ബെംഗളൂരു: പാരമ്പര്യത്തിന്റെ പേരില്‍ കര്‍ണാടകയിലെ ഒരു ക്ഷേത്രോത്സവത്തില്‍ ബലിയര്‍പ്പിക്കുന്ന മൃഗങ്ങളുടെ മാംസം ദളിതരക്കൊണ്ട് നിര്‍ബന്ധപൂര്‍വം കഴിപ്പിക്കുന്നു എന്ന് പരാതി. പാരമ്പര്യമായി തുടരുന്നു ഈ പരിപാടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടന പരാതി നല്‍കി.
കര്‍ണാടകയിലെ സുരപുര താലൂക്കിലെ ദേവീരകേര ഗ്രാമത്തില്‍ നടക്കുന്ന ഉത്സവത്തിലാണ് ബലിയര്‍പ്പിക്കുന്ന മൃഗങ്ങളുടെ മാംസം പ്രദേശത്തെ ദളിതരെക്കൊണ്ട് നിര്‍ബന്ധപൂര്‍വം കഴിപ്പിക്കുന്ന പാരമ്പര്യം നിലനില്‍ക്കുന്നത്. ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘര്‍ഷ് സമിതി ക്രാന്തികാരി യൂണിറ്റ് സംഘടന ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന ക്രാന്തിയാണ് ഉന്നത പൊലീസ് മേധാവികള്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് കമ്മീഷണര്‍, യദ്ഗിര്‍ ജില്ല പൊലീസ് സൂപ്രണ്ട് എന്നിവര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.
ഡിസംബര്‍ 18, 19 തിയ്യതികളിലാണ് ഈ വര്‍ഷത്തെ ഉത്സവം നടക്കുന്നത്. ദേവീകേര ഉത്സവം എന്നറിയപ്പെടുന്ന ഈ ആഘോഷത്തില്‍ എല്ലാവര്‍ഷവും പത്തിലധികം മാടുകളെ ബലിയര്‍പ്പിക്കാറുണ്ട്. ഇവയുടെ മാംസമാണ് പാരമ്പര്യമെന്ന പേരില്‍ പ്രദേശത്തെ ദളിതരെക്കൊണ്ട് നിര്‍ബന്ധപൂര്‍വം കഴിപ്പിക്കുന്നത്.
കഴിക്കുന്നതില്‍ നിന്ന് വിട്ടുനിന്നാലോ കഴിക്കാന്‍ വിസമ്മതിച്ചാലോ ഗ്രാമത്തില്‍ നിന്ന് പുറത്താക്കലുള്‍പ്പെടെയുള്ള ബഹിഷ്‌കരണങ്ങള്‍ക്ക് കാരണമാകുന്നു എന്നും ദളിത് സംഘടന നല്‍കിയ പരാതിയില്‍ പറയുന്നു. ബലി നടത്താനായി വ്യാപക പണം പിരിവ് നടക്കുന്നുണ്ടെന്നും എതിര്‍ത്ത് സംസാരിക്കാന്‍ കഴിയാറില്ലെന്നും പറയുന്ന പരാതിയില്‍ ഇത് അവസാനിപ്പിക്കാന്‍ നടപടി വേണമെന്നും ആവശ്യപ്പെടുന്നുണ്ട്.
content highlights: Dalits forced to eat sacrificial animal meat, ban on refusal: complaint