പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തവര്‍ക്കെതിരെ പൊലീസ് കേസെടുത്തില്ല; യു.പിയില്‍ ദളിത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
national news
പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തവര്‍ക്കെതിരെ പൊലീസ് കേസെടുത്തില്ല; യു.പിയില്‍ ദളിത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th May 2023, 9:33 am

ലഖ്‌നൗ: പതിനഞ്ചുകാരിയായ മകളെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പൊലീസ് കേസെടുക്കാത്തതില്‍ മനംനൊന്ത് കര്‍ഷകനായ ദളിത് പിതാവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ പിലിബിട്ട് ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കഴിഞ്ഞ മെയ് ഒമ്പതിനാണ് മകളെ കാണാതായതായി പരാതിപ്പെട്ട് 44കാരനായ പിതാവ് സമീപത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനോ അന്വേഷണം നടത്താനോ തയ്യാറായില്ല.

പിറ്റേന്ന് മകള്‍ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. തന്നെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയെന്നും അതിലൊരാളുടെ വീട്ടില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്‌തെന്നും പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് പിതാവ് പൊലീസ് സ്റ്റേഷനിലെത്തി വീണ്ടും പരാതി നല്‍കിയിരുന്നതായി പെണ്‍കുട്ടിയുടെ സഹോദരനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, പ്രതികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി വീണ്ടും കേസെടുക്കാന്‍ പൊലീസ് വിസമ്മതിച്ചു. നാല് പ്രതികളും ചേര്‍ന്ന് പെണ്‍കുട്ടിയെയും പിതാവിനെയും ഭീഷണിപ്പെടുത്തുകയും കേസുമായി മുന്നോട്ട് പോയാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പ്രതികള്‍ മെയ് 16ന് പെണ്‍കുട്ടിയുടെ പിതാവിനെതിരെ കള്ളക്കേസ് കൊടുക്കുകയും, പൊലീസ് അദ്ദേഹത്തെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം തന്നെ പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.

പ്രതികളായ നാല് പേര്‍ കാരണമാണ് തന്റെ പിതാവ് ആത്മഹത്യ ചെയ്യേണ്ടി വന്നതെന്ന് സഹോദരന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പൊലീസിന്റെ അനാസ്ഥ കാരണമാണ് ദളിത് കര്‍ഷകന്‍ ആത്മഹത്യ ചെയ്യേണ്ടി വന്നതെന്ന് മരിച്ച കര്‍ഷകന്റെ ബന്ധുക്കള്‍ ആരോപിച്ചു.

സംഭവം വിവാദമായതോടെ നാലു യുവാക്കളെയും പ്രതികളാക്കി പൊലീസിന് കേസെടുക്കേണ്ടി വന്നു. പോക്‌സോ കേസ് ഉള്‍പ്പെടെ തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം, ആത്മഹത്യക്ക് കാരണമായി, ഗുഢാലോചന എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു. എസ്.സി, എസ്.ടി വകുപ്പുകള്‍ പ്രകാരവും പ്രതികള്‍ക്കെതിരെ കേസുകള്‍ ചുമത്തിയിട്ടുണ്ട്.

അതേസമയം, പെണ്‍കുട്ടിയെ കണ്ടെത്തിയതിന് അടുത്ത ദിവസം തന്നെ ഇരു കൂട്ടരേയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഒത്തുതീര്‍പ്പാക്കി വിട്ടിരുന്നുവെന്നും ഇരു വിഭാഗക്കാരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വിഷമത്തിലാകാം കര്‍ഷകന്‍ ആത്മഹത്യ ചെയ്തതെന്ന് പിലിബിട്ട് എസ്.പി അതുല്‍ ശര്‍മ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. എ.എസ്.പിയെ അന്വേഷണത്തിന് നിയമിച്ചതായും സംഭവം വിശദമായി അന്വേഷിക്കുമെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു.

content highlights: dalit father suicided after daughter’s rape in up