലാതെയോ ആ ദുരന്തങ്ങളെ ട്രിഗര്‍ ചെയ്യുകയോ അതിനെ ബാധിക്കുകയോ ചെയ്യുന്നില്ല.

ആഗോളതാപനവും മുതലാളിത്തത്തിന്റെ സൃഷ്ടിയാണ്. ആ ആഗോളതാപനത്തെ കുറച്ച് കൊണ്ടുവരാന്‍ മുതലാളിത്ത രാജ്യങ്ങള്‍ സ്വീകരിക്കുന്ന നിലപാട് കൂടി ശ്രദ്ധിക്കണം. സി.ഒ.പി 27നും അതുമായി ബന്ധപ്പെട്ട് പാരീസ് ഉടമ്പടിക്കും ശേഷം ലോകത്താകമാനം നടക്കുന്ന ചര്‍ച്ചകളും അതിന്റെ പൊളിറ്റിക്സും പരിശോധിക്കണം. ഇന്ത്യ പോലുള്ള രാജ്യങ്ങളെ കോളനിയാക്കി കൊള്ളയടിച്ചുകൊണ്ടുപോയ സമ്പത്തുപയോഗിച്ച് വ്യാവസായികവല്‍കരണവും മറ്റും നടത്തി സുഖലോലുപരായി ജീവിക്കുകയാണ് സമ്പന്നരാജ്യങ്ങള്‍. ആ ജീവിതത്തിന്റെ ഉപോല്‍പന്നമായി വരുന്ന ഹരിതഗ്രഹവാതകത്തിന്റെ ബഹിഷ്‌കരണം ഉള്‍പ്പടെയുള്ള പ്രതിസന്ധിയും മലീനീകരണവുമാണ് ആഗോളതാപനത്തിന് കാരണമാകുന്നത്.

ഇത് പരിഹരിക്കണമെങ്കില്‍ ആളുകളുടെ ജീവിത ശൈലിയില്‍ മാറ്റമുണ്ടാകണം. പക്ഷെ സമ്പന്ന രാജ്യങ്ങള്‍ ഇതിനൊന്നും തയ്യാറല്ല, തങ്ങളിതുപോലെയേ ജീവിക്കൂ എന്നാണ് അവരുടെ നിലപാട്. പക്ഷെ ആഗോളതാപപനം കുറക്കാന്‍ വേണ്ടി പണ്ട് അവര്‍ കൊള്ളയടിച്ച ആഫ്രിക്കയും ഇന്ത്യയും പോലുള്ള വികസ്വരരായ മൂന്നാം ലോക രാജ്യങ്ങള്‍ മാറുകയും ജീവിതരീതികള്‍ മാറ്റുകയും വേണമെന്നാണ് സമ്പന്ന രാജ്യങ്ങളുടെ കല്‍പന. അതിനുവേണ്ടി തങ്ങള്‍ കുറേ പണം ഉണ്ടാക്കുന്നുണ്ടെന്നും ഈ മുതലാളിത്തരാഷ്ട്രങ്ങള്‍ പറയും.

കോര്‍പസ് ഫണ്ട് എന്ന പേരില്‍ അങ്ങനെ കുറച്ച് പണം വികസ്വര രാജ്യങ്ങള്‍ക്ക് നേരെ വെച്ചു നീട്ടിയ ശേഷം, നിങ്ങളുടെ ജനങ്ങളുടെ വികസന സ്വപ്‌നങ്ങളും കാഴ്ചപ്പാടുകളും ജീവിതവുമെല്ലാം ചുരുക്കി, പഴയ പോലെ ജീവിച്ചുകൊള്ളണമെന്നും സമ്പന്നരാഷ്ട്രങ്ങള്‍ പറയും. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ആഗോളതലത്തില്‍ നടക്കുന്ന ഈ രാഷ്ട്രീയമാണ് ഇന്ത്യയിലേക്കും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.

