ഓസ്‌ട്രേലിയന്‍ മണ്ണില്‍ തന്റെ ടെസ്റ്റ് റെക്കോഡ് പി.സി.ബി ഒഴിവാക്കിയെന്ന് ഡാനിഷ് കനേരിയ
Sports News
ഓസ്‌ട്രേലിയന്‍ മണ്ണില്‍ തന്റെ ടെസ്റ്റ് റെക്കോഡ് പി.സി.ബി ഒഴിവാക്കിയെന്ന് ഡാനിഷ് കനേരിയ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 24th December 2023, 6:39 pm

ഓസ്‌ട്രേലിയക്കെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ ആദ്യ മത്സരം 360 റണ്‍സിന് പാകിസ്ഥാന്‍ പരാജയപ്പെടുകയായിരുന്നു. ഡിസംബര്‍ 26ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന ഐതിഹാസികമായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ പാറ്റ് കമ്മിന്‍സിനെയും സംഘത്തിനെയും നേരിടാന്‍ ഒരുങ്ങി ഇരിക്കുകയാണ് മെന്‍ ഇന്‍ ഗ്രീന്‍.

എന്നാല്‍ ഓസ്‌ട്രേലിയക്ക് എതിരെയുള്ള പാകിസ്ഥാന്റെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ നിന്നും മുന്‍ പാക് താരം ഡാനിഷ് കനേരിയയെ ഒഴിവാക്കിയതിനെ തുടര്‍ന്ന് താരം തന്റെ വിമര്‍ശനം അറിയിച്ചിരിക്കുകയാണ്. പി.ബി.സി പുറത്തുവിട്ട പട്ടികയില്‍ വസീം അക്രം, ഇമ്രാന്‍ ഖാന്‍, ഇഖ്ബാല്‍ ഖാസിം, സര്‍ഫ്രാസ് നവാസ്, മുഷ്താഖ് മുഹമ്മദ്, സഖ്‌ലെയിന്‍ മുഷ്താഖ്, മുഹമ്മദ് ആസിഫ് എന്നിവരുടെ പേരുകള്‍ ആണ് ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഓസീസിനെതിരെ അഞ്ച് ടെസ്റ്റില്‍ നിന്ന് 40.58 ശരാശരിയില്‍ 24 വിക്കറ്റുകള്‍ വീഴ്ത്തിയ ഡാനിഷ് കനേരിയയുടെ പേരുമാത്രം പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലായിരുന്നു.

‘പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ധീരത നോക്കൂ, ഓസ്‌ട്രേലിയയില്‍ 5 മത്സരങ്ങളില്‍ നിന്ന് ഞാന്‍ 24 വിക്കറ്റുകള്‍ നേടിയെങ്കിലും അവര്‍ എന്റെ പേര് പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. എനിക്കെതിരെയുള്ള വിവേചനത്തിന്റെ ഉദാഹരണമാണ് ഇത്,’മുന്‍ ലെഗ് സ്പിന്നര്‍ എക്‌സില്‍ എഴുതി.

61 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 261 വിക്കറ്റുകളാണ് ഡാനിഷ് പാകിസ്ഥാന് നേടിക്കൊടുത്തത്. ഏകദിനത്തില്‍ 18 മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റുകളും ടി ട്വന്റിയില്‍ 65 മത്സരങ്ങളില്‍ നിന്ന് 87 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight: Danish Kaneria says P.C.B has removed his Test record on Australia