മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം; അഞ്ച് ദിവസത്തിനകം നടപടിയെടുക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ അഞ്ചുദിവസത്തിനകം നടപടിയെടുക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഡി.ജി.പിയോട് നിര്‍ദ്ദേശിച്ചു.
ഉദ്യോഗസ്ഥരുടെ വീഴ്ചയും പരിശോധിക്കണമെന്ന് കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ കേസ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ അന്വേഷിക്കുകയാണ്.
കേസില്‍ പ്രതികളുടെ വിശദാംശങ്ങള്‍ തേടി നേരത്തെ പൊലീസ് ഫേസ്ബുക്കിന് കത്തയച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായത്. അപകീര്‍ത്തികരവും, മാനഹാനിയുണ്ടാക്കുന്നതുമായ പ്രചരണങ്ങളും ലൈംഗിക ചുവയുള്ളതുമാണെന്ന് ഡി.ഐ.ജി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മാധ്യമ പ്രവര്‍ത്തകരായ നിഷ പുരുഷോത്തമനും എം.ജി കമലേഷിനും പ്രജുലയ്ക്കുമെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള അധിക്ഷേപ പ്രചരണം നടന്നിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പരാതി നല്‍കിയത്.
നേരത്തെ നിഷ പുരുഷോത്തമനെതിരെ അധിക്ഷേപ പോസ്റ്റിട്ട ദേശാഭിമാനി ജീവനക്കാരനെതിരെ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി. രാജീവ് പറഞ്ഞിരുന്നു.