വേല്‍മുരുക പാട്ട് ചെയ്ത് കഴിഞ്ഞ ശേഷം എല്ലാവരെയും കേള്‍പ്പിച്ചിരുന്നെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അത് അപ്പോള്‍ തന്നെ മോഹന്‍ ലാലിനെ കേള്‍പ്പിക്കണമെന്ന് നിര്‍ബന്ധമായിരുന്നെന്നും ദീപക് ദേവ് പറയുന്നു. മോഹന്‍ ലാലിന് പാട്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് മാറ്റേണ്ടി വരുമെന്ന് പറഞ്ഞ ആന്റണി പെരുമ്പാവൂര്‍ അദ്ദേഹത്തെ ഫോണിലൂടെ വിളിക്കുകയായിരുന്നെന്ന് ദീപക് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മ്യൂസിക് ഡയറക്ടറിനും സംവിധായകനും ഇഷ്ടപെട്ടാല്‍ എന്തിനാണ് തന്നോട് ചോദിക്കുന്നതെന്നും അവര്‍ എന്തുതന്നെ എടുത്തുവെച്ചാലും വന്ന് അഭിനയിക്കുക മാത്രമാണ് തന്റെ ജോലിയെന്നും മോഹന്‍ലാല്‍ പറഞ്ഞെന്ന് ദീപക് ദേവ് പറയുന്നു. ഇത് കേട്ട് സംവിധായകന്‍ ജോഷി ഇതുകൊണ്ടാണ് അദ്ദേഹം മോഹന്‍ ലാലായി സിനിമയില്‍ നില്‍ക്കുന്നതെന്ന് പറഞ്ഞെന്നും ദീപക് കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദീപക് ദേവ്.
‘വേല്‍മുരുക എന്ന പാട്ട് ജോഷി സാറിന് കേട്ടപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടു. കൈതപ്രം തിരുമേനിക്കും ഇഷ്ടപ്പെട്ടു. ആന്റണി സാര്‍ വന്ന് കേട്ടിട്ട് ഒരു സെക്കന്റ് ഞാന്‍ ഇതൊന്ന് ലാല്‍ സാറിനെ കേള്‍പ്പിക്കട്ടെ എന്ന് പറഞ്ഞു. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട് കഴിഞ്ഞ് ലാല്‍ സാറിന് ഇത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ പണി പാളും. ലാലേട്ടന് ഇഷ്ടപ്പെട്ടില്ല എന്നത് മാനിച്ച് പിന്നെ മാറ്റേണ്ടി വരും, എന്നാണ് ആന്റണി ചേട്ടന്‍ പറഞ്ഞത്.
ഫോണിലാണ് ഇത് കേള്‍പ്പിക്കുന്നത്. നേരിട്ട് കേട്ടാല്‍ പുള്ളിക്ക് വേറൊരു പിക്ച്ചറായിരിക്കും കിട്ടുക. പക്ഷെ ആന്റണി ചേട്ടന്‍ എക്‌സൈറ്റ്‌മെന്റില്‍ ഇത് ലാലേട്ടന്‍ ഇപ്പോള്‍ കേട്ടെ പറ്റു എന്ന് പറഞ്ഞ് അദ്ദേഹത്തെ വിളിച്ചു. ‘ലാല്‍ സാര്‍ ഞാന്‍ ആന്റണിയാണ്. ജോഷി സാറിന്റെ നരന്‍ പടത്തിലെ കാവടിപ്പാട്ട് റെഡി ആയിട്ടുണ്ട്. ലാല്‍ സാറിനെ ഒന്ന് കേള്‍പ്പിക്കാന്‍ വേണ്ടിയിട്ട് വിളിച്ചതാണെന്ന്’ ആന്റണി സാര്‍ പറഞ്ഞു
‘ഉണ്ടാക്കിയ ആള്‍ക്ക് ഇഷ്ടപ്പെട്ടോ, ഉണ്ടാകാന്‍ പറഞ്ഞ ആള്‍ക്ക് ഇഷ്ടപ്പെട്ടോ’ എന്ന് ലാലേട്ടന്‍ ചോദിച്ചു. പുള്ളിക്ക് ഇഷ്ടപെട്ടിട്ടല്ലേ അത് ഉണ്ടാക്കിയതെന്ന് ആന്റണി സാര്‍ മറുപടികൊടുത്തു. അവര്‍ക്ക് രണ്ടു പേര്‍ക്കും ഇഷ്ടപ്പെട്ടെങ്കില്‍ പിന്നെ എന്റെ ഇഷ്ടം എന്തിനാണ് നോക്കുന്നതെന്ന് ലാലേട്ടന്‍ ആന്റണി സാറിനോട് ചോദിച്ചു.’ എന്റെ ജോലി അഭിനയമാണ്. അവര്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ടപെട്ടാല്‍ അത് എന്താണെങ്കിലും ഞാന്‍ വന്ന് അഭിനയിക്കണം’ എന്ന് ലാലേട്ടന്‍ പറഞ്ഞു. അപ്പോള്‍ ജോഷി സാര്‍ പറഞ്ഞു ഇതുകൊണ്ടാണ് അയാള്‍ മോഹന്‍ലാലായിട്ട് ഇരിക്കുന്നതെന്ന്,’ ദീപക് ദേവ് പറയുന്നു.