പനാമ പേപ്പര്‍സ് അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തക ഡാഫിന്‍ ഗലീസിയ കൊല്ലപ്പെട്ടു
World
പനാമ പേപ്പര്‍സ് അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തക ഡാഫിന്‍ ഗലീസിയ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th October 2017, 11:08 am

മാള്‍ട്ട: പ്രശസ്ത അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക ഡാഫിന്‍ കരോണ ഗലിസീയ (53) കാര്‍ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ലോകരാജ്യങ്ങളെ പിടിച്ചുലച്ച പനാമ പേപ്പേര്‍സ് അഴിമതി പുറംലോകത്തെത്തിച്ച മാധ്യമപ്രവര്‍ത്തകയാണ് ഗലീസിയ.


Also Read: അഡ്വ. സി.പി ഉദയഭാനുവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്


മാള്‍ട്ടയില്‍ തന്റെ വീടിന് സമീപത്തുവെച്ചാണ് ഗലീസിയ അപകടത്തില്‍പ്പെട്ടത്. ഇവരുടെ വാഹനത്തിനുള്ളിലാണ് അക്രമികള്‍ ബോംബ് വെച്ചിരുന്നത്. കിരാതമായ അക്രമമാണ് ഗലീസിയക്കെതിരെ നടന്നിരിക്കുന്നതെന്നും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുമുകളിലുള്ള കടന്നാക്രമണമാണിതെന്നും മാള്‍ട്ടാ പ്രധാനമന്ത്രി ജോസഫ് മസ്‌കാറ്റ് പ്രതികരിച്ചു.

മസ്‌കാറ്റിനെതിരായ വിവരങ്ങളാണ് ഏറ്റവും അവസാനം ഇവര്‍ തന്റെ ബ്ലോഗിലൂടെ പുറത്തുവിട്ടിരുന്നത്. ജോസഫ് മസ്‌കാറ്റിന്റെ ഭാര്യയും പനാമ ഷെല്‍ കമ്പനിയും അസര്‍ബെയ്ജാന്‍ പ്രസിഡന്റിന്റെ മകളും ഉള്‍പ്പെട്ട അഴിമതി ഇടപാട് സംബന്ധിച്ച് റിപ്പോര്‍ട്ട് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് അഡ്രിയാന്‍ ഡെലിയ ഗലീസിയുടേത് രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്.


Dont Miss: ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും പട്ടാളഭരണവും ഏകാധിപത്യത്തെയും അനുകൂലിക്കുന്നതായി സര്‍വ്വേ ഫലം


രണ്ടാഴ്ച മുമ്പ് തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് കരോണ ഗലീസിയ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ വെബ്സൈറ്റില്‍ ഇന്നലെ ഉച്ചയ്ക്കാണ് അവര്‍ അവസാന പോസ്റ്റിട്ടത്. മാള്‍ട്ടയുടെ ഓണ്‍ലൈന്‍ ഗെയ്മിംഗ് ഇന്‍ഡസ്ട്രിയും മാഫിയയും തമ്മിലുള്ള ബന്ധവും പണതട്ടിപ്പിന് അനുകൂലമായ ബാങ്കുകളുടെ പ്രവൃത്തികളും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കരോണ പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി പനാമ പേപ്പേര്‍സ് രേഖകളുടെ ഭാഗമായി മൊസാക് ഫൊന്‍സേക കമ്പനിയില്‍ നിന്ന് ചോര്‍ത്തിയ വിവരങ്ങള്‍ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സ് (ഐ.സി.ഐ.ജെ) ആണ് പുറത്തുവിട്ടത്. വിദേശത്തെ അനധികൃത നിക്ഷേപങ്ങളേയും വ്യാജ കമ്പനികളേയും അഴിമതികളേയും പറ്റി 11.5 ലക്ഷം രേഖകളാണ് ഇതുവരെ ചോര്‍ത്തിയിട്ടുള്ളത്.