കളിക്കിടയില്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് പിടഞ്ഞു വീണു, ഒരു വര്‍ഷം പിന്നിടുമ്പോള്‍ സ്വപ്‌നനേട്ടത്തില്‍; ഇതിലും മികച്ച ഒരു തിരിച്ചുവരവ് ചരിത്രത്തിലുണ്ടാകില്ല
Sports
കളിക്കിടയില്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് പിടഞ്ഞു വീണു, ഒരു വര്‍ഷം പിന്നിടുമ്പോള്‍ സ്വപ്‌നനേട്ടത്തില്‍; ഇതിലും മികച്ച ഒരു തിരിച്ചുവരവ് ചരിത്രത്തിലുണ്ടാകില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 10th November 2022, 1:11 pm

കരുത്തുറ്റ തിരിച്ചുവരവുകളുടെ പേരിലാണ് ഓരോ കായികമത്സരവും മനുഷ്യര്‍ക്ക് പ്രിയപ്പെട്ടതാകുന്നത്. ഫുട്‌ബോള്‍ ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങള്‍ പിറക്കുന്നയിടമാണ്.

പരിക്കേറ്റ് മാറി നിന്നവരും, ഫോം നഷ്ടപ്പെട്ട് ആരാധകരുടെ കുത്തുവാക്കുകളും വിമര്‍ശനങ്ങളും കേട്ടവരുമെല്ലാം പിന്നീട് ആരെയും അതിശയിപ്പിക്കുന്ന തിരിച്ചുവരവുകള്‍ നടത്തിയ ഒട്ടേറെ സംഭവങ്ങള്‍ ഓരോ ടീമിനും പറയാനുണ്ടാകും.

അത്തരത്തില്‍ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നായി വിലയിരുത്തപ്പെടുന്ന ജീവിതമാണ് ഡെന്മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സന്‍സിന്റേത്. സിനിമാക്കഥകളെ വെല്ലുന്ന ജീവിതമാണ് അത്.

കരിയറിലെ ഏറ്റവും മികച്ച സമയത്തായിരുന്നു ജീവന്‍ നഷ്ടപ്പെട്ടുപോകുമായിരുന്ന അവസ്ഥയിലേക്ക് എറിക്‌സന്‍ വീണുപോകുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 12ന്, യൂറോ കപ്പില്‍ ഫിന്‍ലാന്‍ഡുമായുള്ള മാച്ചിനിടെയായിരുന്നു ലോകം കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളായ എറിക്‌സന്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണത്.

അഞ്ച് മിനിട്ട് നേരത്തേക്ക് താന്‍ ഈ ലോകത്തില്ലായിരുന്നു എന്നായിരുന്നു ഇതേ കുറിച്ച് എറിക്‌സന്‍ തന്നെ പിന്നീട് പറഞ്ഞത്. എറിക്‌സന് മെഡിക്കല്‍ കെയര്‍ നല്‍കുന്ന സമയത്ത് കരഞ്ഞുകൊണ്ട് ചുറ്റും നിന്ന് പ്രതിരോധമറ തീര്‍ത്ത ഡാനിഷ് താരങ്ങളുടെ ചിത്രം ഇന്നും ആരും മറന്നുകാണാനിടയില്ല.

അന്ന് ഹാര്‍ട്ട് ഡിഫിബ്രിലേറ്റര്‍ വഴി ജീവന്‍ രക്ഷിക്കാനായെങ്കിലും താരത്തിന്റെ ഫുട്‌ബോള്‍ കരിയറിന് തിരശീല വീണുവെന്ന് തന്നെ എല്ലാവരും കരുതി. ഇന്റര്‍ മിലാന് താരവുമായുള്ള കരാര്‍ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ഇറ്റാലിയന്‍ ഫുട്‌ബോളില്‍ ഇംപ്ലാന്റബിള്‍ കാര്‍ഡിയോവെര്‍ട്ടര്‍ ഡിഫിബ്രിലേറ്റര്‍ (Implantable Cardioverter Defibrillator (ICD)) ഉപയോഗിക്കുന്നവര്‍ക്കുള്ള വിലക്കായിരുന്നു കാരണം.

എന്നാല്‍ എറിക്‌സന്‍ തന്റെ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. അങ്ങനെ ഹൃദയാഘാതം നേരിട്ട് എട്ട് മാസങ്ങള്‍ക്ക് ശേഷം, കൃത്യമായി പറഞ്ഞാല്‍ 259 ദിവസത്തിന് ശേഷം, 2022 ഫെബ്രുവരി 26ന് എറിക്‌സന്‍ കളിക്കളത്തിലേക്ക് മടങ്ങിയെത്തി.

ബ്രെന്റ്‌ഫോര്‍ഡായിരുന്നു താരത്തിന് ആ സെക്കന്റ് ചാന്‍സ് നല്‍കിയത്. അവസരം നല്‍കിയ ബ്രെന്റ്‌ഫോര്‍ഡിനെ അഭിമാനം കൊള്ളിക്കുന്ന പ്രകടനമായിരുന്നു എറിക്‌സന്‍ പുറത്തെടുത്തത്.

പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള വാതില്‍ തുറക്കാനും ഈ പ്രകടനം കാരണമായി. അങ്ങനെ ബ്രെന്റ്‌ഫോര്‍ഡില്‍ നിന്നും 2022 ജൂലൈ 15ന് ഓള്‍ഡ് ട്രഫോഡിലേക്ക് താരമെത്തി.

തന്റെ മുപ്പതാം വയസില്‍ യുണൈറ്റഡിന്റെ വിജയങ്ങളുടെ ശില്‍പിയായിട്ടാണ് ഇപ്പോള്‍ എറിക്‌സന്‍ അറിയപ്പെടുന്നത്. ആഴ്‌സണലിനെ 1-3 ന് തകര്‍ത്ത മാച്ചില്‍ മിഡ്ഫീല്‍ഡില്‍ നിന്ന് കളിക്കളത്തെ മൊത്തം നിയന്ത്രിച്ച് ഗോളിന് വഴിയൊരുക്കിയവരില്‍ പ്രധാനി എറിക്‌സനായിരുന്നു.

ബ്രെന്റ്‌ഫോര്‍ഡിന് വേണ്ടി കളത്തിലിറങ്ങിയ സമയം മുതല്‍ എറിക്‌സന്റെ തിരിച്ചുവരവ് ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും, കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഡെന്മാര്‍ക്ക് ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിയതോടെയാണ് ആ ആനന്ദാഘോഷം പാരമ്യത്തിലെത്തിയത്.

ബ്രെന്റ്‌ഫോര്‍ഡിനും യുണൈറ്റഡിനും വേണ്ടി കളത്തില്‍ വിജയതന്ത്രങ്ങള്‍ മെനഞ്ഞ എറിക്‌സന്‍ ഡെന്മാര്‍ക്കിന് വേണ്ടി ഖത്തറിലും അത് ആവര്‍ത്തിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.

Content Highlight: Danish player Christian Eriksen’s remarkable comeback to football