ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നല്‍കിയ മാനനഷ്ടക്കേസില്‍ റിപ്പബ്ലിക് ടി.വിക്കും അര്‍ണബ് ഗോസ്വാമിക്കും ദല്‍ഹി കോടതി സമന്‍സ് അയച്ചു.
സമന്‍സ് അയച്ചുകൊണ്ടുള്ള ഉത്തരവ് ദല്‍ഹിയിലെ സാകേത് കോടതിയിലെ അഡീഷണല്‍ സിവില്‍ ജഡ്ജി ശീതള്‍ ചൗധരി പ്രധാന്‍ പാസാക്കി. വിഷയം പരിഗണിക്കുന്നത് 2022 ജനുവരി 3ലേക്ക് മാറ്റി.
ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പരാതിക്കാരന്റെ പ്രതിച്ഛായ നശിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ ചാനലിലോ വെബ്സൈറ്റിലോ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് ചാനലിനെ സ്ഥിരമായും നിര്‍ബന്ധിതമായും വിലക്കണമെന്നും ആവശ്യപ്പെട്ടാണ് പോപ്പുലര്‍ ഫ്രണ്ട് കേസ് ഫയല്‍ ചെയ്തത്.
അസമിലെ ദരാംഗ് വെടിവയ്പ്പുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി.വിയുടെ രണ്ട് വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ക്കെതിരെയാണ് കേസ്.
റിപ്പബ്ലിക് ടിവിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ‘ദരാംഗ് ഫയറിംഗ്: പ്രതിഷേധത്തിനായി ജനക്കൂട്ടത്തെ അണിനിരത്തിയെന്നാരോപിച്ച് പി.എഫ്.ഐ ബന്ധമുള്ള 2 പേര്‍ അറസ്റ്റില്‍, ‘ എന്ന തലക്കെട്ടിലുള്ള വാര്‍ത്തയ്ക്കും അതേ വാര്‍ത്തയില്‍ റിപ്പബ്ലിക് ടി.വി ടെലികാസ്റ്റ് ചെയ്ത ‘അസം കലാപന്വേഷണം: രണ്ട് പി.എഫ്.ഐക്കാര്‍ അറസ്റ്റില്‍’ റിപ്പോര്‍ട്ടിനെതിരേയുമാണ് കേസ്.
സംഭവത്തിൽ അറസ്റ്റിലായ എം.ഡി. അസ്മത്ത് അലി, എംഡി ചന്ദ് മമൂദ് എന്നിവർ പി.എഫ്.ഐ അംഗങ്ങളോ പി.എഫ്.ഐയുമായി ഒരു തരത്തിലും ബന്ധമുള്ളവരോ അല്ലെന്നാണ് റിപ്പോർട്ട്.