അവനെ മെസിയുമായി താരതമ്യം ചെയ്യുന്നത് തെറ്റാണ്: പ്രസ്താവനയുമായി ഡേവിഡ് വിയ്യ
Football
അവനെ മെസിയുമായി താരതമ്യം ചെയ്യുന്നത് തെറ്റാണ്: പ്രസ്താവനയുമായി ഡേവിഡ് വിയ്യ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th September 2024, 8:41 am

സ്പാനിഷ് യുവതാരം ലാമിന്‍ യമാലിനെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുമായി താരതമ്യം ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ സ്പെയ്ന്‍ താരം ഡേവിഡ് വിയ്യ. യമാല്‍ മികച്ച കഴിവുള്ള താരമാണെന്നും എന്നാല്‍ മെസിയുമായി സ്പാനിഷ് താരത്തെ താരതമ്യം ചെയ്യുന്നത് തെറ്റാണെന്നുമാണ് വിയ്യ പറഞ്ഞത്. ബാഴ്‌സ യൂണിവേഴ്‌സലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ സ്പാനിഷ് താരം.

‘യമാല്‍ ഒരു സ്‌പെഷ്യല്‍ താരമാണ്. ഇത്ര ചെറുപ്പത്തില്‍ തന്നെ അവനെപോലെ മികച്ച കഴിവുകളുള്ള താരങ്ങളെ ഞാന്‍ കണ്ടിട്ടില്ല. പക്ഷേ അവനെ മെസിയുമായി താരതമ്യം ചെയ്യുന്നത് തെറ്റാണെന്ന് ഞാന്‍ പലതവണ പറഞ്ഞിട്ടുണ്ട്.

ഫുട്‌ബോളില്‍ ലാമിന്‍, ഹാലണ്ട്, എംബാപ്പെ തുടങ്ങിയ ഏത് താരങ്ങള്‍ ആയാലും അവരെ മെസിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. മെസി വ്യത്യസ്തനായ ഒരു താരമാണ്. എന്നാല്‍ നമ്മള്‍ അവരെയൊക്കെ മെസിയുമായി താരതമ്യം ചെയ്യാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത് അവര്‍ നടത്തുന്ന മികച്ച പ്രകടങ്ങളാണ്. പക്ഷെ മെസിയുടെ ലെവല്‍ എന്താണെന്ന് നമ്മള്‍ നോക്കണം,’ ഡേവിഡ് വിയ്യ പറഞ്ഞു

അടുത്തിടെ അവസാനിച്ച യൂറോ കപ്പില്‍ സ്പെയ്നിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച താരമാണ് യമാല്‍. ഈ ടൂര്‍ണമെന്റില്‍ ആറ് മത്സരങ്ങളില്‍ നിന്നും ഒരു ഗോളും നാല് അസിസ്റ്റുമാണ് സ്പാനിഷ് യുവതാരം നേടിയത്.

യൂറോകപ്പില്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു സ്പെയ്ന്‍ തങ്ങളുടെ ചരിത്രത്തിലെ നാലാം യൂറോ കിരീടം സ്വന്തമാക്കിയത്.

നിലവില്‍ ലാ ലിഗയില്‍ ബാഴ്സലോണക്ക് വേണ്ടിയാണ് യമാല്‍ കളിക്കുന്നത്. പുതിയ പരിശീലകന്‍ ഹാന്‍സി ഫ്ലിക്കിന്റെ കീഴില്‍ മിന്നും പ്രകടനമാണ് യമാല്‍ നടത്തുന്നത്.

സ്പാനിഷ് ലീഗില്‍ അഞ്ചു മത്സരങ്ങളില്‍ നിന്നും മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളുമാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. നിലവില്‍ അഞ്ച് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ അഞ്ചും വിജയിച്ചുകൊണ്ട് 15 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് സ്പാനിഷ് വമ്പന്‍മാര്‍.

 

Content Highlight: David Villa Talks Lamine Yamal and  Lionel Messi Comparison