എടാ മോനേ, ക്രീസില്‍ നില്‍ക്കെടാ... സിംബാബ്‌വേ താരത്തെ റണ്‍ ഔട്ടാക്കി ചഹര്‍, വിക്കറ്റ് വേണ്ടെന്നുവെച്ച് ഇന്ത്യ; ഇത് നിയമവിധേയമാക്കിയത് അറിഞ്ഞില്ലേ എന്ന് ആരാധകര്‍
Sports News
എടാ മോനേ, ക്രീസില്‍ നില്‍ക്കെടാ... സിംബാബ്‌വേ താരത്തെ റണ്‍ ഔട്ടാക്കി ചഹര്‍, വിക്കറ്റ് വേണ്ടെന്നുവെച്ച് ഇന്ത്യ; ഇത് നിയമവിധേയമാക്കിയത് അറിഞ്ഞില്ലേ എന്ന് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd August 2022, 11:21 pm

ഇന്ത്യ – സിംബാബ്‌വേ പരമ്പരയിലെ മൂന്നാം മത്സരവും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. സീരീസിലെ എല്ലാ മത്സരവും ആധികാരികമായി വിജയിച്ച് വൈറ്റ്‌വാഷ് ചെയ്തായിരുന്നു ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

മൂന്നാം മത്സരത്തില്‍ മാത്രമാണ് ബംഗ്ലാദേശിനെ തറപറ്റിച്ച സിംബാബ്‌വേയെ ആരാധകര്‍ കണ്ടത്. സൂപ്പര്‍ താരം സിക്കന്ദര്‍ റാസ ആഞ്ഞടിച്ചതോടെ ഒരുവേള സിംബാബ്‌വേ വിജയം മുന്നില്‍ കണ്ടിരുന്നു.

എന്നാല്‍ റായെ ഷര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ ഇന്ത്യയുടെ ശുഭ്മന്‍ ഗില്‍ ക്യാച്ചെടുത്ത് പുറത്താക്കിയതടെ ഷെവ്‌റോണ്‍സിന്റെ വിജയപ്രതീക്ഷകള്‍ അസ്തമിച്ചു.

മൂന്നാം മത്സരത്തില്‍ ഒരു വിക്കറ്റ് മാത്രമാണ് ഷര്‍ദുല്‍ താക്കൂറിന് സ്വന്തമാക്കാനായത്. എന്നാല്‍ ആവേശ് ഖാന്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചഹര്‍ എന്നിവര്‍ വിക്കറ്റുകള്‍ കൊയ്തപ്പോള്‍ സിംബാബ്‌വേ തോല്‍വി സമ്മതിച്ചു.

ഇപ്പോഴിതാ, മത്സരത്തിനിടെ നടന്ന രസകരമായ ഒരു സംഭവമാണ് ആരാധകര്‍ക്കിടിയില്‍ ചര്‍ച്ചയാവുന്നത്. ദീപക് ചഹറിന്റെ പന്തില്‍ സിംബാബ്‌വേ താരം ഇന്നസെന്റ് കായ റണ്‍ ഔട്ടാവുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്യാത്തതിനാല്‍ അമ്പയര്‍ ഔട്ട് വിളിച്ചില്ല.

സിംബാബ്‌വേ ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെയായിരുന്നു സംഭവം. ആദ്യ പന്തെറിയാനെത്തിയ ചഹര്‍ മങ്കാദിങ്ങിലൂടെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന് കായയെ പുറത്താക്കുകയായിരുന്നു.

ചഹര്‍ പന്തെറിയും മുമ്പേ കായ ക്രീസ് വിട്ട് പുറത്തിറങ്ങുകയും ചഹര്‍ മങ്കാദിങ്ങിലൂടെ ബെയ്ല്‍സ് തട്ടിക്കളയുകയുമായിരുന്നു. കായ ഔട്ടാണെങ്കിലും ചഹറോ ഇന്ത്യന്‍ ടീമോ വിക്കറ്റിന് വേണ്ടി വാദിച്ചില്ല.

ചഹറിന്റെ ഈ പ്രവര്‍ത്തിക്ക് നിരവധി അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് അള്‍ട്ടിമേറ്റ് സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് ആണെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

എന്നാല്‍, മങ്കാദിങ് നിയമപ്രകാരം നിലവില്‍ വന്ന കാര്യം മറന്നുപോയോ എന്ന് ചോദിക്കുന്നവരും കുറവല്ല.

അതേസമയം, തിരിച്ചുകിട്ടിയ ജീവന്‍ മുതലാക്കാന്‍ കായക്ക് കഴിയാതെ പോയി. ഒമ്പത് പന്തില്‍ നിന്നും ആറ് റണ്‍സ് മാത്രമെടുത്ത് കായ പുറത്തായി.

നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറിയുടെയും ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍ എന്നിവരുടെ വെടിക്കെട്ടിന്റെയും പിന്‍ബലത്തില്‍ 298 റണ്‍സെടുത്തിരുന്നു. സിംബാബ്‌വേക്കായി ബ്രാഡ് ഇവാന്‍സ് അഞ്ച് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ നിരയില്‍ സൂപ്പര്‍ താരം സിക്കന്ദര്‍ റാസ മാത്രമായിരുന്നു പിടിച്ചുനിന്നത്. 95 പന്തില്‍ നിന്നും 115 റണ്‍സാണ് റാസ സ്വന്തമാക്കിയത്.

എന്നാല്‍ മറ്റ് ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടപ്പോള്‍ ഇന്ത്യ 13 റണ്‍സിന് മത്സരം പിടിച്ചെടുക്കുകയയായിരുന്നു.

 

Content Highlight: Deepak Chahar runs out Innocent Kaia through Makading, doesn’t appeal