ന്യൂദല്‍ഹി: ഗര്‍ഭധാരണവും പ്രസവവും വ്യക്തിസ്വാതന്ത്ര്യമായി കണ്ട് നിര്‍ണായക വിധിന്യായവുമായി ദല്‍ഹി ഹൈക്കോടതി.
പ്രത്യുല്‍പാദനമെന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ഭ്രൂണത്തിന് ഗുരുതരമായ തകരാറുകള്‍ കണ്ടെത്തുകയാണെങ്കില്‍ വ്യക്തിക്ക് ഗര്‍ഭം അലസിപ്പിക്കാമെന്നുമാണ് കോടതി വിധിയില്‍ പറഞ്ഞത്.
ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന ആവശ്യവുമായി യുവതി സമര്‍പ്പിച്ച ഹരജി പരിഗണിച്ച് കൊണ്ടായിരുന്നു കോടതിയുടെ വിധി. വിവിധ തകരാറുകള്‍ കണ്ടെത്തിയതിനാല്‍ 28 ആഴ്ച പ്രായമുള്ള ഭ്രൂണത്തിന് ഗര്‍ഭഛിദ്രം അനുവദിക്കണമെന്നായിരുന്നു യുവതി ഹരജിയില്‍ ആവശ്യപ്പെട്ടത്.
ഹരജിയിലെ ആവശ്യം കോടതി അനുവദിക്കുകയായിരുന്നു. ജസ്റ്റിസ് ജ്യോതി സിംഗ് ആണ് വിധി പുറപ്പെടുവിച്ചത്.
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 അനുശാസിക്കുന്ന വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണ് ഗര്‍ഭഛിദ്രത്തിനുള്ള അവകാശവുമെന്നാണ് കോടതി നിരീക്ഷിച്ചത്.
ഭ്രൂണത്തിന് തകരാറുകളുണ്ടെന്ന മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അബോര്‍ഷന് അനുമതി നല്‍കുന്നതെന്നും ഈ സാഹചര്യത്തില്‍ ഗര്‍ഭം തുടരണോ വേണ്ടയൊ എന്ന തീരുമാനിക്കാനുള്ള അവകാശം ഹരജിക്കാരിക്ക് നല്‍കിയില്ലെങ്കില്‍ അതവരുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും ജസ്റ്റിസ് ജ്യോതി സിംഗ് പറഞ്ഞു.
”തകരാറുള്ള ഭ്രൂണവുമായി മുന്നോട്ട് പോയാല്‍ അത് ഭാവിയില്‍ ഹരജിക്കാരിയുടെ സ്വാഭാവിക ജീവിതത്തെ ബാധിക്കാനിടയുണ്ട്. ഈ ഭ്രൂണത്തില്‍ കുഞ്ഞ് ജനിച്ചാല്‍ ആദ്യഘട്ടത്തില്‍ തന്നെ ഹൃദയശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
പിന്നീട് കുട്ടിക്ക് കൗമാരത്തിലും മുതിര്‍ന്ന് കഴിഞ്ഞാലും ശസ്ത്രക്രിയ ആവശ്യമായി വരും. അങ്ങനെയായാല്‍ ഇത് ചികിത്സയെ മാത്രം അടിസ്ഥാനമാക്കിയുള്ള ജീവിതമായി മാറും,” കോടതി നിരീക്ഷിച്ചു.