രോഹിത് വെമുലയുടെ ദളിത് സര്‍ട്ടിഫിക്കറ്റ് ഇതുവരേയും കിട്ടിയില്ലന്ന് പൊലീസ്
Rohit Vemula
രോഹിത് വെമുലയുടെ ദളിത് സര്‍ട്ടിഫിക്കറ്റ് ഇതുവരേയും കിട്ടിയില്ലന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd December 2017, 11:37 pm

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വ്വകലാശാല ദളിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യാ കേസില്‍ നിയമ സഹായം തേടി സൈദ്രാബാദ് പൊലീസ്. റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗത്ത് നിന്നും വെമുല ദളിത് ആണോ അല്ലയോ എന്ന് കൃത്യമായ വിവരം ലഭിച്ചാലേ തുടര്‍ നടപടികള്‍ എടുക്കാനാകൂ എന്നും ഇതിനായി നിയമ സഹായം തേടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

മാധ്യമങ്ങള്‍ പൊലീസിനെ പഴിചാരരുതെന്നും റവന്യൂ വകുപ്പില്‍നിന്നും വെമുല ദളിത് ആണോ അല്ലയോ എന്ന് വിവരം കിട്ടണം എന്നും സൈബ്രാബാദ് പോലീസ് കമ്മീഷണര്‍ സന്ദീപ് സാന്ധില്യ പറഞ്ഞു. ആ റിപ്പേര്‍ട്ട് ഇതുവരെ കിട്ടാത്തതാണ് അന്വേഷണം വൈകാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രോഹിത് വെമുല എസ്.സി കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടാണ് കലക്റ്ററില്‍ നിന്നും കിട്ടിയതെന്നും ഇക്കാര്യത്തില്‍ വ്യക്തത നല്‍കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഗുണ്ടൂര്‍ തഹസില്‍ദാര്‍ നല്‍കിയ രേഖകള്‍ പ്രകാരം ആന്ധ്രപ്രദേശിലെ ദളിത് വിഭാഗമായ “മാല” വിഭാഗത്തില്‍പ്പെടുന്നയാളാണ് രോഹിത് ചക്രവര്‍ത്തി വെമുല, രോഹിതിന്റെ കുടുംബം ദാരിദ്രരേഖയ്ക്ക് താഴെയാണെന്നും രേഖകള്‍ തെളിയിക്കുന്നതായി കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. രോഹിതിന്റെ മുത്തശ്ശിയും അനുകൂലമായ തെളിവുകള്‍ നല്‍കിയിരുന്നു.

രോഹിതിന്റെ മരണത്തിന്റെ പിന്നാലെ തന്റെ മകന്‍ ഒബിസി വിഭാഗത്തില്‍പ്പെട്ട “”വേടേര”” സമുദായംഗമാണെന്ന വാദവുമായി പിതാവ് മണികുമാര്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ രോഹിതിന്റെ മാതാവ് രാധിക വെമുല ഇക്കാര്യം നിഷേധിച്ചിരുന്നു. മണികുമാര്‍ തന്നെയും കുട്ടികളെയും വളരെ നേരത്തെ തന്നെ ഉപേക്ഷിച്ചിരുന്നുവെന്നും മാല വിഭാഗക്കാര്‍ താമസിക്കുന്ന ഗ്രാമത്തിലാണ് തങ്ങള്‍ ജീവിച്ചതെന്നും രാധിക വെമുല വ്യക്തമാക്കിയിരുന്നു.

2016 ജനുവരി 17നാണ് ഹൈദരാബാദ് സര്‍വകലാശാലയിലെ ശാസ്ത്രസാങ്കേതിക വിഭാഗത്തിലെ രണ്ടാംവര്‍ഷ ഗവേഷണവിദ്യാര്‍ഥിയായ രോഹിത് വെമുലയെ സഹവിദ്യാര്‍ഥിയുടെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.