'ഈ ഐ.പി.എല്‍ സ്‌ക്രിപ്റ്റഡ് ആണെങ്കില്‍ അത് എഴുതിയവന് ഒരു അവാര്‍ഡ് കൊടുക്കണം'
IPL
'ഈ ഐ.പി.എല്‍ സ്‌ക്രിപ്റ്റഡ് ആണെങ്കില്‍ അത് എഴുതിയവന് ഒരു അവാര്‍ഡ് കൊടുക്കണം'
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st May 2023, 11:06 am

‘ഐ.പി.എല്‍ സ്‌ക്രിപ്റ്റഡ് ആണ്, ഓരോ സീസണിലും ഏത് ടീം വിജയിക്കണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ടാകും. വ്യൂവര്‍ഷിപ്പ് കൂട്ടാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ മത്സരങ്ങള്‍ ക്രമീകരിക്കുന്നത്, ശരിക്കും ഐ.പി.എല്‍ ക്രിക്കറ്റ് ആരാധകരെ വിഡ്ഢികളാക്കുകയാണ്,’ ഐ.പി.എല്ലിന് പ്രചാരം ലഭിച്ചതുമുതല്‍ ക്രിക്കറ്റ് ലോകത്ത് ഉയര്‍ന്നുകേള്‍ക്കുന്ന ഒരു വാദമാണിത്. ഇത് തെറ്റാണെന്ന് പകല്‍ പോലെ വ്യക്തമാണെങ്കിലും ഇന്നും ഒരു ബോറടിയും ഇല്ലാതെ ഒരുകൂട്ടം ‘ആരാധകര്‍’ ഇന്നും ഈ വായ്പ്പാട്ട് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഈ സീസണിലും ഈ പല്ലവിക്ക് മാറ്റമൊന്നുമില്ല. പല ലാസ്റ്റ് ഓവര്‍ ത്രില്ലറുകളും അട്ടിമറികളും നടന്നപ്പോഴെല്ലാം തന്നെ ഈ വാദം ഉയര്‍ന്നുവന്നിരുന്നു. ലിഗ് സ്റ്റേജിന്റെ 80 ശതമാനം മത്സരങ്ങള്‍ക്ക് ശേഷവും ഒരു ടീമിനും വ്യക്തമായ അഡ്വാന്റേജ് ലഭിക്കാത്തതും അവസാന സ്ഥാനക്കാര്‍ക്ക് വരെ പ്ലേ ഓഫിന് സാധ്യത കല്‍പിക്കുകയും ചെയ്തതോടെയാണ് ‘ഐ.പി.എല്‍ സ്‌ക്രിപ്റ്റഡ് ആണേ’ എന്ന വാദം ശക്തമായത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെട്ടതോടെയാണ് ഈ സീസണില്‍ മാച്ച് ഫിക്‌സിങ്ങിന്റെ ആരോപണങ്ങളും ഉയര്‍ന്നു. സിനിമയെ വെല്ലുന്ന സ്‌ക്രിപ്റ്റ് എന്നാണ് വിമര്‍ശകര്‍ ഈ മത്സരത്തെ വിശേഷിപ്പിക്കുന്നത്.

മത്സരത്തില്‍ സന്ദീപ് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ സണ്‍റൈസേഴ്‌സിന് വിജയിക്കാന്‍ 17 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ഡബിള്‍ നേടിയ അബ്ദുള്‍ സമദ് തൊട്ടടുത്ത് പന്ത് സിക്‌സറിന് തൂക്കി. അടുത്ത പന്തില്‍ രണ്ട് റണ്‍സ് കൂടി പിറന്നതോടെ വിജയിക്കാന്‍ അവസാന മൂന്ന് പന്തില്‍ ഏഴ് റണ്‍സ് എന്ന നിലയിലേക്കെത്തി.

നാല്, അഞ്ച് പന്തുകളില്‍ സിംഗിളുകള്‍ പിറന്നതോടെ അവസാന പന്തില്‍ സണ്‍റൈസേഴ്‌സിന് വിജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്ന നിലയിലായി. അവസാന പന്തില്‍ ഷോട്ടിന് ശ്രമിച്ച സമദ് ബട്‌ലറിന്റെ കയ്യില്‍ ഒതുങ്ങിയപ്പോള്‍ രാജസ്ഥാന്‍ ക്യാമ്പില്‍ വിജയാഘോഷം തുടങ്ങി.

