national news
ജെ.എന്‍.യു രാജ്യദ്രോഹക്കേസ്; പൊലീസ് സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റ് കോടതി സ്വീകരിച്ചില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 19, 06:48 am
Saturday, 19th January 2019, 12:18 pm

ന്യൂദല്‍ഹി: ജെ.എന്‍.യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കി എന്നാരോപിച്ച് കനയ്യകുമാര്‍, അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ്, തുടങ്ങി 10 വിദ്യാര്‍ത്ഥികള്‍ക്കെതിരെ ദല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം ദല്‍ഹി ഹൈക്കോടതി സ്വീകരിച്ചില്ല. ദല്‍ഹി സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാതെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.

“നിങ്ങള്‍ക്ക് സര്‍ക്കാരിന്റെ ലീഗല്‍ വകുപ്പില്‍ നിന്ന് അനുമതി ലഭിച്ചിട്ടില്ല. അവരുടെ അനുമതി ഇല്ലാതെ നിങ്ങള്‍ എന്തിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്, കോടതി ചോദിച്ചതായി”- എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

സര്‍ക്കാരില്‍ നിന്നും പത്തു ദിവസത്തിനകം അനുമതി വാങ്ങാമെന്ന് പൊലീസ് കോടതിയെ അറിയിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദ്യാര്‍ത്ഥികള്‍ക്കെതിരായി കേസുമായി മുന്നോട്ടു പോകാന്‍ തെളിവുകളുണ്ടെന്ന് അവകാശപ്പെട്ട് 1200 പേജുകളുള്ള കുറ്റപത്രമായിരുന്നു പൊലീസ് സമര്‍പ്പിച്ചത്.

2016 ഫെബ്രുവരി 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ചായിരുന്നു ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

എന്നാല്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചത് പ്രകടനത്തില്‍ നുഴഞ്ഞു കയറിയ എ.ബി.വി.പി പ്രവര്‍ത്തകരെന്ന് മുന്‍ എ.ബി.വി.പി നേതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. വിവാദം സൃഷ്ടിച്ച് രോഹിത് വെമുലയുടെ മരണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനായിരുന്നു എ.ബി.വി.പിയുടെ ശ്രമമെന്നും ഇവര്‍ പറഞ്ഞിരുന്നു.

കേസിനാസ്പദമായ സംഭവം നടക്കുന്ന സമയത്ത് ജെ.എന്‍.യു എ.ബി.വി.പി യൂണിറ്റ് വൈസ് പ്രസിഡന്റ് ആയിരുന്ന ജതിന്‍ ഗൊരയ്യ, മുന്‍ ജോയിന്റ് സെക്രട്ടറി പ്രദീപ് നര്‍വാല്‍ എന്നിവരാണ് എ.ബി.വി.പിയുടെ പങ്ക് വെളിപ്പെടുത്തി രംഗത്തെത്തിയത്.