national news
വഖഫ് ബില്ലിനെതിരെ പ്രതിഷേധിച്ചു; മുസാഫർനഗറിൽ 24 പേരോട് രണ്ട് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കാൻ ആവശ്യപ്പെട്ട് സർക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 06, 01:27 am
Sunday, 6th April 2025, 6:57 am

ലഖ്‌നൗ: വഖഫ് ബില്ലിനെതിരെ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചതിന് 24 പേർക്കെതിരെ നടപടിയെടുത്തത് ഉത്തർപ്രദേശ് സർക്കാർ. 2025ലെ വഖഫ് (ഭേദഗതി) ബില്ലിനെതിരെ പ്രതിഷേധിച്ചതിന് പിന്നാലെ ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ 24 പേർക്കെതിരെ അധികൃതർ നോട്ടീസ് അയയ്ക്കുകയും ഓരോരുത്തരും രണ്ട് ലക്ഷം രൂപയുടെ ബോണ്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങളിലൂടെ 24 പേരെ തിരിച്ചറിഞ്ഞതായും തുടർന്ന് അവർക്ക് നോട്ടീസ് നൽകിയതായും പൊലീസ് സൂപ്രണ്ട് (സിറ്റി) സത്യനാരായണ പ്രജാപത് മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി മജിസ്ട്രേറ്റ് വികാസ് കശ്യപ് നോട്ടീസ് പുറപ്പെടുവിച്ചു. ഏപ്രിൽ 16ന് കോടതിയിൽ ഹാജരായ ശേഷം പ്രതിഷേധിച്ചവർ ഓരോരുത്തരും രണ്ട് ലക്ഷം രൂപയുടെ ബോണ്ട് സമർപ്പിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ മാർച്ച് 28 വെള്ളിയാഴ്ച മുസാഫർനഗറിലെ വിവിധ പള്ളികളിൽ റംസാൻ പ്രാർത്ഥനക്ക് ശേഷം കൈകളിൽ കറുത്ത ബാഡ്ജ് ധരിച്ച് ഒരു കൂട്ടം ആളുകൾ 2025 ലെ വഖഫ് (ഭേദഗതി) ബില്ലിനെതിരെ പ്രതിഷേധിക്കുന്നതായി പൊലീസ് കണ്ടെത്തി.

വഖഫ് (ഭേദഗതി) ബില്ലിനെതിരെ പ്രതിഷേധിക്കുന്നതിനായി റംസാനിലെ അവസാന വെള്ളിയാഴ്ചയായ ജുമാത്ത്-ഉൽ-വിദയിൽ രാജ്യമെമ്പാടുമുള്ള മുസ്‌ലിങ്ങൾ കൈത്തണ്ടയിൽ കറുത്ത ബാഡ്ജ് ധരിക്കണമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് (AIMPLB) ആവശ്യപ്പെട്ടിരുന്നു.

സമാധാനപരവും ജനാധിപത്യപരവുമായ രീതിയിൽ പ്രതിഷേധം പ്രകടിപ്പിക്കാൻ വേണ്ടി മാത്രമാണ് കറുത്ത ബാഡ്ജ് ധരിച്ചതെന്നും, പൊതുക്രമം തകർക്കാനോ സംഘർഷം സൃഷ്ടിക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്നും അത്തരത്തിൽ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്നും നോട്ടീസ് ലഭിച്ചവർ പറഞ്ഞു.

അതേസമയം രാജ്യവ്യാപക പ്രതിഷേധങ്ങൾക്കിടയിലും വഖഫ് ഭേദഗതി ബിൽ 2025ന് രാഷ്‌ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. ഇരുസഭകളിലെയും മണിക്കൂറുകളോളം നീണ്ട ചർച്ചകൾക്ക് ശേഷം പാർലമെന്റ് വിവാദപരമായ നിയമനിർമാണം പാസാക്കി ദിവസങ്ങൾക്ക് ശേഷം തന്നെ ബില്ലിന് അംഗീകാരം ലഭിച്ചിരിക്കുകയാണ്.

ബില്ലില്‍ ഒപ്പ് വയ്ക്കരുതെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും മുസ്‌ലിം ലീഗും രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചിരുന്നു. ബില്ലിനെതിരെ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ സുപ്രീകോടതിയെ സമീപിക്കാനുള്ള നീക്കത്തിലുമായിരുന്നു. ഇതിനിടയിലാണ് രാഷ്ട്രപതി ബില്ലിൽ ഒപ്പുവെക്കുന്നത്.

Content Highlight: Notices issued against 24 people for protesting against Waqf Bill by wearing black badges in UP’s Muzaffarnagar