കോഴിക്കോട്: സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന എം.സി. ജോസഫൈന്റെ മരണത്തിന് പിന്നാലെയുള്ള സൈബര് വിദ്വേഷത്തിനെതിരെ പ്രതികരണവുമായി അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത്. എം.സി. ജോസഫൈന് തന്റെ ശരീരത്തിന്റെ സാമൂഹിക ധര്മം നിറവേറ്റിയാണ് ജീവിതത്തില് നിന്നും മടങ്ങുന്നതെന്നും വിദ്വേഷ കമന്റുകാര്ക്ക് നെഞ്ചില് വെടിയേറ്റും ബോംബ് സ്‌ഫോടനത്തിലും മരിച്ച സ്വന്തം നേതാക്കളുടെ മരണത്തെയും എങ്ങനെയാണ് കാണുകയെന്നും ദീപ ചോദിച്ചു.
‘പ്രണാമം എന്ന ഒറ്റവാക്കിട്ട് സഖാവ് ജോസഫൈന്റെ ചിത്രം പങ്കുവെച്ച എന്റെ പോസ്റ്റിനു താഴെ കണ്ട കമന്റുകള് സത്യത്തില് പേടിപ്പെടുത്തി.
‘അവസാനനിമിഷം ഒരിറ്റുവെള്ളം പോലും നേരെ ചൊവ്വേ കുടിക്കാന് പറ്റിക്കാണില്ല. കാലത്തിന്റെ കാവ്യനീതി ‘ എന്നാണ് ഒരാള് കമന്റിട്ടത്. നെഞ്ചില് വെടിയേറ്റും ബോംബ് സ്‌ഫോടനത്തിലും മരിച്ച സ്വന്തം നേതാക്കളുടെ മരണത്തെ അയാള് എങ്ങനെയാകും കാണുന്നുണ്ടാകുക,’ ദീപ നിഷാന്ത് പറഞ്ഞു.
എം.സി. ജോസഫൈന് തന്റെ ശരീരത്തിന്റെ സാമൂഹികധര്മം നിറവേറ്റിയാണ് ജീവിതത്തില് നിന്നും മടങ്ങുന്നത്. അവരുടെ ജീവിതത്തിലുടനീളം അവര് സ്വീകരിച്ച ‘വര്ഗമുദ്ര’ ആ മരണത്തിലുമുണ്ട്. വരുംകാലത്ത് തന്റെ മൃതശരീരത്തിന്റെ സാധ്യതകളെക്കൂടി മുന്കൂട്ടിക്കണ്ട് സ്വന്തം ശരീരത്തെ പഠനാവശ്യാര്ത്ഥം വിട്ടുകൊടുക്കുന്ന പേപ്പറില് ഒപ്പുവെച്ചാണ് തന്റെ ഇച്ഛാശക്തി അവര് തെളിയിക്കുന്നത്. ആ വിട്ടുകൊടുക്കല് സാംസ്‌കാരികമായ ഒരാവിഷ്‌കാരം കൂടിയാണ്. അന്തസുറ്റ മടക്കം തന്നെയാണത്… മരണത്തെപ്പോലും പരിഹസിക്കുന്ന ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും ‘ എന്ന മട്ടിലുള്ള മനുഷ്യരേക്കാള് ആയിരമിരട്ടി മൂല്യം അവരുടെ മൃതശരീരത്തിനുണ്ടെന്നും ദീപ നിഷാന്ത് പറഞ്ഞു.