കൊച്ചി: പഴയ പത്രങ്ങള്‍ കളയുന്നതിന് മുമ്പ് ഇനിമുതല്‍ രണ്ടാമതൊന്ന് ആലോചിക്കണം. മുമ്പൊക്കെ വില്‍ക്കുമ്പോള്‍ അഞ്ച് മുതല്‍ പത്ത് രൂപ വരെ കഷ്ടിച്ച് കിട്ടിയിരുന്ന പത്രങ്ങള്‍ക്ക് വന്‍ ഡിമാന്റാണ് ഇപ്പോഴുള്ളത്. ഒരു കിലോക്ക് 30 മുതല്‍ 33 രൂപ വരെയാണ് ലഭ്യമാകുന്നത്.
ആഗോളതലത്തില്‍ പേപ്പര്‍ വ്യവസായത്തില്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് പഴയ പത്രങ്ങളുടെ വില കുതിച്ചുയര്‍ന്നത്. സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനവും റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം, ശ്രീലങ്കയിലെ ആഭ്യന്തര കലഹം തുടങ്ങിയ അന്താരാഷ്ട്ര പ്രശ്നങ്ങളും പത്രങ്ങളുടെ ആവശ്യം ഉയര്‍ത്തി.
അതേസമയം, രാജ്യത്ത് നിന്നുള്ള കടലാസിന്റെ കയറ്റുമതി 13,963 കോടിയെന്ന സര്‍വ്വകാല റെക്കോഡില്‍ എത്തിയതായാണ് കൊമേര്‍ഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടര്‍ ജനറലിന്റെ കണക്കുകള്‍ പറയുന്നത്. ഇന്ത്യയിലേക്കുള്ള ന്യൂസ് പ്രിന്റിന്റെ 45 ശതമാനവും ഇറക്കുമതി ചെയ്യുന്നത് റഷ്യയില്‍ നിന്നാണ്.
റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തോടെ രാജ്യവുമായുള്ള കരാറുകള്‍ മറ്റ് രാജ്യങ്ങള്‍ വ്യാപകമായി റദ്ദാക്കിയിരുന്നു. അധിനിവേശ സ്വഭാവവും ഉപരോധവും കാരണം റഷ്യന്‍ ഉത്പന്നങ്ങളെ ഷിപ്പിങ് കമ്പനികളും തുറമുഖങ്ങളും ബഹിഷ്‌കരിച്ചതും ആഭ്യന്തര വിപണിയില്‍ പേപ്പറിന് ക്ഷാമം നേരിടുന്നതിന് കാരണമായി.
ശ്രീലങ്കയിലെ ആഭ്യന്തര കലഹം ചരക്ക് ഗതാഗതത്തെ ബാധിച്ചിരുന്നു. തുറമുഖങ്ങള്‍ അടഞ്ഞത് ന്യൂസ് പ്രിന്റുമായി വന്ന കണ്ടെയ്നറുകള്‍ കെട്ടിക്കിടക്കുന്നതിന് കാരണമായി. ഇതിനിടയില്‍ ചൈനയുടെ പേപ്പര്‍, പള്‍പ്പ് ഇറക്കുമതിയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇ-കൊമേഴ്സ് മേഖലയില്‍ കാര്‍ട്ടണ്‍ ബോക്സുകള്‍ക്ക് ആവശ്യമേറിയതോടെ ഇന്ത്യയിലെ പേപ്പര്‍ കയറ്റുമതിയും ഉയര്‍ന്നു.
ഇന്ത്യയിലെ പേപ്പര്‍ കയറ്റുമതിയുടെ 90 ശതമാനവും പോകുന്നത് ചൈന, ശ്രീലങ്ക, വിയറ്റ്നാം, ബംഗ്ലാദേശ്, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിലേക്കാണ്. പേപ്പര്‍, ക്രാഫ്റ്റ് പേപ്പറുകള്‍, കാര്‍ട്ടണ്‍ ബോക്സ് എന്നിവയുടെ ആവശ്യം ലോകവ്യാപകമായി ഉയരുന്ന സാഹചര്യമാണുള്ളത്.
ഇക്കാരണങ്ങളാല്‍ പഴയ പത്രങ്ങളുടെ വില ഇനിയും ഉയരുമെന്നാണ് ഇന്ത്യന്‍ പേപ്പര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്റെ അനുമാനം. കാര്‍ട്ടണ്‍ ബോക്സുകള്‍ക്കായി വിവിധ രാജ്യങ്ങളിലെ കമ്പനികളില്‍ നിന്ന് ചൈനക്ക് വലിയതോതിലാണ് കരാറുകള്‍ ലഭ്യമാകുന്നത്.