ഞങ്ങള്‍ക്ക് നീതി വേണം; നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്‍പില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍
Kerala
ഞങ്ങള്‍ക്ക് നീതി വേണം; നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്‍പില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th May 2024, 11:06 am

തിരുവനന്തപുരം: ഒമാനിൽ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ മരണത്തിനുത്തരവാദി എയർ ഇന്ത്യ ആണെന്നും അവർ അതിനു മറുപടി പറയണമെന്നും കുടുംബാംഗങ്ങൾ. രാജേഷിന്റെ മൃതദേഹവുമായി എയർ ഇന്ത്യ ഓഫിസിന്റെ മുന്നിൽ പ്രതിഷേധിക്കുകയാണ് കുടുംബം.

‘മോളെ അവർ അങ്ങോട്ട് അയച്ചിരുന്നെങ്കിൽ രാജേഷ് മരിക്കില്ലായിരുന്നു. പിറ്റേദിവസം വേറെ വിമാനത്തിൽ പോകാൻ റീഫണ്ട് പോലും അവർ കൊടുത്തില്ല. അവരുടെ കയ്യിൽ വേറെ പണമില്ലായിരുന്നു. രാജേഷിന്റെ മരണത്തിന്റെ ഉത്തരവാദികൾ എയർ ഇന്ത്യ ആണ്’ രാജേഷിന്റെ പിതാവ് പറഞ്ഞു.

അധികൃതർ മറുപടി പറയുന്നത് വരെ താൻ എയർ ഇന്ത്യ ഓഫിസിൽ കുത്തിയിരിപ്പ് സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജേഷിനെ ജീവനോടെ കാണാൻ ആഗ്രഹിച്ചിരുന്ന കുടുംബത്തിന് മുന്നിലേക്ക് ചേതനയറ്റ ശരീരം ഇന്ന് രാവിലെയാണ് എത്തിയത്. എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ സമരത്തെ തുടർന്നായിരുന്നു രാജേഷിന്റെ കുടുംബത്തിന് അദ്ദേഹത്തെ കാണാൻ സാധിക്കാതായത്.

ഒമാനിൽ കുഴഞ്ഞു വീണ രാജേഷിനെ കാണാൻ ഭാര്യ അമൃത ടിക്കറ്റ് എടുത്തെങ്കിലും എയർ ഇന്ത്യ ജീവനക്കാരുടെ സമരം കാരണം ഒമാനിൽ എത്തിച്ചേരാൻ സാധിച്ചിരുന്നില്ല.

മെയ് ഏഴിനാണ് രാജേഷ് കുഴഞ്ഞു വീണത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് കുടുംബാംഗങ്ങൾ ഒമാനിലേക്ക് പോകാനുള്ള ശ്രമം നടത്തിയത്. എന്നാൽ രണ്ടു തവണ ടിക്കറ്റ് എടുത്തിട്ടും അമൃതക്ക് ഒമാനിൽ എത്താനായില്ല. തുടർന്ന് ഭർത്താവിന്റെ ചേതനയറ്റ ശരീരം നാട്ടിലേക്കെത്തിക്കുകയായിരുന്നു. അഞ്ചും മൂന്നും വയസുള്ള രണ്ട് കുഞ്ഞുങ്ങളുടെ പിതാവ് കൂടിയാണ് രാജേഷ്. മരണത്തിൽ കുടുംബം നഷ്ടപരിഹാരം ആവിശ്യപ്പെട്ടിട്ടുണ്ട്. മെയ് 13 നാണ് രാജേഷ് മരിച്ചത്. ഇന്ന് പന്ത്രണ്ട് മണിയോടെ തൈക്കാട് ശാന്തി കവാടത്തിൽ മൃതദേഹം സംസ്കരിക്കും.

 

 

Content Highlight: death of Nambi Rajesh and Air India