ഐ.പി.എല്ലില്‍ ഒറ്റ മത്സരം പോലും കളിപ്പിച്ചില്ല, എട്ട് സിക്‌സറുമായി 24 പന്തില്‍ 67 അടിച്ച് ക്ലാസിക് മറുപടി
Sports News
ഐ.പി.എല്ലില്‍ ഒറ്റ മത്സരം പോലും കളിപ്പിച്ചില്ല, എട്ട് സിക്‌സറുമായി 24 പന്തില്‍ 67 അടിച്ച് ക്ലാസിക് മറുപടി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th June 2023, 6:22 pm

വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ വെടിക്കെട്ട് തീര്‍ത്ത് ഓസീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഡാനിയല്‍ സാംസ്. ടി-20 ബ്ലാസ്റ്റില്‍ എസക്‌സും മിഡില്‍സെക്‌സും തമ്മില്‍ നടന്ന മത്സരത്തിലാണ് കാറ്റിനെ പോലും നാണിപ്പിക്കുന്ന വേഗത്തില്‍ സാംസ് റണ്ണടിച്ചുകൂട്ടിയത്.

24 പന്തില്‍ നിന്നും എട്ട് സിക്‌സറിന്റെയും രണ്ട് ബൗണ്ടറിയുടെയും അകമ്പടിയോടെ 67 റണ്‍സാണ് ഡാനിയല്‍ സാംസ് അടിച്ചെടുത്തത്. 279.17 എന്ന അവിശ്വസനീയമായ സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

ആറാം നമ്പറില്‍, 14ാം ഓവറിലാണ് താരം ക്രീസിലെത്തുന്നത്. ഒടുവില്‍ അവസാന ഓവറിലെ അഞ്ചാം പന്തില്‍ നഥാന്‍ ഫെമാന്‍സിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ചായി മടങ്ങുമ്പോഴേക്കും ഡാനിയല്‍ സാംസ് മിഡില്‍സെക്‌സിന് മേല്‍ നാശം വിതച്ചിരുന്നു.

ഐ.പി.എല്‍ 2023ല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗമായ സാംസിന് സീസണില്‍ ഒറ്റ മത്സരം പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല. അടിസ്ഥാന വിലയായ 75 ലക്ഷത്തിനാണ് താരം ടീമിലെത്തിയത്. നേരത്തെ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയും സാംസ് കളിച്ചിട്ടുണ്ട്.

അതേസമയം, ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയീസ് സ്‌റ്റേണ്‍ നിയമപ്രകാരം എസക്‌സ് 22 റണ്‍സിന് വിജയിച്ചിരുന്നു. 139 റണ്‍സ് ടാര്‍ഗെറ്റുമായി കളത്തിലിറങ്ങിയ മിഡില്‍സെക്‌സിന് 116 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

റണ്ണൊഴുകിയ മത്സരത്തില്‍ നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ എസക്‌സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 47 റണ്‍സാണ് ഓപ്പണര്‍മാര്‍ പടുത്തുയര്‍ത്തിയത്. അഞ്ചാം ഓവറിലെ അഞ്ചാം പന്തില്‍ ആദ്യ വിക്കറ്റായി ഫിറോസ് ഖുഷിയാണ് പുറത്തായത്. ഏഴ് പന്തില്‍ നിന്നും ഏഴ് റണ്‍സാണ് താരം നേടിയത്.

ടീം സ്‌കോര്‍ 83ല്‍ നില്‍ക്കവെ ഓപ്പണര്‍ ഡാന്‍ ലോറന്‍സും പുറത്തായി. 30 പന്തില്‍ നിന്നും 53 റണ്‍സ് നേടിയാണ് താരം കളം വിട്ടത്. വണ്‍ ഡൗണായെത്തിയ മൈക്കല്‍ പെപ്പറും ഒട്ടും മോശമാക്കിയില്ല. ആറ് സിക്‌സറിന്റെയും നാല് ബൗണ്ടറിയുടെയും അകമ്പടിയോടെ 34 പന്തില്‍ നിന്നും 64 റണ്‍സാണ് താരം നേടിയത്.

നാലാമന്‍ റോബിന്‍ ദാസിനും (7) അഞ്ചാമന്‍ പോള്‍ വാല്‍ട്ടറിനും (19) ശേഷമാണ് സാംസ് ക്രീസിലെത്തിയത്. ടോട്ടല്‍ കാര്‍ണേജ് എന്ന് വിശേഷിപ്പിക്കാന്‍ പോന്ന തരത്തിലുള്ള സംഭവങ്ങള്‍ക്കാണ് ശേഷം ലോര്‍ഡ്‌സ് സാക്ഷിയായത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സാണ് എസക്‌സ് അടിച്ചെടുത്തത്.

എന്നാല്‍ ഡി.എല്‍.എസ് നിയമപ്രകാരം വിജയലക്ഷ്യം 139 റണ്‍സായി പുനര്‍നിര്‍ണയിക്കുകയായിരുന്നു.

139 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ മിഡില്‍സെക്‌സിന് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഈ വിജയത്തിന് പിന്നാലെ സൗത്ത് സോണ്‍ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും എസക്‌സിനായി. ഒമ്പത് മത്സരത്തില്‍ നിന്നും ഏഴ് ജയവും രണ്ട് തോല്‍വിയുമായി 14 പോയിന്റോടെയാണ് എസക്‌സ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഒന്നാം സ്ഥാനത്തുള്ള സോമര്‍സെറ്റിനും രണ്ടാം സ്ഥാനത്തുള്ള സറേക്കും 14 പോയിന്റാണെങ്കിലും റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനങ്ങള്‍ നിര്‍ണയിക്കപ്പെട്ടത്.

ജൂണ്‍ 19ന് ഇന്ത്യന്‍ സമയം 11.30നാണ് എസക്‌സിന്റെ അടുത്ത മത്സരം. ചെംസ്‌ഫോര്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ സോമര്‍സെറ്റാണ് എതിരാളികള്‍.

 

 

 

Content Highlight: Daniel Sams’ brilliant batting performance in Vitality Blast