സാന്റിയാഗോ: ചിലിയുടെ മുന്‍ പ്രസിഡന്റും ഏകാധിപതിയുമായിരുന്ന അഗസ്റ്റൊ പിനോഷെറ്റിന്റെ വിധവയുടെ മരണം ആഘോഷമാക്കി ചിലിയിലെ ജനങ്ങള്‍.
99ാം വയസില്‍ അന്തരിച്ച ചിലിയുടെ മുന്‍ പ്രഥമ വനിത മരിയ ലൂസിയ ഹിരിയര്‍ട് റോഡ്രിഗസിന്റെ മരണമാണ് തലസ്ഥാനമായ സാന്റിയാഗോയില്‍ ആഘോഷത്തിന് വഴിയൊരുക്കിയിരിക്കുന്നത്. ഡിസംബര്‍ 16നായിരുന്നു ലൂസിയ ഹിരിയത്ത് അന്തരിച്ചത്.
മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തന്നെ ജനങ്ങള്‍ ആഘോഷങ്ങള്‍ ആരംഭിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആഘോഷത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അഗസ്റ്റൊ പിനോഷെറ്റിന്റെ വംശപരമ്പരയുടെ അവസാനമായാണ് ജനങ്ങള്‍ അയാളുടെ ഭാര്യയുടെ മരണത്തെ നോക്കിക്കാണുന്നത്. 2006ല്‍ പിനോഷെറ്റിന്റെ മരണശേഷവും ചിലിയില്‍ ഒരു ധ്രുവീകരണശക്തിയായി ലൂസിയ ഹിരിയര്‍ട് നിലകൊണ്ടിരുന്നു.
ഈ വരുന്ന ഞായറാഴ്ച ചിലിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ലൂസിയ ഹിരിയര്‍ട്ന്റെ മരണം എന്നതും ശ്രദ്ധേയമാണ്. ഹിരിയര്‍ട്നെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം സ്വാഭാവികമായും ചിലിയില്‍ ഉള്ളതുകൊണ്ട് തന്നെ മരണവാര്‍ത്ത ആളുകള്‍ക്കിടയില്‍ വിരുദ്ധാഭിപ്രായങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.