ഐ.പി.എല്‍ 2023ല്‍ ഇതുവരെ കളിച്ച എല്ലാ മത്സരവും തോറ്റുകൊണ്ടാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്. കളിക്കുന്നത് ഹോം മത്സരമോ എവേ മത്സരമോ ആകട്ടെ, എതിരാളികള്‍ക്ക് മുമ്പില്‍ തോല്‍വിയടഞ്ഞാണ് ക്യാപ്പിറ്റല്‍സ് സ്വന്തം ആരാധകരുടെ തന്നെ പഴിയേറ്റുവാങ്ങുന്നത്.
പരിക്കേറ്റ റിഷബ് പന്തിന് പകരം ഡേവിഡ് വാര്‍ണറിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ താരത്തില്‍ നിന്നും ഏറെ പ്രതീക്ഷിച്ചിരുന്നു. 2016ല്‍ സണ്‍റൈസേഴ്‌സിനെ കിരീടം ചൂടിച്ച വാര്‍ണര്‍ ഇത്തവണ തങ്ങളുടെ കിരീട വരള്‍ച്ചയും അവസാനിപ്പിക്കുന്നമെന്ന് ദല്‍ഹി ആരാധകര്‍ കരുതി.
എന്നാല്‍ ക്യാപ്റ്റന്റെ റോളിലെത്തിയ വാര്‍ണര്‍ക്ക് ക്യാപ്റ്റന്‍സിയും ബാറ്റിങ്ങും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ സീസണില്‍ ബാറ്റിങ്ങില്‍ ടീമിന്റെ കരുത്തായ വാര്‍ണര്‍ ഇത്തവണ അത്ര മികച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്.
ടീം സ്‌കോറിലേക്ക് കാര്യമായ സംഭാവനകള്‍ നല്‍കുന്നുണ്ടെങ്കിലും അതിനായി ഉപയോഗിക്കുന്ന പന്തുകളാണ് പ്രശ്‌നമുയര്‍ത്തുന്നത്. ഒരിക്കലും ടി-20 ഫോര്‍മാറ്റിന് അനുയോജ്യമായ രീതിയിലല്ല വാര്‍ണര്‍ ബാറ്റ് വീശുന്നത്. താരത്തിന്റെ മോശം പ്രകടനം ടീമിന്റെ സ്റ്റെബിലിറ്റിയെയും കാര്യമായി തന്നെ ബാധിക്കുന്നുണ്ട്.
സീസണില്‍ ഇതുവരെ കളിച്ച അഞ്ച് മത്സരത്തില്‍ നിന്നും 45.60 എന്ന ആവറേജില്‍ 228 റണ്‍സ് നേടിയിട്ടുണ്ടെങ്കിലും 116.92 എന്ന സ്‌ട്രൈക്ക് റേറ്റ് മാത്രമാണ് വാര്‍ണറിനുള്ളത്.
ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 6000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടുന്ന താരമാകാനും ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത് മാത്രം താരമാകാനും വാര്‍ണറിന് സാധിക്കുമ്പോഴും താരത്തിന്റെ മെല്ലെപ്പോക്ക് വിമര്‍ശനങ്ങള്‍ക്ക് വിധേയമാകാറുണ്ട്.
ടി-20 ഫോര്‍മാറ്റില്‍ സെന്‍സിബിള്‍ ഇന്നിങ്‌സ് കളിക്കുന്ന വാര്‍ണര്‍ തന്റെ പേരിനോടും പ്രതാപത്തോടും ഒട്ടും നീതിപുലര്‍ത്താതെയാണ് ഈ സീസണില്‍ ബാറ്റ് വീശുന്നത്.
അതേസമയം, ശനിയാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് റോയല്‍ ചലഞ്ചേഴ്‌സിനെതിരെ നടന്ന മത്സരത്തിലും പരാജയപ്പെടാനായിരുന്നു ക്യാപ്പിറ്റല്‍സിന്റെ വിധി. 23 റണ്‍സിനായിരുന്നു ക്യാപ്പിറ്റല്‍സിന്റെ പരാജയം. ആര്‍.സി.ബി ഉയര്‍ത്തിയ 175 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
— Royal Challengers Bangalore (@RCBTweets) April 15, 2023
ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരായ റിക്കി പോണ്ടിങ്ങും സൗരവ് ഗാംഗുലിയും ടീമിന്റെ തലച്ചോറായി പ്രവര്‍ത്തിക്കുമ്പോഴും വിജയം മാത്രം അകന്നുനില്‍ക്കുകയാണ്. വരും മത്സരത്തിലെങ്കിലും ടീം വിജയിക്കുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.