ഹോളി ആഘോഷ പരിപാടിക്കിടെ കോടതിയില്‍ ഐറ്റം ഡാന്‍സ്; അഭിഭാഷകരുടെ ധാര്‍മ്മിക മാനദണ്ഡങ്ങള്‍ക്ക് എതിരെന്ന് ദല്‍ഹി ഹൈക്കോടതി
national news
ഹോളി ആഘോഷ പരിപാടിക്കിടെ കോടതിയില്‍ ഐറ്റം ഡാന്‍സ്; അഭിഭാഷകരുടെ ധാര്‍മ്മിക മാനദണ്ഡങ്ങള്‍ക്ക് എതിരെന്ന് ദല്‍ഹി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th March 2023, 2:55 pm

ന്യൂദല്‍ഹി: പട്യാല ഹൗസ് കോടതിയില്‍ ഹോളി ആഘോഷ പരിപാടികള്‍ക്കിടെ ഐറ്റം ഡാന്‍സ് നടത്തിയതിനെ അപലപിച്ച് ദല്‍ഹി ഹൈക്കോടതി. ന്യൂദല്‍ഹി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഐറ്റം ഡാന്‍സും ഉള്‍പ്പെടുത്തിയത്. ഇത്തരം ചടങ്ങുകള്‍ അഭിഭാഷകവൃത്തിയുടെ ധാര്‍മ്മിക മാനദണ്ഡങ്ങളുമായി ചേരുന്നതല്ലെന്നും ദല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു.

പട്യാല ഹൗസില്‍ നടന്ന അഭിഭാഷകവൃത്തിക്ക് കളങ്കം വരുത്തുന്ന നൃത്തപരിപാടി രാജ്യത്തെ നിയമസംവിധാനത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു.

മൂന്ന് ദിവസത്തിനകം സംഭവത്തില്‍ എന്‍.ഡി.ബി.എക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്നും ശേഷം ഉചിതമായ നടപടി സ്വീകരിക്കണമെന്നും പ്രിന്‍സിപ്പള്‍ ഡിസ്ട്രിക്ട് ജഡ്ജി പട്യാല ഹൗസ് കോടതിയോട് ആവശ്യപ്പെട്ടതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ഹൈക്കോടതിയില്‍ പരിപാടികള്‍ക്ക് അനുമതി നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു.

മാര്‍ച്ച് ആറിന് നടന്ന ഹോളി മിലന്‍ ചടങ്ങിനെതിരെ അഭിഭാഷകര്‍ തന്നെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ അഭിഭാഷകര്‍ക്ക് ചേര്‍ന്നതല്ലെന്നും ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയെ പുച്ഛിക്കാനുള്ള വഴിയാകുമിതെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

Content Highlight: Delhi Highcourt condemns item dance conducted at patyala house court during holi milan celebrations