ബി.ജെ.പിക്ക് പകരം ബീഫ്; പാര്‍ട്ടി ദല്‍ഹി ഘടകത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് മാറ്റങ്ങള്‍ വരുത്തി
ന്യൂദല്‍ഹി:ബി.ജെ.പി ദല്‍ഹി ഘടകത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പേജില്‍ മാറ്റങ്ങള്‍ വരുത്തി. വെബ്‌സൈറ്റിലെ നിരവധി പേജുകളില്‍ മാറ്റം വരുത്തി പകരം ബീഫിന്റെ വ്യത്യസ്ത ഭക്ഷണങ്ങള്‍ പാചകം ചെയ്യുന്നതിനെ കുറിച്ചുള്ള കുറിപ്പുകളാണ് ഹാക്ക് ചെയ്തവര്‍ എഴുതി ചേര്‍ത്തത്. ഒപ്പം ഹാക്ക്ഡ് ബൈ Shadow_V1P3R ‘. എന്ന സന്ദേശവും അയച്ചിട്ടുണ്ടായിരുന്നു.
വെബ്‌സൈറ്റിന്റെ ഹോം പേജില്‍ ബി.ജെ.പി എന്നതില്‍ മാറ്റം വരുത്തി പകരം ബീഫ് എന്നാക്കി യിട്ടുണ്ട്.
ഉദാഹരണമായി ബി.ജെ.പിയെകുറിച്ച് കൂടുതല്‍ അറിയുക എന്ന ഭാഗത്ത് ബീഫിനെ കുറിച്ച് എന്നും ബി.ജെ.പിയുടെ ചരിത്രം എന്നുള്ളിടത്ത് ബീഫിന്റെ ചരിത്രം എന്നും മാറ്റം വരുത്തിയിരിക്കുകയാണ് ഹാക്കര്‍മാര്‍.
പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുന്ന അതേ സമയത്താണ് വെബ്സെെറ്റ് ഹാക്ക് ചെയ്യപ്പെടുന്നത്. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും നിരവധി മുഖ്യമന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്,പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി,കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ചത്തീസ്ഗണ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍, എന്നിവരാണ് മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍.
അതേസമയം രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പങ്കെടുക്കുന്നുണ്ട്.