കൊച്ചി: തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ ദളിത് യുവാവായ വിനായകന്റെ മരണത്തില്‍ ക്രൈംബ്രാഞ്ചിന് തിരിച്ചടി. പൊലീസുകാര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താന്‍ കോടതി ഉത്തരവിട്ടു. വിനായകന്റെ അച്ഛനും ദളിത് സമുദായ മുന്നണിയും നല്‍കിയ ഹരജിയിലാണ് തൃശൂര്‍ എസ്.സി എസ്.ടി കോടതിയുടെ ഉത്തരവ്.
കോടതിയുടെ വിധിയില്‍ വളരെ സന്തോഷമുണ്ടെന്ന് വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ദളിത് സമുദായ മുന്നണിയോട് ഏറെ കടപ്പാടുണ്ടെന്നും കാരണം എല്ലാവരും കേസ് ഉപേക്ഷിച്ചപ്പോള്‍ അവരാണ് കൂടെ നിന്നതെന്നും കൃഷ്ണന്‍ പറഞ്ഞു. സാജന്‍, ശ്രീജിത്ത് എന്നീ പൊലീസുകാരാണ് തന്റെ മകന്റെ മരണത്തിന്റെ ഉത്തരവാദികളെന്നും അവര്‍ മകനെ മര്‍ദിച്ച് കൊല്ലുകയായിരുന്നെന്നും കൃഷ്ണന്‍ പറഞ്ഞു.
2017 ജൂലൈ 17 നാണ് സുഹൃത്തുക്കളുമൊന്നിച്ച് വഴിയരികില്‍ നിന്നിരുന്ന വിനായകനെന്ന 18 കാരനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്.
മാല മോഷ്ടിച്ചു എന്നാരോപിച്ച് പൊലീസ് മര്‍ദിക്കുകയും ചെയ്തു. ഒടുവില്‍ മുടി മുറിക്കണം എന്നു നിര്‍ദ്ദേശിച്ചാണ് പിതാവിനൊപ്പം വിട്ടയച്ചത്. പിറ്റേന്ന് രാവിലെ വിനായകനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍, യുവാവ് ക്രൂരമായ മര്‍ദനത്തിന് ഇരയായതായി കണ്ടെത്തി. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ പിഴവ് കണ്ടെത്തിയതോടെ കുടുംബത്തിന്റെ ആവശ്യപ്രകാരം അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.
മര്‍ദനവും അപമാനവും വിനായകനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്നാണ് കുടുംബം ആരോപിക്കുന്നത്. ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പൊലീസുകാര്‍ക്കെതിരെ ചുമത്തിയ ആത്മഹത്യാ പ്രേരണ ഒഴിവാക്കിയത് പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രക്ഷപെടാന്‍ അവസരമൊരുക്കുകയായിരുന്നു
അന്യായമായി തടങ്കലില്‍വെച്ചു, മര്‍ദിച്ചു, ഭീഷണിപ്പെടുത്തി, പട്ടികജാതി-വര്‍ഗ അതിക്രമനിരോധനനിയമം ലംഘിച്ചു തുടങ്ങിയ വകുപ്പുകള്‍ മാത്രമാണ് കുറ്റപത്രത്തില്‍ ചുമത്തിയത്. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ആരോപണ വിധേയരായ രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇത് ഒഴിവാക്കുകയായിരുന്നു.