തനിക്ക് നേരെ പഴമെറിഞ്ഞ യുവാവിനെ തിരികെ ജോലിയിലെടുക്കണമെന്ന് ഡാനി ആല്‍വ്‌സ്
DSport
തനിക്ക് നേരെ പഴമെറിഞ്ഞ യുവാവിനെ തിരികെ ജോലിയിലെടുക്കണമെന്ന് ഡാനി ആല്‍വ്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th May 2014, 11:34 am

[] ബാഴ്‌സലോണ: ഫുട്‌ബോളിലെ വംശീയവെറി വിളിച്ചോതിയ വാഴപ്പഴമേറ് സംഭവത്തില്‍ പ്രതിയായ സ്പാനിഷ് യുവാവിന് ജോലി തിരികെ നല്‍കണമെന്ന് ബാഴ്‌സലോണ താരം ഡാനി ആല്‍വ്‌സ്. മത്സരത്തിനിടെ ആല്‍വ്‌സിന് നേരെ പഴമെറിഞ്ഞ സംഭവം വിവാദമായതിനെത്തുടര്‍ന്ന്  യുവാവിനെ സ്പാനിഷ് പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇതിന് പ്രതികരണമായാണ് കറ്റാലന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആല്‍വ്‌സ് നിലപാട് വ്യക്തമാക്കിയത്.

എന്റെ ഏക പ്രശ്‌നം ആ യുവാവിന് ജോലി നഷ്ടപ്പെട്ടു എന്നുള്ളതാണ്. ആരെയെങ്കിലും വേദനിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ജോലി തിരികെക്കൊടുക്കണം. അയാളൊരു തമാശ കാണിച്ചതാണ്, പ്രശ്‌നം ആ രീതിയില്‍ കാണണം- ഡാനി ആല്‍വ്‌സ് ആവശ്യപ്പെട്ടു.

ആല്‍വ്‌സിന് നേരെയുണ്ടായ വംശീയാധിക്ഷേപത്തിന്റെ ഉത്തരവാദിത്വം ചുമത്തി  വിയ്യാറയല്‍ ക്ലബ്ബിന് സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ 17,000 ഡോളര്‍(10 ലക്ഷം രൂപ) പിഴ ചുമത്തിയിരുന്നു. സ്പാനിഷ് പോലീസിന്റെ അറസ്റ്റിലായ യുവാവ് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റത്തിന് നിയമനടപടി നേരിടുകയാണ്.

വിയ്യാറയല്‍ ക്ലബ്ബ് തുടര്‍ന്നുള്ള മത്സരങ്ങളില്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് യുവാവിനെ വിലക്കുകയും ക്ലബ് അംഗത്വം റദ്ദാക്കുകയും ചെയ്തിരുന്നു. വിയ്യാറയല്‍ ജൂനിയര്‍ ടീമിന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായും സ്പാനിഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്പാനിഷ് ഫുട്‌ബോള്‍ ലീഗ് മത്സരത്തിനിടെ ഏപ്രില്‍ 27നാണ് യുവാവ് ഡിഫന്‍ഡര്‍ ഡാനി ആല്‍വ്‌സിന് നേരെ വാഴപ്പഴം എറിഞ്ഞത്. എന്നാല്‍ ആല്‍വ്‌സ് മൈതാനത്ത് നിന്ന് പഴമെടുത്ത് കഴിച്ചാണ് പ്രതികരിച്ചത്. ഈ ദൃശ്യങ്ങള്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്യുകയും സംഭവം ലോകവ്യാപകമായി വംശീയതയ്‌ക്കെതിരായുള്ള കാംപയിന് വഴിയൊരുക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ആല്‍വ്‌സിനെ പിന്തുണച്ച് നിരവിധി താരങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.