Kerala News
മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണം; ആവശ്യവുമായി മുസ്‌ലിം ലീഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 12, 03:33 am
Tuesday, 12th June 2018, 9:03 am

മലപ്പുറം: മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്നാവശ്യം മുന്നോട്ട് വച്ച് മുസ്‌ലിം ലീഗ്. വികസനം മുന്‍നിര്‍ത്തി ജില്ലയെ രണ്ടായി വിഭജിക്കണമെന്ന് മലപ്പുറം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ ഈ ആവശ്യം മുന്നോട്ട് വെച്ചിരുന്നതാണ്. ജനസാന്ദ്രത കൂടുതലുള്ള ജില്ലയെ വികസനം മുന്‍നിര്‍ത്തി വിഭജിക്കണമെന്നാണ് സാദിഖലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

മലപ്പുറം ജില്ലാ രൂപവത്കരണത്തിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി ലീഗ് സംഘടിപ്പിക്കുന്ന പരിപാടികളുടെ വിശദീകരണ യോഗത്തിലാണ് തങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.


ALSO READ; ഷെഹ്‌ല രാജ്യത്ത് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു; ഗഡ്കരിയെ അപമാനിക്കാന്‍ ശ്രമിച്ചു: പരാതിയുമായി യുവമോര്‍ച്ച


പ്രാദേശികമായി നിലനില്‍ക്കുന്ന വികസന അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ജില്ലയെ രണ്ടായി വിഭജിക്കണമെന്ന ആവശ്യം ന്യായമാണ്. നടക്കാനിരിക്കുന്ന സുവര്‍ണ ജൂബിലി പരിപാടികളില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകളും സുപ്രധാന തീരുമാനങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇതിനു മുമ്പും മലപ്പുറം ജില്ല രണ്ടായി വിഭജിക്കണമെന്ന ആവശ്യപ്പെട്ട് ചില രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ജില്ലയെ രണ്ടായി വിഭജിക്കണമെന്ന ആവശ്യവുമായി എസ്.ഡി.പി.ഐ നേരത്തേ രംഗത്തെത്തിയിരുന്നു.