എന്നാല്‍ ഓവര്‍ സ്‌റ്റെപ്പിങ്ങിന്റെ പേരില്‍ അമ്പയര്‍ നോ ബോള്‍ വിളിക്കുകയും അവസാന പന്തില്‍ സമദ് സിക്‌സര്‍ നേടി ഹൈദരാബാദിനെ വിജയിപ്പിക്കുകയും ചെയ്തപ്പോള്‍ ഹൈദരാബാദിന്റെ വിജയാഘോഷത്തേക്കാള്‍ ഉയര്‍ന്നുകേട്ടത് ഐ.പി.എല്‍ സ്‌ക്രിപ്റ്റഡ് ആണെന്ന വാദമായിരുന്നു.

 

 

ഇതിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ സന്ദീപ് ശര്‍മ ധോണിയെ പിടിച്ചുകെട്ടിയപ്പോഴും റിങ്കു സിങ് തുടര്‍ച്ചയായി അഞ്ച് പന്തില്‍ സിക്‌സര്‍ നേടി കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചപ്പോഴും ഈ മുറവിളി ഉയര്‍ന്നുകേട്ടിരുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിന് പിന്നാലെയാണ് സ്‌ക്രിപ്റ്റഡ് വാദം അവസാനമായി പൊങ്ങിവന്നത്. ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ലഖ്‌നൗ ഒറ്റ റണ്‍സിന് വിജയിക്കുകയും പ്ലേ ഓഫിലേക്ക് പ്രവേശിക്കുകയും ചെയ്‌തോടെയാണ് ഇവര്‍ വീണ്ടുമെത്തിയത്.

നേരത്തെ ഖത്തറില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പ് സ്‌ക്രിപ്റ്റഡാണെന്നും മെസിക്ക് കപ്പ് നേടാന്‍ വേണ്ടി എഴുതി തയ്യാറാക്കിയ തിരക്കഥയാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൗദിയോട് ആദ്യ മത്സരത്തില്‍ തോറ്റതെന്ന് പോലും ഇവര്‍ ചൂണ്ടിക്കാണിച്ചു. ഒടുവില്‍ അര്‍ജന്റീന കപ്പുയര്‍ത്തിയപ്പോള്‍ ഈ വാദക്കാരെ കായിക ലോകമൊന്നാകെ പുച്ഛത്തോടെയും സഹതാപത്തോടെയും നോക്കിയപ്പോഴും തങ്ങളുടെ വാദഗതികള്‍ വിജയിച്ചു എന്ന സംതൃപ്തിയാണ് ഇവര്‍ക്കുണ്ടായിരുന്നത്.

 

ഇത്തരത്തില്‍ ആദ്യമേ എഴുതിവെച്ച ഒരു തിരക്കഥയില്‍ മത്സരങ്ങളോ ടൂര്‍ണമെന്റോ നടത്താന്‍ സാധിക്കില്ലെന്ന് വ്യക്തമാണെങ്കിലും ഒരു കൂട്ടം ആരാധകര്‍ ഇപ്പോഴും ഐ.പി.എല്‍ സ്‌ക്രിപ്റ്റഡ് ആണെന്ന വാദം ഉയര്‍ത്തുന്നു. ഈ സീസണില്‍ ആര് വിജയിച്ചാലും ഇവര്‍ സ്‌ക്രിപ്റ്റഡ് വാദമുയര്‍ത്തും. ചെന്നൈ വിജയിക്കുകയാണെങ്കില്‍ ധോണിയുടെ ലാസ്റ്റ് സീസണില്‍ കപ്പ് നല്‍കി എന്നും ആര്‍.സി.ബി വിജയിക്കുകയാണെങ്കില്‍ 15 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച കോഹ്‌ലിക്ക് ഒരു കപ്പ് പദ്ധതിയാണെന്നും ഇത്തരക്കാര്‍ പറഞ്ഞുകൊണ്ടേയിരിക്കും.

ഈ സീസണ്‍ കഴിഞ്ഞാല്‍ അടുത്ത സീസണില്‍, അതു കഴിഞ്ഞാല്‍ തൊട്ടടുത്ത സീസണില്‍… ഇവരുടെ ഈ വാദത്തിന് ഒരിക്കലും അന്ത്യമുണ്ടാകില്ല.

 

Content highlight: Critics say IPL is scripted even though they know it is wrong