ആര്‍.ആര്‍.ആര്‍ എന്ന രാജമൗലി ചിത്രത്തിലൂടെ പാന് ഇന്ത്യന്‍ ശ്രദ്ധ നേടിയ താരമാണ് ജൂനിയര്‍ എന്‍.ടി.ആര്‍. ചിത്രത്തിലെ കൊമരം ഭീം എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് താരക് കാഴ്ചവെച്ചത്. ആര്‍.ആര്‍.ആറിന് ശേഷം താരം നായകനാകുന്ന ചിത്രമാണ് ദേവര. രണ്ടു ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനമായ ‘ഫിയര്‍ സോങ്’ കഴിഞ്ഞ ദിവസം റിലീസായിരുന്നു.
അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം. ഗാനം റിലീസാകുന്നതിന് സിനിമയുടെ നിര്‍മാതാവ് നാഗ വംശി, ‘ജയിലറിലെ ഹുക്കും എന്ന പാട്ടിനെക്കാള്‍ മികച്ചതാകും ഇത്’ എന്ന് എക്‌സില്‍ കുറിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പാട്ട് റിലീസായ ശേഷം നാഗ വംശിക്ക് നേരെ വലിയ വിമര്‍ശനങ്ങളാണ് വരുന്നത്. അനിരുദ്ധ് സമീപകാലത്ത് ചെയ്ത പാട്ടുകള്‍ വെച്ച് നോക്കുമ്പോള്‍ ഈ പാട്ട് അതിന്റെ ലെവലിലേക്ക് വന്നിട്ടില്ല എന്നായിരുന്നു ആരാധകരുടെ അഭിപ്രായം.
ഹുക്കും എന്ന പാട്ട് നല്‍കിയ അഡ്രിനാലിന്‍ റഷ് മറ്റൊരു പാട്ടിനും ഇതുവരെ തരാന്‍ കഴിഞ്ഞില്ലെന്നും, അനിരുദ്ധ് വിചാരിച്ചാല്‍ പോലും ഇനി അതുപോലെ ഒന്ന് കമ്പോസ് ചെയ്യാന്‍ കഴിയില്ലെന്നുമാണ് പലരും എക്‌സില്‍ പോസ്റ്റ് ചെയ്തത്. അതേസമയം വിജയ് ചിത്രമായ ലിയോയിലെ ബാഡാസ് എന്ന ഗാനവുമായി ഫിയര്‍ സോങിന് സാമ്യതയുണ്ടെന്നും പലരും ആരോപിക്കുന്നുണ്ട്.
സിതാര എന്റര്‍ടൈന്മെന്റ്‌സിന്റെ ബാനറില്‍ കൊരടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജനതാ ഗാരേജിന് ശേഷം ശിവയും എന്‍.ടി.ആറും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ബോളിവുഡ് താരം ജാന്‍വി കപൂറാണ് ചിത്രത്തിലെ നായിക. ബോളിവുഡിലെ സൂപ്പര്‍ താരം സെയ്ഫ് അലിഖാനാണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഒക്ടോബര്‍ പത്തിന് തിയേറ്ററുകളിലെത്തും.
Content Highlight: Criticism to producer Naga Vamsi after the release of Fear song