അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുമായി വളരെമികച്ച ബന്ധം പുലര്‍ത്തുന്ന താരമാണ് റോഡ്രിഗോ ഡി പോള്‍. കളിക്കളത്തില്‍ മെസിക്കൊപ്പം മികച്ച ഒത്തിണക്കത്തോടെ കളിക്കുന്ന താരമാണ് ഡീ പോള്‍. ഇപ്പോള്‍ അര്‍ജന്റീന ടീമിലെ മെസിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയാണ് ഡി പോള്‍. ഓള്‍ എബൗട്ട് അര്‍ജന്റീനയിലൂടെ സംസാരിക്കുകയായിരുന്നു ഡി പോള്‍.
‘മെസിയാണ് കപ്പലിന്റെ ക്യാപ്റ്റന്‍. അദ്ദേഹത്തിന് വേണ്ടി ഞങ്ങള്‍ സന്തോഷത്തോടെയാണ് ചെയ്യുന്നത്. എല്ലാ പത്രങ്ങളുടെയും ഒന്നാം പേജില്‍ മെസി എപ്പോഴും ഉണ്ടായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ അദ്ദേഹത്തിന് പിന്നിലുണ്ട്,’ ഡി പോള്‍ പറഞ്ഞു.
അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. .
അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.
2018ലാണ് ഡി പോള്‍ അര്‍ജന്റീനക്കായി അരങ്ങേറ്റം കുറിക്കുന്നത്. ലയണല്‍ സ്‌കലോണിയുടെ കീഴില്‍ 69 മത്സരങ്ങളിലാണ് താരം ബൂട്ടുകെട്ടിയത്. രണ്ട് ഗോളുകളും 11 അസിസ്റ്റുകളുമാണ് ഡി പോള്‍ അര്‍ജന്റീനക്കായി നേടിയത്.
അതേസമയം 2026 ലോകകപ്പ് യോഗ്യത മത്സരത്തില്‍ ചിലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അര്ജന്റീന പരാജയപ്പെടുത്തിയിരുന്നു. അര്‍ജന്റീനക്കായി അലക്സിസ് മക്ക് അലിസ്റ്റര്‍, ജൂലിയന്‍ അല്‍വാരസ്, പൗലോ ഡിബാല എന്നിവരായിരുന്നു ഗോളുകള്‍ നേടിയത്.
എന്നാല്‍ കൊളംബിയക്കെതിരെയുള്ള രണ്ടാം മത്സരത്തില്‍ അര്‍ജന്റീന പരാജയപ്പെടുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയ അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്.
നിലവില്‍ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പട്ടികയില്‍ എട്ട് മത്സരങ്ങളില്‍ നിന്നും ആറ് വിജയവും രണ്ട് തോല്‍വിയും അടക്കം 18 പോയിന്റുമായി ഒന്നാം സ്ഥാനത്തുതന്നെയാണ് അര്‍ജന്റീന. ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ഒക്ടോബര്‍ 11ന് വെനസ്വെലക്കെതിരെയാണ് ലോകചാമ്പ്യന്മാരുടെ അടുത്ത മത്സരം.
Content Highlight: De Paul Talks About Lionel Messi Importance of Argentina Team