ഡീപ്‌ഫേക്കല്ല ഇപ്പോള്‍ ഞങ്ങളുടെ മുന്‍ഗണന; തെറ്റായ വിവരങ്ങളാണ് വലിയ ഭീഷണി: കര്‍ണാടക ഐ.ടി മന്ത്രി
national news
ഡീപ്‌ഫേക്കല്ല ഇപ്പോള്‍ ഞങ്ങളുടെ മുന്‍ഗണന; തെറ്റായ വിവരങ്ങളാണ് വലിയ ഭീഷണി: കര്‍ണാടക ഐ.ടി മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th November 2023, 10:17 pm

ബെംഗളൂരു: വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും ആണ് ഡീപ്‌ഫേക്കുകളെക്കാള്‍ വലിയ ഭീഷണിയെന്ന് കര്‍ണാടക ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ബയോടെക്‌നോളജി മന്ത്രി പ്രിയങ്ക്ഖാര്‍ഗെ. കേന്ദ്ര ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ പുതിയ നിയമങ്ങളും ചട്ടങ്ങളും ഉപയോഗിച്ച് ഡീപ്‌ഫേക്ക് ഭീഷണിക്കെതിരെ കര്‍ശനമായി നടപടി എടുക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

‘കേന്ദ്ര സര്‍ക്കാറിന് അവരുടെ മുന്‍ഗണനകള്‍ തെറ്റി. ഡീപ്‌ഫേക്കുകള്‍ തീര്‍ച്ചയായും ജനാധിപത്യത്തിനും സമൂഹത്തിനും ഭീഷണിയാണ്. എന്നാല്‍ ഇപ്പോള്‍ നമ്മുടെ മുന്‍ഗണന തെറ്റായ വിവരങ്ങള്‍, വ്യാജവാര്‍ത്തകള്‍ എന്നിവക്കെതിരെ പോരാടുന്നതിനായിരിക്കണം. അത് വലിയ ഭീഷണിയാണ്. വ്യാജ വാര്‍ത്തകളില്‍ സുപ്രീംകോടതിയും പ്രധാനമന്ത്രിയും തെരഞ്ഞെടുപ്പ് കമ്മീഷനും ആശങ്ക രേഖപ്പെടുത്തി.എന്നാല്‍ അത് പരിഹരിക്കാന്‍ എന്താണ് ചെയ്തത്? ഒന്നുമില്ല,’ അദ്ദേഹം ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ഞങ്ങളുടെ പ്രധാനപ്പെട്ട ഇപ്പോഴത്തെ ഭീഷണി തെറ്റായ വിവരങ്ങളാണ്. ഡീപ്‌ഫേക്ക് ഒരു ഭീഷണിയാണ്, നമ്മള്‍ അതിനെ നേരിടണം. എന്നാല്‍ ഇപ്പോള്‍ അത് വളരെ ചെലവേറിയ കാര്യമാണ്. കര്‍ണാടക സര്‍ക്കാരിന്റെ ശ്രദ്ധ ഇപ്പോള്‍ തെറ്റായ വിവരങ്ങളിലാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബറില്‍ കര്‍ണാടക സര്‍ക്കാര്‍ പൊതു ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ വികസിപ്പിക്കുന്നതിനും നടത്തുന്നതിനുമായി ഒരു ഫാക്ട്‌ചെക്കിങ് ടീം, അനലിറ്റിക് സ്‌ക്വാഡ്, കപ്പാസിറ്റി ഡെവലപ്‌മെന്റ് ടീം എന്നിവ സ്ഥാപിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍, സാങ്കേതിക വിദഗ്ധര്‍, അക്കാദമിക് വിദഗ്ധര്‍, പബ്ലിക് പോളിസി വിദഗ്ധര്‍, എന്നിവര്‍ അടങ്ങുന്ന ഒരു കമ്മിറ്റിയാണ് നിര്‍ദിഷ്ട യൂണിറ്റില്‍ ഉണ്ടാവുക.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കമ്പനികള്‍, വ്യവസായ സ്ഥാപനങ്ങള്‍, എന്നിവരുമായി നടത്തിയ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്, അടുത്ത പത്ത് ദിവസത്തിനുള്ളില്‍ ഡീപ് ഫേക്കുകളും തെറ്റായ വിവരങ്ങളും കൈകാര്യം ചെയ്യാന്‍ വ്യക്തവും പ്രവര്‍ത്തനക്ഷമവുമായ പദ്ധതി കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു.

content highlight : Deepfake not our priority now, misinformation is a bigger threat Karnataka IT Minister