Entertainment
ഞാനൊരു താരാട്ട് പാടി, സ്പീഡ് കൂട്ടി പാടാൻ അദ്ദേഹം പറഞ്ഞപ്പോൾ പിറന്നത് ആ ഹിറ്റ്‌ പാട്ടാണ്: ദീപക് ദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 17, 09:12 am
Wednesday, 17th January 2024, 2:42 pm

സിദ്ദിഖ് ഒരുക്കിയ മമ്മൂട്ടി ചിത്രം ക്രോണിക് ബാച്ചിലറിലൂടെ മലയാള സിനിമ രംഗത്തേക്ക് കടന്നു വന്ന സംഗീത സംവിധായകനാണ് ദീപക് ദേവ്.

കരിയറിന്റെ തുടക്കത്തിൽ തന്നെ നിരവധി ഹിറ്റ് ചാർട്ടുകൾ നേടാൻ ദീപക്കിന് കഴിഞ്ഞിരുന്നു. ഇതിനോടകം ഒരുപാട് ഗാനങ്ങൾ ദീപക് മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. ആദ്യ ചിത്രത്തിലെ ഗാനങ്ങളെല്ലാം പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ ആദ്യമായി സംഗീത സംവിധാനം ചെയ്യുന്ന സമയത്ത് തനിക്ക് നല്ല ടെൻഷൻ ആയിരുന്നുവെന്നും സംവിധായകൻ സിദ്ദിക്കാണ് തന്നെ റിലാക്സ് ആക്കിയതെന്നും ദീപക് ദേവ് പറയുന്നു.

ചിത്രത്തിലെ സ്വയംവര ചന്ദ്രികേയെന്ന ഗാനം ഒരു താരാട്ട് പാട്ടായിരുന്നുവെന്നും അത് സ്പീഡ് കൂട്ടിയാണ് ഇപ്പോൾ കാണുന്ന ഗാനമായതെന്നും ദീപക് ദേവ് പറഞ്ഞു. റിപ്പോർട്ടർ ടി. വിയോട് സംസാരിക്കുകയായിരുന്നു ദീപക് ദേവ്.

‘അന്ന് സിദ്ദിഖ് സാർ എന്നോട് ചോദിച്ചു, ഉണ്ടാക്കിവെച്ച എന്തെങ്കിലും പാട്ട് കൈയിൽ ഉണ്ടോയെന്ന്. ഞാൻ പറഞ്ഞു ഒരു താരാട്ട് പാട്ടുണ്ടെന്ന്. അതൊന്ന് കേൾക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. എന്നെ ഒരുപാട് റിലാക്സ് ആകുന്നുണ്ടായിരുന്നു അദ്ദേഹം. ഇതൊന്നും വേറേ ആർക്കും കിട്ടാത്ത ഭാഗ്യമാണ്. സിദ്ദിഖ് സാർ ആയത് കൊണ്ട് മാത്രമാണ് അത് സംഭവിച്ചത്.

അദ്ദേഹം എന്നോട് താരാട്ട് പാട്ട് പാടാൻ പറഞ്ഞു. അപ്പോൾ ഞാൻ പിയാനോ വായിച്ചുകൊണ്ട് വളരെ മെല്ലെയൊരു പാട്ട് പാടി. അത് കേട്ടപ്പോൾ അദ്ദേഹം പറഞ്ഞു. താരാട്ട് രസമുണ്ട്, പക്ഷെ നമ്മുടെ പടത്തിൽ താരാട്ടിന് ഒരു സ്കോപ് ഇല്ലായെന്ന്.

 

ഇത്‌ തന്നെ കുറച്ചുകൂടെ സ്പീഡ് കൂട്ടാൻ എന്നോട് പറഞ്ഞു. കുറച്ച് കൂട്ടിയപ്പോൾ അദ്ദേഹം വീണ്ടും കൂട്ടാൻ പറഞ്ഞു. അങ്ങനെ താരാട്ടിന്റെ സ്പീഡ് കൂടി കൂടി വേറേ ലെവലിലേക്ക് പോയി.

അപ്പോൾ അദ്ദേഹം പറഞ്ഞു, ഇപ്പോൾ ഇത്‌ താരാട്ടിൽ നിന്ന് മാറി നാലൊരു പ്രണയ ഗാനമായി. അതാണ് സ്വയംവര ചന്ദ്രികേ എന്ന പാട്ട്,’ദീപക് ദേവ് പറയുന്നു.

Content Highlight: Deepak Dev Talk About His First Song