പാട്ടിലെ പഞ്ചാബി ടച്ച് ലാലേട്ടന്റെ ലക്കാണെന്ന് അദ്ദേഹം, 5 മിനിട്ടിൽ ഒരുക്കിയ ആ പാട്ട് ഇന്നും ട്രെൻഡിങ്: ദീപക് ദേവ്
Entertainment
പാട്ടിലെ പഞ്ചാബി ടച്ച് ലാലേട്ടന്റെ ലക്കാണെന്ന് അദ്ദേഹം, 5 മിനിട്ടിൽ ഒരുക്കിയ ആ പാട്ട് ഇന്നും ട്രെൻഡിങ്: ദീപക് ദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th September 2024, 2:55 pm

ക്രോണിക് ബാച്ച്ലർ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംഗീത സംവിധായകനായി കരിയർ തുടങ്ങിയ വ്യക്തിയാണ് ദീപക് ദേവ്. ആദ്യ ചിത്രത്തിലെ ഗാനങ്ങൾ തന്നെ ഹിറ്റായി മാറിയപ്പോൾ തുടക്കകാലത്ത് തന്നെ തിരക്കുള്ള മ്യൂസിക് ഡയറക്ടറായി മാറാൻ ദീപക്കിന് സാധിച്ചു.

പിന്നാലെ എത്തിയ ഉദയനാണ് താരം, നരൻ, തുടങ്ങിയ സിനിമകളിലെ ഗാനങ്ങളെല്ലാം വമ്പൻ സ്വീകാര്യത നേടി. ആ കൂട്ടത്തിൽ തന്നെ ഏറ്റവും ശ്രദ്ധേയമായ ഗാനമായിരുന്നു നരൻ എന്ന ചിത്രത്തിലെ വേൽമുരുക ഹരോ ഹരോ എന്ന പാട്ട്.

ആ ഗാനം പിറന്നതിനെ കുറിച്ച് പറയുകയാണ് ദീപക്. ആ കാവടി പാട്ട് കമ്പോസ് ചെയ്യുന്നതിന് മുമ്പ് നിർമാതാവ് ആന്റണി പെരുമ്പാവൂർ തന്നെ വന്ന് കണ്ടെന്നും പാട്ടിൽ ഒരു പഞ്ചാബി ഫ്ലേവർ ചേർക്കണമെന്ന് പറഞ്ഞെന്നും ദീപക് പറവയുന്നു. പാട്ടിലെ പഞ്ചാബി ടച്ച് മോഹൻലാലിന്റെ ലക്കി ഫാക്ടറാണെന്നും അങ്ങനെയാണ് അഞ്ച് മിനിറ്റ് കൊണ്ട് ആ പാട്ടുണ്ടാക്കിയതെന്നും ദീപക് പറയുന്നു. ഗൃഹലക്ഷ്മി മാഗസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ട്യൂൺ നന്നായതുകൊണ്ട് പാട്ട് എപ്പോഴും ഹിറ്റാകണമെന്നില്ല. നേരേ തിരിച്ചും സംഭവിക്കും. അഞ്ചുമിനിറ്റുകൊണ്ടുണ്ടാക്കിയ പാട്ട് എക്കാലവും ആഘോഷിക്കപ്പെടുന്നതായി മാറിയിട്ടുണ്ട്. അതിന് മികച്ച ഉദാഹരണമാണ് നരനിലെ വേൽമുരുകാ ഹരോ ഹരാ എന്ന ഗാനം.

നരനിലേക്ക് കാവടിപ്പാട്ട് കമ്പോസ് ചെയ്യാനായി തുടങ്ങുമ്പോൾ, നിർമാതാവായ ആൻ്റണി പെരുമ്പാവൂർ അരികിലേക്ക് വന്നു, ദീപു..നരസിംഹത്തിൽ പഞ്ചാബി ഫ്ലേവറിൽ ചെയ്‌ത ധാംകിണക്ക ധില്ലം ധില്ലം എന്ന പാട്ട് വലിയ ഹിറ്റായിരുന്നു. പഞ്ചാബി മിക്‌സ് ലാൽസാറിന് ഭയങ്കര ലക്കായി വന്നിട്ടുണ്ട്. പറ്റുമെങ്കിൽ ഈ പാട്ടും അങ്ങനെ ചെയ്യണം.

കാവടിപ്പാട്ടിൽ എങ്ങനെ പഞ്ചാബി കൊണ്ടുവരുമെ ന്ന് അറിയില്ല, എന്നാലും ശ്രമിക്കാം എന്ന് ഞാൻ മറുപടി നൽകി. ശേഷം അഞ്ചുമിനിറ്റുകൊണ്ടിട്ട ട്യൂണാണ് നമ്മളിപ്പോൾ കേൾക്കുന്നത്. എല്ലാവർക്കും അതിഷ്ടപ്പെട്ടു. അത് എക്കാലത്തെയും വലിയ ആഘോഷപ്പാട്ടായി മാറി,’ദീപക് ദേവ് പറയുന്നു.

അതേസമയം മലയാളത്തിൽ ഏറ്റവും വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന എമ്പുരാൻ എന്ന മോഹൻലാൽ ചിത്രത്തിന്റെ പണിപ്പുരയിലാണ് ദീപക് ദേവിപ്പോൾ. 2019ൽ ഇറങ്ങിയ സൂപ്പർ ഹിറ്റ്‌ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

 

Content Highlight: Deepak Dev Talk About Naran Movie Songs