ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിയുടെ അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി ദല്‍ഹി കോണ്‍ഗ്രസ്. രാഹുലിന്റെ രാഷ്ട്രീയ പ്രവചനങ്ങളെല്ലാം ഒന്നൊന്നായി ശരിയായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹത്തിനു മാത്രമേ പ്രവര്‍ത്തകരെ പ്രചോദിപ്പിക്കാന്‍ സാധിക്കുകയുള്ളു എന്നും ദല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് അനില്‍ ചൗധരി പറഞ്ഞു.
‘രാഹുല്‍ ജിക്ക് മാത്രമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രചോദിപ്പിക്കാന്‍ സാധിക്കുക. കര്‍ഷകരുടെ പ്രശ്‌നം, ജിഎസ്ടി തുടങ്ങി അദ്ദേഹത്തിന്റെ പ്രവചനങ്ങളെല്ലാം സത്യമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അദ്ദേഹത്തെ തന്നെ കോണ്‍ഗ്രസ് പ്രസിഡ്ന്റ് ആക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ പ്രമേയം പാസക്കുകയാണ്,’അനില്‍ ചൗധരി പറഞ്ഞു.
രാജ്യത്തെ അതിന്റെ നാശത്തിലേക്ക് നയിക്കുന്ന ജനാധിപത്യ വിരുദ്ധവും വര്‍ഗീയവുമായ ശക്തികള്‍ക്കെതിരെ പോരാടാന്‍ രാഹുല്‍ഗാന്ധി നിര്‍ബന്ധമായും അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
2021 ജൂണ്‍ മാസത്തോടു കൂടി കോണ്‍ഗ്രസിന് അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്ന് പാര്‍ട്ടി നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം കോണ്‍ഗ്രസില്‍ ഒരു ആഭ്യന്തര തെരഞ്ഞെടുപ്പ് നടത്താനും വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചിരുന്നു.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിയ്ക്ക് കത്തയച്ചതിന് പിന്നാലെ സംഘടനാ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ വര്‍ക്കിംഗ് കമ്മിറ്റികള്‍ തീരുമാനിച്ചിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം രാജിവെക്കുന്നത്. തുടര്‍ന്ന് സോണിയാ ഗാന്ധി പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷയായി ചുമതലയേല്‍ക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക