ന്യൂദല്‍ഹി: ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമെന്ന് സര്‍ക്കാരും ആധാര്‍ അതോരിറ്റിയും സുപ്രീം കോടതിയില്‍ ആവര്‍ത്തിക്കുമ്പോഴും ആധാര്‍ വിവരങ്ങളുടെ ചോര്‍ച്ച തുടരുകയാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഇപ്പോള്‍ തന്നെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് മതം,ജാതി, ബാങ്ക് അക്കൗണ്ട് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ചില വകുപ്പുകള്‍ ഈ വിവരങ്ങള്‍ ആര്‍ക്കും ലഭ്യമാവുന്ന തരത്തില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നു.
ആന്ധ്രപ്രദേശ് ഹൗസിങ് കോര്‍പ്പറേഷനില്‍ നിന്നാണ് ഇത്തവണ ഡാറ്റ ചോര്‍ന്നത്. 1.3 ലക്ഷം ജനങ്ങളുടെ വിവരങ്ങളാണ് ജാതി, മതം, സ്ഥലം ഉള്‍പ്പടെ അറിയാന്‍ കഴിയും വിധം ഹൗസിങ് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ നിന്ന് ചോര്‍ന്നത്.
Read | ‘മമത ബാനര്‍ജി മസ്തിഷ്‌ക പരിശോധന നടത്തേണ്ടിയിരിക്കുന്നു’; ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്
ഇതാണ് ഈ ചോര്‍ച്ചയെ കൂടുതല്‍ അപകടകരമാക്കുന്നതും. പ്രത്യേക മതത്തിലുള്ളതോ ജാതിയിലുള്ളതോ ആയ ആളുകളെ “സെര്‍ച്ച്” ചെയ്‌തെടുക്കാനുള്ള സൗകര്യവും ഹൗസിങ് കോര്‍പ്പറേഷന്‍ വെബ്‌സൈറ്റിലുണ്ട്. ഒരു പ്രത്യേക സ്ഥലത്തെ മുഴുവന്‍ ദളിതുകളുടെയോ മുസ്‌ലിങ്ങളുടെയോ പേര് ഇത് വഴി എളുപ്പം തെരഞ്ഞെടുക്കാം.
ഇത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് പൂര്‍ണമായും വിരുദ്ധമാണെന്നാണ് ഹൈദരബാദിലെ സൈബര്‍ സുരക്ഷാ വിദഗ്ദന്‍ ശ്രീനിവാസ് കോഡാലി പറഞ്ഞത്.
“ആധാര്‍ വിവരങ്ങള്‍ ഒരിക്കലും പൗരന്മാരെ നിരീക്ഷിക്കാനോ മതം, ജാതി പോലുള്ള വിവരങ്ങള്‍ അറിയാനോ ഉപയോഗിക്കില്ലെന്നാണ് യു.ഐ.ഡി.എ.ഐ സുപ്രീം കോടതിയില്‍ പറഞ്ഞത്. പക്ഷേ സത്യത്തില്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് മതവും ജാതിയും ഉള്‍പ്പെടെ ചോര്‍ത്തി ആളുകളുടെ പ്രൊഫൈല്‍ ഉണ്ടാക്കുകയാണ്. ഈ വിവരങ്ങളെല്ലാം പരസ്യമായി ലഭ്യമാക്കുകയും ചെയ്യുന്നു. ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടിങ് പ്രൊഫൈലിങ്ങിന് വേണ്ടി ദുരുപയോഗം ചെയ്യപ്പെട്ടേക്കാം.” – ശ്രീനിവാസ് പറഞ്ഞു.
ആധാര്‍ നിയമത്തില്‍ ഡാറ്റ ചോരാതിരിക്കാന്‍ കര്‍ശന നിയമങ്ങളുണ്ടെന്നും ആധാര്‍ ഡാറ്റ പൂര്‍ണമായും സുരക്ഷിതമാണെന്നുമാണ് യു.ഐ.ഡി.എ.ഐ തലവന്‍ എ.ബി.പി പാണ്ഡേ സുപ്രീം കോടതിയില്‍ പറഞ്ഞത്. എന്നാല്‍ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതും ദുരുപയോഗം ചെയ്യുന്നതും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇതിന് മുന്‍പും ഇത്തരം നിരവധി ചോര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഡാറ്റാബേസ് സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് ആധാര്‍ അധികൃതര്‍ അവകാശപ്പെട്ടതിന് ശേഷമാണ് പുതിയ ചോര്‍ച്ച.
വിവാദത്തെ തുടര്‍ന്ന് ആന്ധ്രാ സര്‍ക്കാര്‍ വെബ്‌സൈറ്റ് അടച്ചിരിക്കുകയാണ്. ഇന്ത്യയില്‍ ഇത്തരം വിവര ചോര്‍ച്ച വലിയ ദുരുപയോഗങ്ങള്‍ക്ക് കാരണമാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ അംബ കാക് പറയുന്നത്.
“എങ്ങനെയൊക്കെ ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്ന് പറയാനാവില്ല. സാമ്പത്തിക തട്ടിപ്പ് നടത്തപ്പെടാം, അല്ലെങ്കില്‍ രാജ്യത്തെ ന്യൂനപക്ഷ വേട്ടയ്ക്കായി ഉപയോഗിക്കപ്പെടാം. ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ സുരക്ഷിതത്വമില്ലാത്തവരാവുന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണിത്.” – അദ്ദേഹം പറഞ്ഞു.