ന്യൂദല്‍ഹി: വിദ്വേഷ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി തള്ളി ദല്‍ഹി ഹൈക്കോടതി. ഹരജി തെറ്റിദ്ധരിപ്പിക്കുന്നതും കാമ്പില്ലാത്തതുമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സച്ചിന്‍ ദത്തയാണ് ഹരജി തള്ളിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വിദ്വേഷ പരാമര്‍ശം നടത്തിയ മോദിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. കഴിഞ്ഞ മാസം രാജസ്ഥാനിലും മധ്യപ്രദേശിലുമായി പ്രധാനമന്ത്രി നടത്തിയ പ്രസംഗങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
മോദിക്ക് പുറമെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പങ്കുവെച്ച ട്വീറ്റുകളും കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ നടത്തിയ വിദ്വേഷ പ്രസംഗവും ഈ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണഘടനാ സ്ഥാപനമായതിനാല്‍ ഈ വിഷയത്തില്‍ കോടതിക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദത്ത പറഞ്ഞു. ഹരജിക്കാരന്റെ മുന്‍വിധി ന്യായീകരിക്കാനാവില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ദിവസങ്ങള്‍ക്ക് മുമ്പ് മോദിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയും ദല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. പിലിഭിത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ ചൂണ്ടിക്കാട്ടി ഫയല്‍ ചെയ്ത ഹരജിയില്‍ കഴമ്പില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്.
ആരാധനാലയങ്ങളുടെയും ദൈവങ്ങളുടെയും പേരില്‍ പ്രധാനമന്ത്രി യു.പിയില്‍ പ്രചരണം നടത്തിയെന്നും വോട്ട് തേടിയെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം ആറ് വര്‍ഷത്തേക്ക് മോദിയെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം.
അഭിഭാഷകന്‍ എസ്. ജോന്ദാലെയാണ് മോദിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
Content Highlight: Delhi court rejects plea seeking action against Modi on hate speech