അതുതന്നെയാണ് നഗരകേന്ദ്രീകൃതമായി ജീവിക്കുന്ന ബുദ്ധിജീവികളുള്‍പ്പടെയുള്ളവര്‍, എറണാകുളത്തും കോഴിക്കോടും തിരുവന്തപുരത്തും നഗരത്തില്‍ എല്ലാ സൗകര്യങ്ങളോടും കൂടെ ജീവിക്കുന്നവരും പറയുന്നത്. നല്ല വെള്ളം വേണം, എ.സി വേണം, കറന്റ് വേണം എന്നിങ്ങനെ എല്ലാം അവര്‍ക്ക് വേണമെന്ന് പറയും. എന്നിട്ട്, ഭക്ഷ്യവിഭവങ്ങളുണ്ടാക്കുകയും സമ്പദ്ഘടനയെ നിലനിര്‍ത്തുകയും ചെയ്യുന്ന മലയോരത്തെ മനുഷ്യരോട് നിങ്ങളാണ് എല്ലാ ദുരന്തങ്ങള്‍ക്കും കാരണക്കാരെന്നും പറയും. അവരുടെ അധ്വാനവും വിയര്‍പ്പുമാണ് നമ്മള്‍ ഭക്ഷിക്കുന്നത്, ആ ആളുകളോട് നിങ്ങള്‍ സഹിച്ചോളൂവെന്ന് പറയുന്നത്.

ആ മനുഷ്യരെ ശത്രുപക്ഷത്ത് നിര്‍ത്തിയിട്ട് പരിസ്ഥിതി സംരക്ഷണത്തെ പറ്റി പ്രസംഗിക്കുന്ന തലതിരിഞ്ഞ പരിസ്ഥിതി സംരക്ഷണ നിലപാടുകളെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. ഈ അടുത്തകാലത്തുണ്ടായ ഉരുള്‍പൊട്ടല്‍ ഉള്‍പ്പടെയുള്ള ഒരു പ്രതിഭാസവും മലയോര മേഖലയിലെ ആളുകള്‍ കപ്പ നട്ടതുകൊണ്ടും ചേമ്പ് നട്ടതുകൊണ്ടും കുരുമുളക് നട്ടതുകൊണ്ടുണ്ടായതല്ല. ഇതെല്ലാം ആഗോള പ്രതിഭാസങ്ങളുടെ ഭാഗമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.

മലയോരമേഖലയെ കുറിച്ച് പരിസ്ഥിതിവാദികള്‍ പറഞ്ഞുപരത്തിയ പൊതുബോധങ്ങളില്‍ ഇന്ന് മാറ്റം വരുന്നുണ്ട്. പിണറായി വിജയനെയും ഇടതുപക്ഷത്തെയും എതിര്‍ക്കാനും രാഷ്ട്രീയ ആയുധമാക്കാനാണെങ്കിലും പോലും അതിലൂടെ ഉണ്ടായ മാറ്റത്തെ പോസിറ്റീവായാണ് ഞാന്‍ കാണുന്നത്. പാവപ്പെട്ട മലയോര കൃഷിക്കാരുടെ പക്ഷം പറയാന്‍ വി.ഡി. സതീശനെ പോലുള്ളയാളുകള്‍ തയ്യാറാകുന്നത് ആശാവഹം തന്നെയാണ്.

ബഫര്‍ സോണുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിഷയങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്യപ്പെടാതെയോ, വേണ്ടത്ര ശ്രദ്ധ ലഭിക്കാതെയോ പോകുന്നുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

2022 ജൂണ്‍ മാസം മൂന്നാം തീയതിയിലെ സുപ്രീം കോടതി വിധിയോടുകൂടി എല്ലാ വന്യജീവി സങ്കേതകള്‍ക്കു ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്നത് യാഥാര്‍ത്ഥ്യമായി. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളേയും നമ്മള്‍ രണ്ടായി തിരിക്കണം. ഒന്ന് സുപ്രീം കോടതി വിധിക്ക് മുമ്പുള്ളത്, രണ്ട് സുപ്രീം കോടതി വിധിക്ക് ശേഷമുള്ളത്. സുപ്രീം കോടതി വിധിക്ക് മുമ്പുള്ള എല്ലാ കാര്യങ്ങളും അപ്രസക്തമായി എന്ന് പറയുമ്പോള്‍ തന്നെ, 2019 ഒക്ടോബര്‍ 31ാം തീയതി വിധിയാണിതിനു കാരണമെന്ന തെറ്റായ ആ പ്രചാരണവും നമ്മള്‍ കാണേണ്ടതുണ്ട്.

