Entertainment
ഒരു ദിവസം മമ്മൂക്ക വിളിച്ച് അക്കാര്യം പറഞ്ഞപ്പോള്‍ എനിക്കാകെ ടെന്‍ഷനായി; സിനിമ നടക്കില്ലേയെന്ന് തോന്നി: ഡീനോ ഡെന്നീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 06, 03:01 am
Sunday, 6th April 2025, 8:31 am

മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. 2023ല്‍ അനൗണ്‍സ് ചെയ്ത ചിത്രമായിരുന്നു ഇത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും ഗെറ്റപ്പും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ ടീസറിനും ട്രെയ്ലറിനും വന്‍ വരവേല്പായിരുന്നു ലഭിച്ചത്. നവാഗതനായ ഡീനോ ഡെന്നിസിനോടൊപ്പം മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ബസൂക്ക. ഏപ്രില്‍ 10ന് ചിത്രം തിയേറ്ററുകളിലെത്തും.

ബസൂക്കയെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ഡീനോ ഡെന്നീസ്. തിരക്കഥാകൃത്താകാനായിരുന്നു തനിക്ക് താത്പര്യമെന്നും ബസൂക്കയുടെ കഥ മമ്മൂട്ടിയോട് പറഞ്ഞപ്പോഴും സംവിധായകന്‍ വേറെ ആളായിരിക്കുമെന്നാണ് അറിയിച്ചതെന്നും ഡീനോ ഡെന്നീസ് പറയുന്നു.

മമ്മൂക്കയെ വെച്ച് ഇത്തരത്തിലൊരു വിഷയം സംവിധാനം ചെയ്യുക എന്നത് തുടക്കക്കാരനെന്ന നിലയില്‍ വലിയ ബുദ്ധിമുട്ടുള്ളതാണ്. ചിന്തിക്കാന്‍പോലും പറ്റാത്ത കാര്യമായിരുന്നു – ഡീനോ ഡെന്നീസ്

ഒരു ദിവസം മമ്മൂട്ടി തന്നെ വിളിച്ച് തന്നോട് തന്നെ സിനിമ സംവിധാനം ചെയ്യാന്‍ പറഞ്ഞെന്നും അത് കേട്ട് തനിക്ക് ടെന്‍ഷനായി പ്രൊജക്ട് നടക്കില്ലേയെന്ന് തോന്നിയെന്നും ഡീനോ പറഞ്ഞു. സ്‌ക്രിപ്റ്റ് ചെയ്‌തോളാം സംവിധാനം പിന്നീട് ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ താന്‍തന്നെ ചെയ്താല്‍ മതിയെന്ന് മമ്മൂട്ടി പറഞ്ഞെന്നും അങ്ങനെയാണ് ബസൂക്ക ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഡീനോ ഡെന്നീസ്.

‘സിനിമയിലെത്തണം, തിരക്കഥാകൃത്ത് ആവണം എന്ന ആഗ്രഹവുമായി നടക്കുകയാണ് ഞാന്‍. സംവിധാനം ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. മമ്മൂക്കയെ വെച്ച് ഇത്തരത്തിലൊരു വിഷയം സംവിധാനം ചെയ്യുക എന്നത് തുടക്കക്കാരനെന്ന നിലയില്‍ വലിയ ബുദ്ധിമുട്ടുള്ളതാണ്. ചിന്തിക്കാന്‍പോലും പറ്റാത്ത കാര്യമായിരുന്നു.

സംവിധാനം പിന്നീട് ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ നീ തന്നെ ചെയ്താല്‍ മതി. നീ ചെയ്യുന്നതാണ് കൂടുതല്‍ നല്ലതെന്ന് മമ്മൂക്ക പറഞ്ഞു

മമ്മൂക്കയോട് കഥ പറഞ്ഞശേഷം സംവിധായകന്‍ ആരാണെന്ന ചോദ്യത്തിന് ഒന്നുരണ്ട് പേരുകള്‍ ഞാന്‍ പറഞ്ഞു. ആയിട്ടില്ല, പിന്നീട് തീരുമാനിക്കാം എന്നാണ് മമ്മൂക്ക പറഞ്ഞത്. പിന്നീട് ഒരു ദിവസം മമ്മൂക്ക എന്നെ വിളിച്ച് എന്നോട് തന്നെ സിനിമ സംവിധാനം ചെയ്യാന്‍ പറഞ്ഞു. എന്റെ അച്ഛനോടും ഇക്കാര്യം പറഞ്ഞു. എനിക്കത് വലിയ ടെന്‍ഷനായി. പ്രൊജക്ട് നടക്കില്ലേ എന്ന ആശങ്കയായിരുന്നു.

വേണ്ട, ആദ്യം ഞാന്‍ സ്‌ക്രിപ്റ്റ് ചെയ്‌തോളാം. സംവിധാനം പിന്നീട് ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ നീ തന്നെ ചെയ്താല്‍ മതി. നീ ചെയ്യുന്നതാണ് കൂടുതല്‍ നല്ലതെന്ന് മമ്മൂക്ക പറഞ്ഞു. പിന്നീട് ഒരുപാട് ചര്‍ച്ചകള്‍ക്കുശേഷം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. അതില്‍ കൂടുതല്‍ വര്‍ക്കുചെയ്യാന്‍ തുടങ്ങി,’ ഡീനോ ഡെന്നീസ് പറയുന്നു.

Content Highlight: Deeno Dennis Talks About Mammootty And Bazookka Movie