'ഇത് അസാധാരണ നടപടി തന്നെ'; ജനയുഗത്തിലെ കാനത്തിന്റെ എഡിറ്റോറിയലിനെ വിമര്‍ശിച്ച് ദേശാഭിമാനി എഡിറ്റോറിയല്‍
Daily News
'ഇത് അസാധാരണ നടപടി തന്നെ'; ജനയുഗത്തിലെ കാനത്തിന്റെ എഡിറ്റോറിയലിനെ വിമര്‍ശിച്ച് ദേശാഭിമാനി എഡിറ്റോറിയല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th November 2017, 8:15 am

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫില്‍ ഉടലെടുത്ത വിഷയങ്ങളില്‍ പാര്‍ട്ടി മുഖ പത്രങ്ങളിലും പോരു മുറുകുന്നു. മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐ മന്ത്രമാര്‍ പങ്കെടുക്കാത്തതിനെ മുഖ്യമന്ത്രി അസാധാരണ നടപടിയെന്ന വിശേഷിപ്പിച്ചതിനെതിരെ കഴിഞ്ഞദിവസം ജനയുഗത്തിന്റെ മുഖപ്രസംഗത്തിലൂടെ കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.


Also Read: കണ്ണൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകന് വെട്ടേറ്റു


“അസാധാരണ സാഹചര്യമാണ് അസാധാരണ നടപടിക്ക് കാരണം” എന്ന തലക്കെട്ടോടെയായിരുന്നു വിഷയത്തില്‍ സി.പി.ഐയുടെ വിശദീകരണം കാനം പാര്‍ട്ടി മുഖപത്രത്തിന്റെ മുഖപ്രസംഗത്തിലൂടെ അവതരിപ്പിച്ചത്. ഇതിനു മറുപടിയുമായാണ് സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനിയുടെ ഇന്നത്തെ എഡിറ്റോറിയല്‍. “ഇത് അസാധാരണ നടപടി തന്നെ” എന്ന തലക്കെട്ടിലാണ് കാനത്തിന്റെ മുഖപ്രസംഗത്തെ ദേശാഭിമാനി വിമര്‍ശിക്കുന്നത്.

“നവംബര്‍ 15ന്റെ മന്ത്രിസഭായോഗത്തില്‍നിന്ന് സിപിഐ പ്രതിനിധികള്‍ വിട്ടുനിന്ന നടപടി ന്യായീകരിച്ചുള്ള ജനയുഗം മുഖപ്രസംഗം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ചീഫ് എഡിറ്റര്‍ എന്നനിലയില്‍ ഒപ്പിട്ട് പ്രസിദ്ധീകരിച്ചത് അസാധാരണ നടപടിയാണ്.” എന്നു പറഞ്ഞാണ് ദേശാഭിമാനി എഡിറ്റോറിയല്‍ ആരംഭിക്കുന്നത്.

മുന്നണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചര്‍ച്ചചെയ്ത് അഭിപ്രായസമന്വയമുണ്ടാക്കി തീരുമാനമെടുക്കുന്ന പ്രവര്‍ത്തനശൈലിയാണ് എല്‍.ഡി.എഫിന്റേതെന്നും ഏതെങ്കിലും ഒരുകക്ഷിക്ക് വ്യത്യസ്ത അഭിപ്രായമുണ്ടായാല്‍ അത്തരം പ്രശ്‌നങ്ങള്‍ മാറ്റിവയ്ക്കുകയോ ചര്‍ച്ചയില്‍കൂടി പരിഹരിക്കുകയോചെയ്യുന്ന സമീപനമാണ് എല്ലായ്‌പോഴും കൈക്കൊണ്ടിട്ടുള്ളതെന്നും പറയുന്ന എഡിറ്റോറിയല്‍ ഒരു മുന്നണി എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഏതെങ്കിലും ഒരു പാര്‍ടിയുടെ നിലപാട് മറ്റുള്ളവരെല്ലാം അംഗീകരിക്കണമെന്ന സമീപനം പ്രായോഗികമല്ലെന്നും അത് മുന്നണിമര്യാദയുമല്ലെന്നും പറയുന്നു.


