കെജ്‌രിവാൾ തിരികെ ജയിലേക്ക്; മടക്കം രാജ്ഘട്ടിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം
national news
കെജ്‌രിവാൾ തിരികെ ജയിലേക്ക്; മടക്കം രാജ്ഘട്ടിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd June 2024, 4:07 pm

ന്യൂദല്‍ഹി: തീഹാര്‍ ജയിലിലേക്ക് മടങ്ങി ദല്‍ഹി മുഖ്യമന്ത്രിയും എ.എ.പി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാൾ. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് മടക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ലഭിച്ച ഇടക്കാലജാമ്യത്തിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കെജ്‌രിവാള്‍ കീഴടങ്ങുന്നത്.

രാജ്ഘട്ടിന് പുറമെ ഹനുമാന്‍ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് കെജ്‌രിവാള്‍ ജയിലിലേക്ക് മടങ്ങുന്നത്. മെയ് പത്തിനാണ് കെജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിക്കുന്നത്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതില്‍ പ്രധാനപ്പെട്ട ഉപാധികളിലൊന്ന് ജൂണ്‍ രണ്ടിന് തീഹാര്‍ ജയിലില്‍ കീഴടങ്ങണം എന്നതായിരുന്നു.

ജാമ്യം അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെ ജാമ്യത്തിന്റെ കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി രജിസ്ട്രി ഈ അപേക്ഷ തള്ളുകയായിരുന്നു. തന്റെ ആരോഗ്യ സ്ഥിതികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ.

ജാമ്യം അനുവദിക്കുമ്പോള്‍ സ്ഥിര ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രി കാലാവധി നീട്ടണമെന്ന അപേക്ഷ തള്ളിയത്. സ്ഥിര ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ സമീപിക്കാമെന്നും രജിസ്ട്രി നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ ഇതിനുപിന്നാലെ സ്ഥിര ജാമ്യത്തിനായി കെജ്‌രിവാള്‍ വിചാരണ കോടതിയെ സമീപിക്കുകയും ചെയ്തു. അറസ്റ്റ് അംഗീകരിക്കാത്തതുകൊണ്ടാണ് കെജ്‌രിവാള്‍ വിചാരണ കോടതിയെ ജാമ്യത്തിനായി സമീപിക്കാത്തതെന്ന് നേരത്തെ അറിയിച്ചിരുന്നു.

ദല്‍ഹി മദ്യനയ കേസില്‍ ഇടപെടല്‍ നടത്തിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമുള്ള കേസിലാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 21ന് ആണ് കെജ്‌രിവാള്‍ അറസ്റ്റിലാവുന്നത്. ദല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെ മുതിര്‍ന്ന നേതാവായിരുന്നു കെജ്‌രിവാള്‍. ദല്‍ഹി മുഖ്യമന്ത്രിക്ക് പുറമെ ആം ആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

Content Highlight: Delhi Chief Minister and AAP Convenor Arvind Kejriwal returns to Tihar Jai