സുപ്രീം കോടതി വിധിക്കകത്ത് നിന്നുകൊണ്ട് വിഷയം പരിഹരിക്കാനുള്ള മാര്‍ഗങ്ങളാണ് ഇനി ആലോചിക്കേണ്ടത്. കോടതി വിധിയിലെ 44.സി അനുസരിച്ച് ഒരു കിലോമീറ്റര്‍ ചുറ്റളവിനകത്തുള്ള എല്ലാത്തിന്റെയും ഇന്‍വെന്ററി തയ്യാറാക്കി കൊടുക്കണം. ആ ഇന്‍വെന്ററി വെച്ച് ബഫര്‍ സോണ്‍ ഒഴിവാക്കാനാകുമെന്ന ചില ധാരണകളുണ്ടായിട്ടുണ്ട്. അത് തെറ്റാണ്.

സുപ്രീം കോടതി അതിന്റെ മേധാശക്തിയുപയോഗിച്ച് എല്ലാ വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണുണ്ടാക്കിയപ്പോള്‍, നിലവില്‍ അവിടെ എന്തൊക്കെയുണ്ട് എന്നതിന്റെ കണക്കെടുത്ത് റെക്കോര്‍ഡില്‍ സൂക്ഷിക്കാനും മോണിറ്റര്‍ ചെയ്യാനും വേണ്ടിയാണ്
ഇന്‍വെന്ററി തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അതായത്, നാളെ ഈ ബഫര്‍ സോണില്‍ ആരെങ്കിലും മാറ്റം വരുത്തുകയോ കൂടുതല്‍ നിര്‍മാണം നടത്തുകയോ ചെയ്താല്‍ അത് പരിശോധിച്ചുറപ്പാക്കുന്നതിന് വേണ്ടിയാണ് ഇന്‍വെന്ററി. അല്ലാതെ, ബഫര്‍ സോണില്‍ നിന്നും ആ പ്രദേശങ്ങളെ ഒഴിവാക്കുന്നതിനുവേണ്ടിയല്ല. അതേസമയം, ഒരു പ്രദേശം ജനവാസകേന്ദ്രമാണെന്ന് കാണിക്കുന്നതിനുള്ള ഒരു പ്രാഥമിക ഡാറ്റയായി അതുപയോഗിക്കാമെന്ന വസ്തുത കൂടിയുണ്ട്.

സുപ്രീം കോടതി വിധിയിലെ 44 എഫിലാണ് ബഫര്‍ സോണ്‍ കുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമാക്കിയിരിക്കുന്നത്. വന്യജീവി സങ്കേതങ്ങളുമായി ബന്ധപ്പെട്ട് അനതിസാധാരണമായ വിധത്തില്‍ കൂടിയ പൊതുജന താല്‍പര്യമുണ്ടായാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും കേന്ദ്ര ഉന്നതാതികാര സമിതിയിയെയും സമീപിക്കാമെന്നും അവരുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി കേസ് പരിഗണിച്ച് ബോധ്യപ്പെട്ടാല്‍ ബഫര്‍ സോണ്‍ പരിധി കുറച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് 44.എഫില്‍ പറയുന്നത്. പൊതുതാല്‍പര്യമെന്താണെന്നതും അത് സുപ്രീം കോടതിയെ വ്യക്തതയോടെ ബോധ്യപ്പെടുത്തുക എന്നുള്ളതുമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ബഫര്‍ സോണിന് ചുറ്റും ജീവിക്കുന്ന ആളുകളുടെ ജീവിതവുമായി ബന്ധപ്പെട്ടത് മാത്രമല്ല പൊതുതാല്‍പര്യമെന്നത് കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ പ്രഖ്യാപിക്കുന്നതിലൂടെ ആ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്ന ആളുകളുടെ ജീവനോപാധിയെയും കാര്‍ഷിക രീതികളെയും അതെങ്ങനെ ബാധിക്കുമെന്ന് ആദ്യം പരിഗണിക്കണം. അതുവഴി അവിടുത്തെ കാര്‍ഷിക സമ്പദ്ഘടനക്കും പ്രാദേശിക സമ്പദ്ഘടനക്കും കേരളത്തിന്റെ പൊതുവായ സമ്പദ്ഘടനക്കും ടൂറിസമടക്കമുള്ള ഓരോ മേഖലക്കും ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ പരിശോധനക്ക് വിധേയമാക്കണം. ആ മേഖലകളെ ആശ്രയിച്ചു ജീവിക്കുന്ന തൊഴിലാളികളുടെയും സംരംഭകരുടെയും ജീവിതത്തെ അതെങ്ങനെ ബാധിക്കുമെന്നും പഠിക്കണം.

കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയില്‍ 30 ശതമാനത്തോളം വനമാണ്. ഗ്രീന്‍ കവര്‍ ഏതാണ്ട് 55 ശതമാനത്തിന് മുകളിലാണ്. അതോടൊപ്പം തന്നെ കോസ്റ്റല്‍ ഏരിയയും മിഡ്‌ലാന്‍ഡും പശ്ചിമഘട്ടവുമെല്ലാമായി ബന്ധപ്പെട്ട് നില്‍ക്കുന്ന റെഗുലേഷന്‍സുണ്ട്. കോസ്റ്റല്‍ റെഗുലേഷന്‍ സോണില്‍ നോ കണ്‍സ്ട്രക്ഷന്‍ ഏരിയകളുണ്ട്. മിഡ്‌ലാന്‍ഡിലേക്ക് വരുമ്പോള്‍ നെല്‍വയലുകളും കണ്ണീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ട കണ്‍സര്‍വേഷനും മറ്റു കാര്യങ്ങളുമുണ്ട്. പശ്ചിമഘട്ടത്തിലെത്തിയാലും ഇത്തരം നൂറായിരം നിയന്ത്രണങ്ങളുണ്ട്. ഇതെല്ലാം സൃഷ്ടിക്കുന്ന ഭൂമിയുടെ ലഭ്യതക്കുറവ് കേരളം നേരിടുന്ന വലിയ പ്രശ്‌നങ്ങളൊന്നായി തീര്‍ന്നിരിക്കുന്നു. അങ്ങനെയുള്ള കേരളത്തിലാണ് ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്ന പ്രഖ്യാപനവും വരുന്നത്.

ഇന്ത്യയിലെ മറ്റേത് സംസ്ഥാനങ്ങളുടെയും മുകളിലാണ് കേരളത്തിന്റെ ജനസാന്ദ്രത. ജനസാന്ദ്രത ഏകദേശം 900ത്തിനു മുകളിലുള്ള ഒരു സംസ്ഥാനം. മിഡില്‍ ഈസ്റ്റിലുണ്ടാകുന്ന ചെറിയ മാറ്റം പോലും
ഒട്ടനവധി പ്രവാസികളെ കേരളത്തിലേക്ക് തിരിച്ചു കൊണ്ടുവന്നേക്കാം. ബഫര്‍ സോണ്‍ കേരളത്തിലെ സാമൂഹ്യപ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ വലിയ സാധ്യതയുണ്ട്. ഭക്ഷ്യസുരക്ഷയെയുള്‍പ്പെടെ ബാധിക്കും. കാരണം ഈ മേഖലയിലാണ് കൂടുതല്‍ കൃഷിക്കാരുള്ളത്.

ഇത്തരത്തില്‍ ഞാനിപ്പോള്‍ പറഞ്ഞതും പറയാത്തതുമായ കേരളത്തിന്റെ പൊതുവായ താല്‍പര്യത്തെ ബാധിക്കുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്. ആ കാര്യങ്ങളെ കുറിച്ചെല്ലാം കൃത്യമായ പഠനം നടക്കണം. ശാസ്ത്രീയ പിന്‍ബലമുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടാകണം. ആ റിപ്പോര്‍ട്ടുകളോട് കൂടിവേണം സുപ്രീം കോടതിയെ സമീപിക്കാന്‍.

മൂന്നു മാസത്തിനുള്ളില്‍ ഇന്‍വെന്ററി കൊടുക്കാനാണ് പറഞ്ഞിട്ടുള്ളത്. അതിപ്പോള്‍ ആറ് മാസം കഴിഞ്ഞാലും സുപ്രീം കോടതി ആ സമയം നീട്ടിത്തരും. അതിനൊപ്പം, 44 എഫില്‍ പറയുന്നതു
പോലെയുള്ള കൃത്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ബഫര്‍ സോണില്‍ നിന്നും പുറത്തുകടക്കുന്നതിന് വേണ്ടി വിവിധ മേഖലകളെ ഏകോപിപിച്ച് കൊണ്ടുള്ള ശ്രമമാണ് നടക്കേണ്ടത്.

ഇവിടെ വിവാദങ്ങളല്ല, കൃത്യമായ ഇടപെടലുകളാണ് വേണ്ടത്. ആ ഇടപെടലുകള്‍ക്ക് പറ്റുന്ന തരത്തിലേക്ക് നമ്മുടെ ഭരണ സംവിധാനത്തെ ഒരുക്കുന്നതിനുള്ള ഉത്തരവാദിത്തവും ബാധ്യതയും പ്രതിപക്ഷത്തിനുണ്ട്. ബാധിക്കപ്പെട്ട കക്ഷികളായ ഞങ്ങളെ പോലുള്ളവര്‍ക്കും സമരംഗത്തുള്ള സംഘടനകള്‍ക്കും ആ ഉത്തരവാദിത്തമുണ്ട്. അതോടൊപ്പം തന്നെ ഇതെല്ലാം കൃത്യമായി ചെയ്യേണ്ട വലിയ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുമുണ്ട്. സര്‍ക്കാരിന് അപ്രമാദിത്വമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല, ഒരു തെറ്റും പറ്റാത്ത സര്‍ക്കാരാണ് കേരളത്തിലുള്ളത് എന്ന അഭിപ്രായവും എനിക്കില്ല.

സര്‍ക്കാരുകള്‍ക്കെല്ലാം തെറ്റ് പറ്റാം. അങ്ങനെ തെറ്റുപറ്റുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത് പോലുള്ള തിരുത്താന്‍ തയ്യാറാകുന്ന പോസിറ്റീവായ പ്രതികരണമുണ്ടാകണം. ബഫര്‍ സോണില്‍ നിന്നും പുറത്തു കടക്കാന്‍ കൃത്യമായ നിലപാടുകളോടെയും തന്ത്രങ്ങളോടെയും മുന്നേറണം. ഈ ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടിയാണ് എല്ലാവരും ശ്രമിക്കേണ്ടത്.

അവസാനമായി ഒരു കാര്യം ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയാണ്, സുപ്രീം കോടതിയുടെ മേധാശക്തി ഉപയോഗിച്ച് നടപ്പിലാക്കിയ ഏകപക്ഷീയമായ നടപടിയാണിത്. നിയമനിര്‍മാണ സഭകളുടെയും എക്‌സിക്യൂട്ടീവിന്റെയും അധികാരം കവര്‍ന്നെടുത്തുകൊണ്ട് അതിനെല്ലാം പകരമായി പ്രവര്‍ത്തിക്കുന്ന സുപ്രീം കോടതിയുടെ ഒരു പകര്‍ന്നാട്ടമാണ് നടക്കുന്നത്. അതില്‍ നിന്ന് പുറത്തു കടക്കാന്‍ നമ്മള്‍ കരുതുന്നതിനപ്പുറമുള്ള വലിയ അധ്വാനം വേണ്ടി വരും. കൂട്ടായ പരിശ്രമവും പിന്തുണയുമാണ് സര്‍ക്കാരിനിപ്പോള്‍ ആവശ്യം. കണ്ണിലെണ്ണയൊഴിച്ച് ഓരോന്നിനെയും നിരീക്ഷിക്കുകയും, തെറ്റുണ്ടാകുന്നത് ചൂണ്ടിക്കാണിക്കുകയും അത് തിരുത്തിക്കുകയും നല്ലത് ചെയ്യുമ്പോള്‍ പിന്തുണക്കുകയും ചെയ്തുകൊണ്ട് ഈ വിഷയത്തില്‍ നിന്ന് പുറത്തു കടക്കണമെന്നാണ് എനിക്ക് എല്ലാവരോടും അഭ്യര്‍ത്ഥിക്കാനുള്ളത്.

തയ്യാറാക്കിയത്: അന്ന കീര്‍ത്തി ജോര്‍ജ്, സമരിയ 

Content Highlight: Detailed Interview with Idukki former MP Joice George about Buffer Zone in Kerala

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.