Dont Miss: മമതയുടെ സാന്‍ട്രോ കാറില്‍ എയര്‍പോര്‍ട്ടിലേക്ക് ലിഫ്റ്റ് അടിച്ച് ഷാരൂഖ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വീഡിയോ


ഓരോഘട്ടത്തിലും ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ സമചിത്തതയോടെ കൈകാര്യം ചെയ്താണ്
1980 മുതല്‍ എല്‍.ഡി.എഫ് പ്രവര്‍ത്തിച്ചുവരുന്നതെന്നും എന്നാല്‍, കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായ സംഭവങ്ങള്‍ ശത്രുക്കള്‍ക്ക് മുതലെടുപ്പ് നടത്താന്‍ സഹായകവും ഇടതുപക്ഷമുന്നണിയെ ദുര്‍ബലപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന വിഭാഗങ്ങള്‍ക്ക് താല്‍ക്കാലികാശ്വാസം നല്‍കുന്ന നടപടിയുമായിപ്പോയി എന്ന് പറയാതെ വയ്യെന്നും മുഖപ്രസംഗത്തില്‍ ദേശാഭിമാനി പറയുന്നു.

തോമ് ചാണ്ടിയെന്ന മന്ത്രി നടത്തിയ നിയമവിരുദ്ധ പ്രവൃത്തിയെക്കുറിച്ചല്ല ആരോപണം ഉയര്‍ന്നതെന്നും വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ആരോപണമെന്നും പറയുന്ന എഡിറ്റോറിയല്‍ ഒരു പരിശോധനകൂടാതെ ഗവണ്‍മെന്റിന് ഒരു തീരുമാനം എടുക്കാന്‍ കഴിയുമായിരുന്നില്ലെന്നും ആരോപണങ്ങളെല്ലാം മന്ത്രി ശക്തമായി നിഷേധിക്കുകകൂടി ചെയ്തതോടെ സ്വാഭാവികനീതി ഒരു മന്ത്രിക്ക് നിഷേധിക്കുന്നത് ശരിയായ നടപടിയായിരിക്കില്ലെന്നും പറയുന്നു.

വിഷയത്തില്‍ റവന്യൂ മന്ത്രി സ്വീകരിച്ചതും അസാധാരണ നടപടിയാണെന്നും പത്രം വിലയിരുത്തുന്നു. “തോമസ് ചാണ്ടിയെന്ന മന്ത്രിക്കെതിരെ റവന്യൂമന്ത്രിക്ക് പരാതി ലഭിച്ചപ്പോള്‍ റവന്യൂമന്ത്രി നേരെ കലക്ടര്‍ക്ക് പരിശോധനയ്ക്കുവേണ്ടി നിര്‍ദേശിച്ച് അയച്ചുകൊടുക്കുകയാണ് ചെയ്തത്. ഇതും ഒരു അസാധാരണ നടപടിയാണ്. ഒരു മന്ത്രിക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി കൈകാര്യംചെയ്യുന്ന നടപടിയല്ല ഇവിടെ സ്വീകരിച്ചത്.” മുഖപ്രസംഗം പറയുന്നു.


You Must Read This:  ‘ഇനിയും ഇവിടെ അസഹിഷ്ണുതയില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്?’; പത്മാവതി മുതല്‍ സെക്‌സി ദുര്‍ഗ്ഗ വരെയുള്ള വിവാദങ്ങളില്‍ ആഞ്ഞടിച്ച് പ്രകാശ് രാജ്


“സി.പി.ഐ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നില്ല എന്നറിയിച്ചുള്ള കുറിപ്പ് മുഖ്യമന്ത്രിക്ക് നല്‍കുകയാണുണ്ടായത്. ഇതാണ് അസാധാരണമായ നടപടി. എല്‍.ഡി.എഫിനോ മുന്നണിക്കോ നിരക്കുന്ന നടപടിയാണോ സി.പി.ഐ സ്വീകരിച്ചത് എന്ന് നേതൃത്വം പരിശോധിക്കണം. മന്ത്രിസഭായോഗം ബഹിഷ്‌കരിക്കത്തക്ക ഗുരുതരസാഹചര്യം വന്നാല്‍ മുന്നണിനേതൃത്വം വഴിയാണ് അക്കാര്യം കൈകാര്യംചെയ്യേണ്ടിയിരുന്നത്. അതിനുപകരം രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം നല്‍കുകയല്ല വേണ്ടത്. മുന്നണിയുടെ ഐക്യവും കെട്ടുറപ്പും പ്രധാനമാണ്. അതിന് വിരുദ്ധമായ ചെറിയ നീക്കംപോലും എല്‍.ഡി.എഫിനെ അധികാരത്തിലേറ്റിയ ജനം പൊറുക്കുകയില്ല” എന്നു പറഞ്ഞാണ് ദേശാഭിമാനി എഡിറ്റോറിയല്‍ അവസാനിക്കുന്നത്.