പെണ്‍കുട്ടിയെ അംഗീകരിക്കണം; സ്വവര്‍ഗാനുരാഗിയായ യുവതിയുടെ മാതാപിതാക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി
natioanl news
പെണ്‍കുട്ടിയെ അംഗീകരിക്കണം; സ്വവര്‍ഗാനുരാഗിയായ യുവതിയുടെ മാതാപിതാക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th August 2023, 11:20 pm

 

ന്യൂദല്‍ഹി: സ്വവര്‍ഗാനുരാഗിയായ യുവതിയുടെ മാതാപിതാക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ നിര്‍ദേശം നല്‍കി ദല്‍ഹി ഹൈക്കോടതി. പെണ്‍കുട്ടിയെ അവളുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാന്‍ അനുവദിക്കുന്നതിന് രക്ഷിതാക്കള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ കൗണ്‍സിലിങ് നല്‍കണമെന്നാണ് ദല്‍ഹിയിലെ ഷെല്‍ട്ടര്‍ ഹോമിന് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ പങ്കാളി നല്‍കിയ ഹേബിയസ് കോര്‍പ്പസ് പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് സുരേഷ് കുമാര്‍ കൈറ്റ്, ജസ്റ്റിസ് നീന ബന്‍സല്‍ കൃഷ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമില്‍ താമസിപ്പിക്കാനും വേണ്ട എല്ലാ സൗകര്യങ്ങളും കൗണ്‍സലിങ്ങും നല്‍കാനും ഷെല്‍ട്ടര്‍ ഹോം ഡയറക്ടറോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് അയക്കുന്നതിന് രക്ഷിതാക്കള്‍ സമ്മതം അറിയിച്ചതായി കോടതി നിരീക്ഷിച്ചു.

തന്റെ പങ്കാളിയോടൊപ്പം പോകാനോ ഷെല്‍ട്ടര്‍ ഹോമിലേക്ക് പോകാനോ പെണ്‍കുട്ടിയും സമ്മതം അറിയിച്ചു. രക്ഷിതാക്കളോടൊപ്പമോ ബന്ധുക്കളോടൊപ്പമോ പോകുന്നില്ലെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലോക്ക് കൊണ്ടുപോകാനും വേണ്ട സൗകര്യങ്ങള്‍ ചെയ്ത് നല്‍കാനും ദല്‍ഹി പൊലീസിനോട് കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടിക്കോ പങ്കാളിക്കോ നേരെ ഒരു തരത്തിലുള്ള ഭീഷണിയും ഉണ്ടാകരുതെന്നും യാതൊരു സമര്‍ദം ചെലുത്തരുതെന്നും രക്ഷിതാക്കളോട് കോടതി പറഞ്ഞു.

ഹരജി ആഗസ്റ്റ് 29ന് പരിഗണിക്കാനായി കോടതി ലിസ്റ്റ് ചെയ്തു. ഹരജി പരിഗണിക്കുന്നതിന് മുന്‍പ് നിലവിലെ സാഹചര്യത്തെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഷെല്‍ട്ടര്‍ ഹോം ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: Delhi highcourt directed shelter home to provide councelling to parents for accepting lesbian daughter