ഹവാന: ക്യൂബയെ ഭീകരവാദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ശക്തമായ വിമര്‍ശനവുമായി ക്യൂബ.
അമേരിക്കയിലെ പരാജയപ്പെട്ടതും അഴിമതി നിറഞ്ഞതുമായ സര്‍ക്കാര്‍ അവസാനഘട്ടത്തില്‍ ക്യൂബയ്ക്ക് മേല്‍ എറിഞ്ഞ ആയുധമാണ് ഇതെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗേല്‍ ഡയാസ് കാനല്‍ പറഞ്ഞു.
ട്വിറ്ററിലൂടെയാണ് അദ്ദേഹം വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തി പടിയിറങ്ങാനുള്ള നീക്കമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ക്യൂബയ്‌ക്കെതിരെ ഇതിനും മുന്‍പും അമേരിക്കയില്‍ നിന്ന് ആസൂത്രണം ചെയ്ത ഭീകരവാദ നടപടികളെ ഓര്‍മിച്ചുകൊണ്ടായിരുന്നു നാഷണല്‍ അസംബ്ലി ഓഫ് പീപ്പിള്‍സ് പവര്‍ ഓഫ് ക്യൂബ പ്രതികരിച്ചത്.
അമേരിക്ക മുന്‍പ് ആസൂത്രണം ചെയ്ത ഭീകരവാദ നടപടികള്‍ നമുക്ക് ഭയാനകമായ മനുഷ്യ നാശത്തിനും വലിയ നാശനഷ്ടത്തിനും ഇടയാക്കിയിട്ടുണ്ട്.
അമേരിക്കയുടെ ഈ പ്രവൃത്തിയുടെ ഭാഗമായി ക്യൂബയില്‍ ഏകദേശം 3478 മരണങ്ങളാണ് നടന്നത്. 2099 പേരെ അംഗവൈകല്യമുള്ളവരുമാക്കി. ഇതിനെല്ലാം അവര്‍ ഉത്തരവാദികളാണ്” ക്യൂബന്‍ ഇന്റര്‍നാഷണല്‍ കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വീണ്ടും വഷളാക്കുകയാണ് ട്രംപിന്റെ ലക്ഷ്യമെന്ന് ക്യൂബന്‍ വിദേശകാര്യമന്ത്രി അനയാന്‍സി റോഡ്രിഗസ് പറഞ്ഞു.
അഞ്ച് വര്‍ഷത്തിന് ശേഷമാണ് ക്യൂബയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി അമേരിക്ക വീണ്ടും പ്രഖ്യാപിച്ചത്.
തീവ്രവാദ സംഘടനകള്‍ക്ക് ക്യൂബ സഹായം നല്‍കുന്നു എന്നാരോപിച്ചാണ് നടപടി. അധികാരം ഒഴിയാന്‍ ഒമ്പത് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ട്രംപ് ഭരണകൂടം ക്യൂബയ്ക്ക് മേല്‍ പ്രതികാര നടപടി സ്വീകരിച്ചത്. ഈ നടപടി ക്യൂബയ്ക്ക് ശക്തമായ താക്കീതാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനമേറ്റെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അമേരിക്ക ക്യൂബയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിച്ചത്.
തീവ്രവാദത്തിന്റെ സ്പോണ്‍സറാണ് ക്യൂബ എന്നാണ് ട്രംപ് ഭരണകൂടം ആരോപിക്കുന്നത്. സിറിയ, ഇറാന്‍ നോര്‍ത്ത് കൊറിയ എന്നീ രാജ്യങ്ങളുമായി സഹകരിച്ച് ക്യൂബ പ്രവര്‍ത്തിക്കുന്നു എന്ന ആരോപണവും ട്രംപ് ഭരണകൂടം ഉന്നയിച്ചു.
1982ലാണ് അമേരിക്ക ക്യൂബയെ ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ഇടത് ഗ്രൂപ്പുകളെ ഫിദല്‍ കാസ്ട്രോ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാണിച്ചായിരുന്നു നടപടി.
എന്നാല്‍ 2015ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ക്യൂബയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം ക്യൂബയെ ഭീകരവാദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.