പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം ബാക്കി; നോട്ട് നിരോധനം വന്‍പരാജയമെന്ന് റിപ്പോര്‍ട്ടുകള്‍
national news
പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം ബാക്കി; നോട്ട് നിരോധനം വന്‍പരാജയമെന്ന് റിപ്പോര്‍ട്ടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th November 2021, 12:15 pm

ന്യൂദല്‍ഹി: നോട്ട് നിരോധനം നടപ്പാക്കി അഞ്ച് വര്‍ഷം തികയുന്ന വേളയില്‍, നോട്ട് നിരോധനം അമ്പേ പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍. ക്യാഷ് ലെസ് എക്കോണമിയെന്ന ലക്ഷ്യം പാളിയെന്നും, ഡിജിറ്റല്‍ മണി ട്രാന്‍സാക്ഷന്‍ എന്ന പദ്ധതി രാജ്യത്ത് ഇനിയും നടപ്പിലാക്കാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കറന്‍സി നോട്ടുകള്‍ ഉപയോഗിച്ചുള്ള വിനിമയം വര്‍ധിച്ചെന്നും, ആളുകള്‍ ഇപ്പോഴും കറന്‍സി കൈവശം വെക്കുന്ന ശീലം പിന്തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പൊതുജനങ്ങള്‍ മാത്രമല്ല, വ്യാപാരികളും പണം കൈമാറുന്ന വിനിമയത്തിനാണ് താത്പര്യം പ്രകടിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമ്പൂര്‍ണ ഡിജിറ്റൈലൈസേഷനിലേക്ക് കടക്കുമെന്ന് വിലയിരുത്തപ്പെട്ട നോട്ട് നിരോധനം ഫലം കണ്ടില്ല എന്നാണ് ആര്‍.ബി.ഐയുടെ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

റിസര്‍വ് ബാങ്ക് പുറത്തു വിട്ട കണക്ക് പ്രകാരം, 2021 ഒക്ടോബര്‍ വരെയുള്ള രണ്ടാഴ്ച തോതിലുള്ള കണക്കനുസരിച്ച്, ഉപഭോക്താക്കള്‍ നേരിട്ട് കൈമാറ്റം ചെയ്യുന്ന കറന്‍സിയുടെ മൂല്യം 57.48 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്.

രാജ്യത്തെ ഇടത്തരം നഗരങ്ങളില്‍ പോലും കറന്‍സി രഹിത വിനിമയം നടപ്പിലായിട്ടില്ലെന്നും, ഏകദേശം 90 ശതമാനം ആളുകളും പണം ഉപയോഗിച്ചാണ് വിനിമയം നടത്തുന്നത് എന്നുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

രാജ്യത്ത് ഇനിയും 15 കോടിയിലധികം പേര്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലെന്നും, ഇത് ക്യാഷ്‌ലെസ് എക്കോണമിക്ക് തിരിച്ചടിയാവുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

2016 നവംബര്‍ 8നാണ് രാജ്യത്ത് നോട്ട് നിരോധിച്ചത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടപ്പിലാക്കപ്പെട്ട ഏറ്റവും ബുദ്ധിശൂന്യമായ പദ്ധതിയാണ് നോട്ട് നിരോധനമെന്നും, ഇതിലൂടെ രാജ്യം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് കടന്നെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.

നോട്ടുനിരോധനത്തിനു തൊട്ടുമുന്‍പ് 2016 നവംബര്‍ നാലിലെ കണക്കുപ്രകാരം 17.97 ലക്ഷം കോടി നോട്ടുകളാണ് രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്നത്. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ 2017 ജനുവരിയിലെ കണക്ക് പ്രകാരം വിനിമയത്തിലുണ്ടായിരുന്ന നോട്ടുകളുടെ എണ്ണം 7.8 ലക്ഷം കോടിയായി കുറഞ്ഞു.

ഇടക്കാലത്ത് ഡിജിറ്റല്‍ വിനിമയത്തിലേക്ക് ആളുകള്‍ കടന്നുവരാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ കൊവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ ആളുകള്‍ വീണ്ടും കറന്‍സിയിലേക്ക് തന്നെ തിരിച്ചു പോയി എന്നാണ് കണക്കുകള്‍ പറയുന്നത്.

2020 ഒക്ടോബര്‍ 23ലെ കണക്കുപ്രകാരം ജനത്തിന്റെ കൈവശമുണ്ടായിരുന്ന പണത്തിന്റെ മൂല്യത്തില്‍ 15,582 കോടിയുടെ അധിക വര്‍ധനവുണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Demonetization was a failure. Report