മഴയ്ക്കുശേഷം ഇടിച്ചുകുത്തി പെയ്ത് റിഷഭും പൃഥ്വിയും; രാജസ്ഥാനെതിരെ ഡല്‍ഹിയ്ക്ക് കൂറ്റന്‍ സ്‌കോര്‍
ipl 2018
മഴയ്ക്കുശേഷം ഇടിച്ചുകുത്തി പെയ്ത് റിഷഭും പൃഥ്വിയും; രാജസ്ഥാനെതിരെ ഡല്‍ഹിയ്ക്ക് കൂറ്റന്‍ സ്‌കോര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 2nd May 2018, 11:32 pm

ഫിറോസ്ഷാ കോട്‌ല: നിര്‍ണായക മത്സരത്തിനിറങ്ങിയ ഡല്‍ഹിയ്ക്ക് രാജസ്ഥാനെതിരെ മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ഡല്‍ഹി  196 റണ്‍സെടുത്തു. മഴമൂലം ഏറെ വൈകി ആരംഭിച്ച കളി 18 ഓവറാക്കി പുനര്‍നിശ്ചയിക്കുകയായിരുന്നു.

ആദ്യ ഓവറില്‍ തന്നെ കോളിന്‍ മണ്‍റോയെ നഷ്ടപ്പെട്ടെങ്കിലും രാജസ്ഥാന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും ആക്രമിച്ച ഓപ്പണര്‍ പൃഥ്വി ഷാ ഡല്‍ഹിയുടെ റണ്‍റേറ്റ് താഴാതെ കാത്തു. ശ്രേയസ് അയ്യര്‍ പൃഥ്വിക്ക് മികച്ച പിന്തുണ നല്‍കി. 25 പന്തില്‍ നാലുവീതം സിക്‌സും ഫോറും നേടിയ പൃഥ്വി ഷാ 47 റണ്‍സെടുത്തു.


Also Read:  ‘വീണ്ടും ദുരഭിമാനക്കൊല’;ഹിന്ദു യുവതിയെ പ്രണയിച്ചതിന് മുസ്‌ലിം യുവാവിനെ മര്‍ദ്ദിച്ച് കൊന്നു ഓടയില്‍ തള്ളി


പൃഥ്വി ഷാ പുറത്തായ ശേഷം ക്രീസിലെത്തിയ റിഷഭ് പന്ത് ഡല്‍ഹിയുടെ റണ്‍റേറ്റ് കുത്തനെ ഉയര്‍ത്തി. ആക്രമിച്ചു കളിച്ച റിഷഭ് 24 പന്തില്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി. പിന്നാലെ നായകന്‍ ശ്രേയസ് അയ്യരും അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി.

അര്‍ധസെഞ്ച്വറിയ്ക്കു ശേഷം ഡല്‍ഹി ക്യാപ്റ്റനെ രാഹുല്‍ ത്രിപാഠിയുടെ കൈകളിലെത്തിച്ച് ഉനദ്കട് കൂട്ടുകെട്ട് പൊളിച്ചു. 35 പന്തില്‍ 3 വീതം സിക്‌സും ഫോറുമാണ് ശ്രേയസ് അയ്യര്‍ നേടിയത്. പിന്നാലെ റിഷഭ് പന്തും മടങ്ങി. ഉനദ്കടിനായിരുന്നു ഇത്തവണയും വിക്കറ്റ്. 29 പന്തില്‍ 7 ഫോറും 5 സിക്‌സുമടക്കം 69 റണ്‍സാണ് പന്ത് അടിച്ചെടുത്തത്.


Also Read:  നാട്ടുകാര്‍ നോക്കിനില്‍ക്കെ ഭാര്യയെ തീകൊളുത്തി കൊന്നു: ഒളിവില്‍പോയ ഭര്‍ത്താവ് പൊലീസ് പിടിയില്‍


17.1 ഓവറില്‍ നില്‍ക്കെ മഴ വീണ്ടും കളി തടസ്സപ്പെടുത്തി. ഡല്‍ഹി 17.1 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു നില്‍ക്കെ  മഴമൂലം ഇന്നിംഗ്‌സ് അവസാനിപ്പിക്കുകയായിരുന്നു.  72 പന്തില്‍ 151 റണ്‍സാണ് രാജസ്ഥാന് മുന്നില്‍ പുതുക്കി നിശ്ചയിച്ച വിജയലക്ഷ്യം.

രാജസ്ഥാനുവേണ്ടി ഉനദ്കട് 3 വിക്കറ്റ് വീഴ്ത്തി.

നിലവില്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഡല്‍ഹി. ടൂര്‍ണ്ണമെന്റില്‍ തിരിച്ചുവരാന്‍ രാജസ്ഥാനെതിരെ ജയം അനിവാര്യമാണ് ഡല്‍ഹിയ്ക്ക്. നാലുകളികള്‍ തോറ്റ രാജസ്ഥാന്‍ ആറാമതാണ്.

WATCH THIS VIDEO: