കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25 ന് പുറത്തിറങ്ങിയ ദര്‍ശന എന്ന ഗാനത്തോടെയാണ് ‘ഹൃദയം’ സജീവ ചര്‍ച്ചയിലേക്ക് വരുന്നത്. സിനിമയിലെ മറ്റ് ഗാനങ്ങള്‍ പുറത്തിറങ്ങിയിട്ടും ചിത്രത്തിലെ ഏറ്റവുമധികം കാഴ്ചക്കാരുള്ള പാട്ടായി ദര്‍ശന മുന്നില്‍ നില്‍ക്കുന്നു. ഈ പാട്ട് പോലെ തന്നെ സിനിമയിലും ദര്‍ശന തന്നെ കവര്‍ന്നെടുത്തിരിക്കുകയാണ്.
ചിത്രത്തിലെ മൂന്നു പ്രധാനകഥാപാത്രങ്ങളില്‍ പ്രകടനം കൊണ്ട്, കഥാപാത്രത്തെ ഒരു പടി മുകളിലേക്ക് ഉയര്‍ത്തുന്നത് ദര്‍ശനയെ അവതരിപ്പിച്ച ദര്‍ശന രാജേന്ദ്രനാണ്. വളരെ ആര്‍ട്ടിഫിഷ്യലും ക്രിഞ്ചുമായി പോകാമായിരുന്ന സാഹചര്യങ്ങളെ പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊടുംവിധം അവതരിപ്പിക്കാന്‍ ദര്‍ശനക്കാകുന്നുണ്ട്.
18 വയസുകാരി അനുഭവിക്കുന്ന പ്രണയത്തിന്റെ കൗതുകവും വഞ്ചനയും അതിനു ശേഷവും തുടരുന്ന ആത്മസംഘര്‍ഷങ്ങളും ദര്‍ശന ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്.
കൂട്ടത്തില്‍ ഏറ്റവും ആഴമുള്ള കഥാപാത്രസൃഷ്ടിയും ദര്‍ശനയുടേത് തന്നെയാണ്. ഓരോ കഥാപാത്രത്തെയും ഏറ്റവും സ്വാഭാവികമായി അവതരിപ്പിക്കാന്‍ കഴിയുന്ന അഭിനേതാക്കളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും ദര്‍ശനയുടെ സ്ഥാനമെന്ന് ഈ ചിത്രം ഒരിക്കല്‍ കൂടി അടിവരയിടുകയാണ്.
മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രണവും കല്യാണിയും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്.
വലിയ ക്യാരക്ടര്‍ ഗ്രോത്തോ മാറ്റങ്ങളോ വരുന്നില്ലെങ്കിലും വളരെ സന്തോഷവതിയും ഉള്ളുതുറന്ന് ഇഷ്ടപ്പെടുന്നവളുമായ നിത്യയെ കല്യാണി നല്ല രീതിയില്‍ അവതരിപ്പിച്ചു. എന്നാല്‍ പോസ്റ്ററും ടീസറും പാട്ടുകളും കണ്ട് സിനിമക്ക് കയറിയ പ്രേക്ഷകര്‍ക്ക് ഊതിവീര്‍പ്പിച്ച ബലൂണിന്റെ കാറ്റഴിച്ചു വിട്ട അനുഭവമാണ് നിത്യ നല്‍കിയത്.
സിനിമയുടെ ആദ്യം മുതല്‍ അവസാനം വരെ സിനിമ അരുണിന്റേയും ദര്‍ശനയുടെയും തന്നെയായി തുടരുകയാണ്.
അരുണിന്റേയും ദര്‍ശനയുടെയും കഥാപാത്രങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കൊടുത്ത ശ്രദ്ധ വിനീത് നിത്യയുടെ കാര്യത്തില്‍ കാണിച്ചില്ല.
കേന്ദ്ര കഥാപാത്രമായ അരുണ്‍ നീലകണ്ഠനെ പ്രണവ് മികച്ചതാക്കി. അയാള്‍ കടന്നുപോകുന്ന വ്യത്യസ്തമായ വികാരങ്ങളെയും ജീവിതമുഹൂര്‍ത്തങ്ങളെയും തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ പ്രണവിന് കഴിഞ്ഞു.
ആരോടെങ്കിലുമുള്ള ദേഷ്യവും നഷ്ടബോധവുമൊക്കെ മറ്റുള്ളവരോട് തീര്‍ക്കുന്നതും, ഒരാളുമായി പ്രണയത്തിലായിരിക്കെ മറ്റൊരാളോട് തോന്നുന്ന ഇഷ്ടവും സുഹൃത്തുക്കള്‍ക്കിടയിലെ പ്രശ്‌നങ്ങളും തിരിച്ചറിവുണ്ടാകുന്ന നിമിഷങ്ങളുമെല്ലാം പ്രണവ് നന്നായി തന്നെ അവതരിപ്പിച്ചു.