ന്യൂദൽഹി: ദൽഹിയിൽ തുടരുന്ന ജലക്ഷാമത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ടെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും ദൽഹി ജലവിഭവ വകുപ്പ്മന്ത്രി അതിഷി പറഞ്ഞു.
‘പ്രശ്‌നം പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും ഞങ്ങൾ പരീക്ഷിച്ചിരുന്നു. ആവശ്യപ്പെടേണ്ടവരോടെല്ലാം കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിയാന സർക്കാരിനോട് അഭ്യർത്ഥിച്ചു. കേന്ദ്ര ജല വിഭവ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച, ദൽഹിയിൽ നിന്നുള്ള ഉന്നതതല ഉദ്യോഗസ്ഥരുടെ സംഘം ഹരിയാന സർക്കാർ ഉദ്യോഗസ്ഥരെ കണ്ടെങ്കിലും വെള്ളം നൽകാൻ അവർ വിസമ്മതിക്കുകയായിരുന്നു.
ദൽഹിയിലെ ജനങ്ങളുടെ ദുരിതം എല്ലാ പരിധികളും കടന്നിരിക്കുകയാണ്. പ്രധാനമന്ത്രി മോദിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഞാൻ കത്തെഴുതിയിട്ടുണ്ട്. അടുത്ത രണ്ടു ദിവസത്തിനകം ദൽഹിക്ക് അർഹമായ ജലം നൽകിയില്ലെങ്കിൽ വെള്ളത്തിനായി സത്യാഗ്രഹം തുടങ്ങും. ദൽഹിയിൽ വെള്ളം കിട്ടുന്നത് വരെ ഞാൻ അനിശ്ചിതകാല നിരാഹാര സമരം നടത്തും,’അതിഷി പറഞ്ഞു.
ദൽഹിയിൽ മൂന്ന് കോടിയോളം വരുന്ന ആളുകൾക്ക് 1,050 എം.ജി.ഡി (പ്രതിദിനം ദശലക്ഷം ഗാലൻ) മാത്രമാണ് ലഭിക്കുന്നതെന്ന് അതിഷി പറഞ്ഞു. നഗരത്തിന് ലഭിക്കേണ്ട വെള്ളത്തിന്റെ കുറവു വെള്ളം മാത്രമാണ് ഇവിടെ ലഭിക്കുന്നതെന്നും അത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ടാഴ്ചയായി ദൽഹി ജലക്ഷാമം നേരിടുന്നുണ്ട്. അസംസ്കൃത ജലത്തിൻ്റെ 86.5% നിറവേറ്റാൻ ദൽഹി അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്.
ദൽഹിയിലെ 1050 എം.ജി.ഡി ജലവിതരണത്തിൽ 613 എം.ജി.ഡി ഹരിയാന വഴിയാണ് വരുന്നതെന്നാണ് സർക്കാർ പറയുന്നത്.
എന്നാൽ ജൂൺ 18 ന് ഹരിയാന 613 എം.ജി.ഡിയിൽ നിന്ന് 513 എം.ജി.ഡി വെള്ളം മാത്രമാണ് പുറത്തുവിട്ടതെന്നും ഇത് ദൽഹിയിൽ 100 എം.ജി.ഡി വെള്ളത്തിൻ്റെ കുറവുണ്ടാക്കിയിട്ടുണ്ടെന്നും അതിഷി പറഞ്ഞു. സുപ്രീം കോടതിയിൽ ഹർജി നൽകിയെങ്കിലും ഹരിയാന സർക്കാർ വഴങ്ങിയില്ലെന്നും അവർ കൂട്ടിച്ചേർത്തിച്ചു.
അതേ സമയം കരാർ പ്രകാരം ആവശ്യത്തിനുള്ള വെള്ളം തുറന്നു വിടുന്നുണ്ടെന്നാണ് ഹരിയാന സർക്കാരിന്റെ വാദം. തങ്ങൾ കാര്യങ്ങൾ കൃത്യമായാണ് ചെയ്യുന്നതെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടി ദൽഹി സർക്കാർ കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നും അവർ പറഞ്ഞു.